ജീസസ് യൂത്തിന്റെ ആനിമേറ്ററും മിഷൻലീഗിന്റെ ജീവനാഡിയുമാണ് പോലീസ് കോൺസ്റ്റബിൾ ശ്രീ. ബാബു 2010 ൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി എറണാകുളത്ത് രജതജൂബിലി ആഘോഷത്തിന് ഒത്തുചേർന്ന മുപ്പതിനായിരത്തോളം യുവത്തിടമ്പുകളുടെ താമസസൗകര്യം ആവുന്നത്ര സുഖപ്രദമായി, സൗകര്യപ്രദമായി ക്രമീകരിച്ചതു ബാബുവിന്റെ നേതൃത്വത്തിലായിരുന്നു. സൈന്യങ്ങളുടെ ദൈവമായ കർത്താവിനെപ്രതിയുള്ള തീഷ്ണതയാൽ ജ്വലിക്കുന്ന (1 രാജാ 19:20) ഈ ക്രിസ്തുവാഹകൻ ഏവർക്കും മാതൃകയാവട്ടെ.
ചെറുപ്പം മുതലേ നല്ല ക്രൈസ്തവ ജീവിതം നയിച്ചുപോന്ന ബാലനായിരുന്നു ഈ മകൻ. കുടുംബ പ്രാർത്ഥനയിലും ദൈവാലയകാര്യങ്ങളിലും വലിയ ശുഷ്കാന്തിയുടെ ഉടമയും കൂട്ടുകാർക്കെല്ലാം ഉത്തമ സുഹൃത്തും, റോൾ മോഡലും, മാതാപിതാക്കൾക്ക് ആശാകേന്ദ്രവും കുടുംബത്തിനു പ്രകാശവും, സർവ്വോപരി പരിശുദ്ധ കുർബ്ബാനയുടെ ഭക്തനുമായിരുന്നു. അനുഗ്രഹീതനായ ഈ കുഞ്ഞു മിഷനറി. ഈ നിമിഷംവരെയും ഇപ്പറഞ്ഞവയൊക്കെ ബാബുവിനെ സംബന്ധിച്ചു വലിയ യാഥാർത്ഥ്യമാണ്.
ഒരിക്കൽ ഒരു വയോവൃദ്ധനെ വളരെ പരിതാപകരമായ അവസ്ഥയിൽ തെരുവോരത്തെവിടെയോ ബാബു കാണുന്നു. അദ്ദേഹത്തിനു സംസാരിക്കാനോ കൈകാലുകൾ ചലിപ്പിക്കാനോ, കണ്ണു തുറന്നു തനിക്കു ചുറ്റും നോക്കാനോ ഒന്നും കഴിയുമായിരുന്നില്ല. അർദ്ധനഗ്നനായി, ഏറ്റം മുഷിഞ്ഞ കീറിപ്പറിഞ്ഞ വേഷത്തിൽ മലമൂത്രവിസർജ്യങ്ങളുടെ മുകളിൽ കിടന്നിരുന്ന ആ ദൈവമകനെ സമീപിച്ചു, വാരിയെടുത്തു നന്നായി കുളിപ്പിക്കുവാനും വിസർജ്ജ്യങ്ങൾ നഗ്നപാണികൾകൊണ്ടു കോരിയെടുത്ത് ടോയ്ലെറ്റിൽ നിക്ഷേപിക്കാനും, അദ്ദേഹം കിടന്നിരുന്ന തറ വൃത്തിയാക്കാനും ശ്രമിക്കുമ്പോൾ, ദുർഗന്ധം അസഹനീയമായി ബാബുവിനു തോന്നിയിരുന്നില്ല. അപ്പോൾ തന്റെ ഉള്ളിന്റെ ഉള്ളിൽ ഈ മകൻ ഒരു സ്വരം കേൾക്കുന്നു. എന്നെയല്ലേ നീ ശൂശ്രൂഷിക്കുന്നത്. പെട്ടെന്ന് ആ പരിത്യക്തന്റെ ആ നിസ്സഹായന്റെ ഉള്ളിൽ വസിച്ചിരുന്ന ഈശോയെ തന്റെ വിശ്വാസത്തിന്റെ നയനങ്ങൾ കൊണ്ടും, ബാബുവിനു വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു. മനുഷ്യമക്കളിൽ മിക്കവരിലും ഈ സാന്നിദ്ധ്യമുണ്ടെന്നൊരു ചിന്തയും അദ്ദേഹത്തിന്റെ മനസ്സിൽ പൊന്തിവന്നു. അതുകൊണ്ടു താനും തന്റെ വേദനിക്കുന്ന, സഹിക്കുന്ന, സഹോദരരെ തന്റെ ഉള്ളം കയ്യിൽ കാത്തു സൂക്ഷിക്കണമെന്ന ഒരു ആവേശവും അഭിനിവേശവും മകനിൽ ഉണ്ടായി.
താൻ കണ്ടെത്തിയ ഈശോയെ കഴുകി കുളിപ്പിച്ച് നല്ല വസ്ത്രം ധരിപ്പിച്ചു കിടത്തിയിട്ട് അദ്ദേഹത്തിനു ബാബു കുറച്ചു ഭക്ഷണം വാങ്ങിക്കൊണ്ടുവന്നുവെങ്കിലും അത് സ്വയം ഇറക്കാൻ ആ സാധുവിനു സാധിച്ചില്ല. തന്മൂലം അല്പം ചോറ്, തന്റെ കൈ ഉപയോഗിച്ചു വെള്ളത്തിൽ അലിയിച്ച് അദ്ദേഹത്തിന് ഈ നല്ല സമറായൻ കോരികൊടുത്തു. അത് അദ്ദേഹം ഇറക്കി. ആ മുഖത്തു ചെറിയൊരു തെളിവുകണ്ടപ്പോൾ തന്റെ ചൂണ്ട് തന്റെ കയ്യിലിരിക്കുന്ന ഈശോയുടെ ചെവിയോടു ചേർത്തുവച്ച് ഈശോ… ഈശോ എന്നു ബാബു മന്ത്രിച്ചുകൊടുത്തു. ഏതാനും പ്രാവശ്യം ആവർത്തിച്ചു കഴിഞ്ഞപ്പോൾ ബാബുവിന്റെ ഈശോ അത് ആവർത്തിക്കാൻ തുടങ്ങി. ബാബു ആ സ്വരം നന്നായി കേട്ടു. തന്റെ മനസ്സിൽ മുഴങ്ങിയ സ്വരം തന്നെയാണ് അതെന്നു മകനു മനസ്സിലായി. അവൻ ആനന്ദനിർവൃതിയിലായി.
സാധിക്കുന്ന നന്മകളെല്ലാം ചെയ്തു ജീവിക്കാൻ ബാബു അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാ രംഗത്തും ഇപ്പോൾ അദ്ദേഹം കൂടുതൽ സജീവമാകാൻ തുടങ്ങി. 1990 ന്റെ പ്രാരംഭത്തിലാണ് പോലീസിൽ ജോലിയായത്. ഇങ്ങനെയൊക്കെയെങ്കിലും ബാബുവിന് ഒരു കാര്യം എടുത്തു പറയാനുണ്ട്. ഇക്കാലമത്രയും മാന്യമായ ഒരു ജീവിതമാണ് താൻ നയിച്ചത് എന്ന്.