ദൈവം മനുഷ്യന്റെ സൃഷ്ട്ടാവും കർത്താവും രക്ഷകനും പരിപാലകനും മാത്രമല്ല, യഥാർത്ഥത്തിൽ അവന്റെ സ്നേഹിതനുമാണ്. ആദവും ഹവ്വയുമായി ഏദനിൽ ഉലാത്തുവാൻ ഉടയവൻ സായംകാലങ്ങളിൽ എത്തുമായിരുന്നു (ഉല്പ. 3:8). നീതിമാനായ അവിടുന്ന് കായേന് ശിക്ഷനല്കിയെങ്കിലും അവനു സംരക്ഷണ കവചവും നൽകി (ഉല്പ. 4:15). നീതിമാനായ നോഹയെയും കുടുംബത്തെയും വ്യക്തിപരമായി ഇടപെട്ടു ജലപ്രളയത്തിൽ നിന്നും രക്ഷിച്ചു (ഉല്പ. 6:13-8, 22).
ദൈവം തന്റെ സവിശേഷ, സനാതന സൗഹൃദം പങ്കിടുന്നത് അബ്രാഹവുമായാണ്. അവനെ വിളിച്ച നിമിഷം മുതൽ ഈ നിമിഷം വരെയും (ഈ ലോകാന്ത്യത്തോളം) ഈ സൗഹൃദം അരക്കിട്ടുറപ്പിക്കുകയാണ്; അങ്ങനെതന്നെ തുടരുകയും ചെയ്യും. ഈ സത്യത്തിന്റെ മഹാ ആവിഷ്ക്കാരമാണ് മത്താ. 1:1. “അബ്രാഹത്തിന്റെ പുത്രനായ, ദാവീദിന്റെ പുത്രൻ ഈശോമിശിഹായുടെ വംശാവലി ഗ്രന്ഥം.”
ദൈവം അബ്രാഹത്തെ വിളിച്ചു, വേർതിരിച്ചു സ്വന്തമാക്കുന്ന സംഭവം പ്രവാചകൻ ഹൃദയവർജ്ജകമായി അവതരിപ്പിച്ചിരിക്കുന്നത് ഉല്പ. 12:1-9 ലാണ്. സ്നേഹത്താൽ പ്രേരിതനായി അവന്റെ മേൽ അഖിലേശൻ അനുഗ്രഹപൂമഴ കോരിച്ചൊരിയുന്ന. അബ്രാഹത്തിന്റെ പ്രതിസ്നേഹം പ്രഫുല്ലവും പ്രഭാപൂരിതവും പരമപൂര്ണവുമാണ്. അവൻ ബെഥേലിൽ ഒരു ബലിപീഠം പണിതു, കർത്താവിന്റെ നാമം വിളിച്ചു (ഉല്പ. 12:8). ഒരുവന് ദൈവത്തിനു സമ്മാനിക്കാവുന്ന ഏറ്റം വലിയ പ്രതിസ്നേഹമാണ് ഉചിതമായി അവിടുത്തെ ആരാധിക്കുക എന്നത്. യഥാർത്ഥ ആരാധനയുടെ അടിസ്ഥാനം വിശ്വാസമാണ്. എബ്രഹാം “കർത്താവിൽ വിശ്വസിച്ചു. ദൈവം അത് അവനു നീതീകരണമായി കണക്കാക്കി” (ഉല്പ. 14:6).
അബ്രാഹത്തിന്റെ വിശ്വാസത്തിനും വിശ്വസ്ഥതയ്ക്കും സ്നേഹത്തിനും പ്രതിഫലമായി ആകാശത്തെ നക്ഷത്രങ്ങളെപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും സന്താനപരമ്പരയെ നൽകി അനുഗ്രഹിക്കുമെന്ന വാഗ്ദാനവും ദൈവം നടത്തുന്നു. ഇസഹാക്കിലൂടെ ദൈവത്തിന്റെ വാഗ്ദാനം നിറവേറ്റി. ലോകാവസാനം വരെ അത് തുടർന്നുകൊണ്ടിരിക്കും (cfr ഉല്പ. 15:1-6). ഉടമ്പടി പ്രകാരമുള്ള അബ്രാഹത്തിന്റെ പ്രഥമ സുതൻ ഇസഹാക്കാണ്. അബ്രാഹവുമായുള്ള ഉടമ്പടി ഇസഹാക്കിലൂടെ തുടർന്ന്, യാക്കോബ് വഴി, കൈവഴികളായി ഒഴുകി, ഇന്നും ഓരോ നവജാതശിശുവും വഴി തുടർന്നുകൊണ്ടിരിക്കുന്നു. തിന്മ എത്രയേറെ കിണഞ്ഞു പരിശ്രമിച്ചാലും ദൈവത്തിന്റെ ഉടമ്പടിക്കു വിഘ്‌നം വരുത്താനാവില്ല. കാരണം അവിടുന്ന് സർവ്വശക്തനാണെന്നതും (സാത്താന്റെയും കിങ്കരന്മാരുടെയും സൃഷ്ട്ടാവും അവിടുന്ന് തന്നെ. അവ അസ്തിത്വത്തിൽ തുടരുന്നത് അവിടുത്തെ അനന്തകാരുണ്യം ഒന്നുകൊണ്ടുമാത്രം). വാഗ്ദാനങ്ങളിൽ എപ്പോഴു വിശ്വസ്തനാണെന്നതും തന്നെ. സർവശക്തനായ ഏക ദൈവമാണ് അവിടുന്ന്. അവിടുന്നല്ലാതെ മറ്റൊരു ദൈവവുമില്ല, ഉണ്ടാവുകയുമരുതേ (പുറ. 20:1,2).