ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനുള്ള ഹ്രസ്വമായ വഴിയാണിത്. കാരണം ഈ മാർഗ്ഗത്തിൽ പ്രവേശിച്ചാൽ നാം വഴിതെറ്റിപ്പോവുകയില്ല. കൂടാതെ, മുമ്പ് പ്രസ്താവിച്ചതുപോലെ, കൂടുതൽ സന്തോഷത്തോടെയും അനായാസേനയും, തന്മൂലം കൂടുതൽ ഉത്സാഹത്തോടുകൂടിയുമാണു നാം ഇതിലൂടെ അതിവേഗം സഞ്ചരിക്കുന്നത്. നമ്മുടെ ഇഷ്ടമനുസരിച്ചും നമ്മിൽത്തന്നെ ആശ്രയിച്ചും അനേകം വർഷംകൊണ്ട് നാം നേടുന്ന അഭിവൃദ്ധിയെക്കാൾ വളരെക്കുറച്ചു സമയം കൊണ്ട് മറിയത്തിന് വിധേയമായും അവളെ ആശ്രയിച്ചും നമുക്ക് അതു സമ്പാദിക്കാം. “മറിയത്തെ അനുസരിക്കുകയും അവൾക്കു വിധേയമാകുകയും ചെയ്യുന്ന മനുഷ്യൻ തന്റെ ശത്രുക്കളെയെല്ലാം തോല്പിച്ചു ജയഗീതം പാടും (സുഭാ. 21:28) ആ ശത്രു അവന്റെ പുരോഗമനത്തെ തടയുവാനും അവനെ പിന്തിരിപ്പിക്കുവാനും പരാജയപ്പെടുത്തുവാനും അക്ഷീണം യത്നിക്കും എന്നതു സത്യമാണ്. എന്നാൽ അവളുടെ പിന്തുണയും സഹായവും നേതൃത്വവുംമൂലം, അവൻ വീഴുകയില്ല, ഒരു ചുവട് പുറകോട്ട് പോകുകയില്ല, വേഗതക്ക് മാന്ദ്യം ഭവിക്കുകയുമില്ല. പ്രത്യുത യേശുവിലേക്ക് അവൻ കുതിച്ചുയരും. അവനു സുനിശ്ചിതമായ അതേ പാതയിലൂടെത്തന്നെയാണ് യേശുവും ചുരുങ്ങിയ സമയം കൊണ്ട് “ഒരു മല്ലനെപ്പോലെ പ്രസന്നതയോടെ (സങ്കീ. 18:6) കടന്നു വന്നത്.
ഈശോമിശിഹാ വളരെക്കുറച്ചുകാലം മാത്രമേ ലോകത്തിൽ ചെലവഴിച്ചുള്ളൂ. അതിൽ അധികഭാഗവും തന്നെ മാതാവിനെ അനുസരിച്ചും വിധേയമായുമാണ് അവിടുന്ന് കഴിഞ്ഞുകൂടിയത്. അതെന്തുകൊണ്ടാ യിരിക്കാം? കുറച്ചുകാലം കൊണ്ടു പൂർണ്ണത പ്രാപിച്ച (ജ്ഞാനം 4:13) അവിടുന്ന് ദീർഘകാലം ജീവിച്ചു തൊള്ളായിരം വർഷങ്ങളിലേറെ ജീവിച്ച ആദത്തേക്കാളും കൂടുതൽ കാലം. കാരണം ആദത്തിന്റെ വീഴ്ചയ്ക്കു പരിഹാരം ചെയ്യാനാണല്ലോ അവിടുന്ന് വന്നത്. യേശു ക്രിസ്തു തന്റെ അമ്മയ്ക്കു പരിപൂർണ്ണമായി അവളോടു ഗാഡൈക്യം പുലർത്തിയും അതിലൂടെ പിതാവിനെ അനുസരിച്ചും വളരെക്കാലം ജീവിച്ചു എന്നുപറയാം. എന്തുകൊണ്ടെന്നാൽ
(1) പരിശുദ്ധാത്മാവു പറയുന്നു ഒരുവൻ തന്റെ അമ്മയെ ബഹുമാനിക്കുമ്പോൾ നിധി കൂട്ടിവയ്ക്കുകയാണ് എന്ന്, ഒരുവൻ തന്നെത്തന്നെ മറിയത്തിന് പൂർണ്ണമായി വിധേയമാക്കുകയും അവളെ പൂർണ്ണമായി അനുസരിക്കുകയും ചെയ്തുകൊണ്ട് അവളെ മഹത്ത്വപ്പെടുത്തിയാൽ അതിവേഗം അയാൾക്കു വലിയ സമ്പന്നനാകാം. തൊടുന്നതെല്ലാം പൊന്നാക്കുന്ന മറിയംമൂലം, അവൻ ഓരോ ദിവസവും വലിയ നിധികളാണ് സംഭരിക്കുക. “അമ്മയെ ബഹുമാനിക്കുന്നവൻ നിക്ഷേപം കൂട്ടി വയ്ക്കുന്നു (പ്രഭാ. 3:5).”
(2) എന്റെ വാർദ്ധക്യകാലം ഉദരത്തിന്റെ കാരുണ്യത്തിലാണ് (സങ്കീ. 91:11). നിഗൂഢാർത്ഥം ധ്വനിപ്പിക്കുന്നതും ദൈവനിവേശിതവുമായ ഈ വാക്യപ്രകാരം, മറിയത്തിന്റെ ഉദരത്തെയാണ് ഇതു സൂചിപ്പിക്കുക. മറിയത്തിന്റെ ഉദരമാണ് ഒരു പരിപൂർണ്ണനായ മനുഷ്യനെ ഉത്പാ ദിപ്പിച്ചതും സംവഹിച്ചതും (ജറെ. 31:2). ആ ഉദരത്തിനു മാത്രമേ ഈ പ്രപഞ്ചത്തിനു മുഴുവനും ഉൾക്കൊള്ളാനും ഗ്രഹിക്കാനും പറ്റാത്തവനെ ഉൾക്കൊള്ളാൻ കഴിഞ്ഞുള്ളൂ. അതെ, അമ്മയുടെ ഉദരത്തിൽ, ചെറുപ്പക്കാർ പ്രകാശത്തിലും അനുഭവജ്ഞാനത്തിലും വിശുദ്ധിയിലും വിവേകത്തിലും അതിവേഗം പ്രായപൂർത്തിയിലെത്തും. എന്നുവച്ചാൽ ചുരുങ്ങിയവർഷങ്ങൾക്കൊണ്ട് യേശുവിന്റെ പ്രായപൂർണ്ണതയിലേക്കുവളരും.