മോശ ദൈവത്തോടൊപ്പം മലയിൽ കുറെ ദിവസം ചിലവഴിച്ചു. ആ ഇടവേളയിൽ ജനം കയർത്തു. തങ്ങൾക്കു ആരാധിക്കാൻ സ്വർണം കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കികൊടുക്കാൻ അഹറോനെ നിർബന്ധിച്ചു. ജനത്തിന്റെ നിരന്തരമായ നിർബന്ധം മൂലം അഹറോൻ അവർക്കു വഴങ്ങി. നന്ദികെട്ട ആ ജനം കാളക്കുട്ടിയെ ഉണ്ടാക്കി. ആ വിഗ്രഹത്തെ ആരാധിച്ചു. ദൈവം വെറുക്കുന്ന ഏറ്റം വലിയ പാപമാണ് വിഗ്രഹാരാധന. “എന്നെ തടയരുതേ (മോശയോട്). എന്റെ കോപം ആളിക്കത്തി അവരെ വിഴുങ്ങികളയട്ടെ” എന്ന് ദൈവം അരുളിചെയ്തപ്പോൾ മോശ വളരെയധികം അസ്വസ്ഥനും അതിലേറെ ദുഃഖിതനുമായി.
എങ്കിലും നഷ്ടധൈര്യനോ, നിരാശാനോ ആകാതെ മോശ ദൈവത്തോട് കാരുണ്യത്തിനുവേണ്ടി കേണപേക്ഷിക്കുന്നു. “കർത്താവെ, വലിയ ശക്തിയോടും കരബലത്തോടും കൂടെ അങ്ങുതന്നെ ഈജിപ്റ്റിൽ നിന്ന് പുറത്തുകൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരെ അവിടുത്തെ കോപം ജ്വലിക്കുന്നതെന്തു? മലമുകളിൽവച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്ദേശത്തോടു കൂടിയാണ് അവൻ അവരെ കൊണ്ടുപോയതെന്നു ഈജിപ്റ്റിക്കാർ പറയാനിടവരുത്തുന്നതെന്തു? അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരെയുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിയണമേ! അവിടുത്തെ ദാസന്മാരായ അബ്രാഹത്തിനെയും ഇസഹാക്കിനെയും ഇസ്രയേലിനെയും ഓർക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപോലെ ഞാൻ വർധിപ്പിക്കും, ഞാൻ വാഗ്ദാനം ചെയ്തിട്ടുള്ള ഈ നാട് മുഴുവൻ നിങ്ങളുടെ സന്തതികൾക്കു ഞാൻ നൽകും, അവർ അത് എന്നെനിക്കുമായി അവകാശമാക്കുകയും ചെയ്യുമെന്ന് അവിടുന്നുതന്നെ ശപഥം ചെയ്തു പറഞ്ഞിട്ടുണ്ടല്ലോ.” കർത്താവു ശാന്തനായി! തന്റെ ജനത്തിനെതിരായുള്ള തീരുമാനത്തിൽ നിന്ന് അവിടുന്ന് പിന്മാറി. എന്തതിശയമേ, ദൈവത്തിന് കാരുണ്യം, എത്ര മനോഹരമേ!
കാളക്കുട്ടിയെ ആരാധിക്കുകയെന്ന കഠിനപാപം ചെയ്ത ജനത്തിനെതിരെ മോശയുടെ കോപം ജ്വലിച്ചെങ്കിലും അവൻ പറഞ്ഞു, “ഞാൻ ഇപ്പോൾ കർത്താവിന്റെ അടുത്തേയ്ക്കു കയറിച്ചെല്ലാം. നിങ്ങളുടെ പാപത്തിനു പരിഹാരം ചെയാൻ എനിക്ക് കഴിഞ്ഞേക്കും.” അവൻ കർത്താവിന്റെ അടുക്കൽ തിരിച്ചുചെന്നു പറഞ്ഞു, “ഈ ജനം ഒരു വലിയ പാപം ചെയ്തു പോയി… അവിടുന്ന് കനിഞ്ഞു അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കിൽ അവിടുന്ന് എഴുതിയിട്ടുള്ള പുസ്തകത്തിൽനിന്നും എന്റെ പേര് വെട്ടിക്കളഞ്ഞാലും.” ജനത്തിന് തങ്ങളുടെ പാപത്തിനു ശിക്ഷ നൽകിയെങ്കിലും കർത്താവു വീണ്ടും അവർക്കു ഉടമ്പടി പത്രിക നൽകി വാഗ്ദത്ത ഭൂമിയിലേക്ക് അയച്ചു. കർത്താവു കാരുണ്യവാനും കൃപാലുവുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ,തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ടു ആയിരങ്ങളോട് കരുണ കാണിക്കുന്നവൻ (പുറ. 34:6).