പുണ്യഭിവൃദ്ധിയിൽ ഈശോ പരിഗണിക്കുന്നത് അർത്ഥികളുടെ ആത്മാർത്ഥതയും നിഷ്കപടതയുമാണല്ലോ. പുറമോടിയും ആർഭാടവുമൊക്കെ അവിടുന്ന് വെറുക്കുന്നു. അസ്സീസിയിലെ ഫ്രാൻസിസ് പിതാവിന്റെ ജീവിതത്തിലെ ഒരു സംഭവം മേല്പറഞ്ഞതിനു ഉത്തമ ദ്രിഷ്ട്ടാന്തമാണ്.
സുദീർഘമായ ഒരു പ്രേഷിത പര്യടനം കഴിഞ്ഞു പിതാവ് പോർ്സ്യുങ്കുലയിൽ മടങ്ങിയെത്തി. ഏറെ ക്ഷീണിതനും രോഗിയുമായാണ് അദ്ദേഹം വന്നത്. അതുകൊണ്ടു പതിവുള്ള ഉപവാസം അൽപ്പം കുറച്ചു. മാത്രമല്ല, ഏതാണ് ദിവസത്തേയ്ക്ക് കോഴിസൂപ് കഴിച്ചു. തൽഫലമായി ശരീരം അല്പം പുഷ്ടിപ്പെട്ടു. ഇത് പിതാവിന് വലിയ മനക്ലേശത്തിനും കാരണമായി. തന്റെ സന്യാസനിഷ്ട്ടയ്ക്കു ഭംഗം വന്നു എന്ന തോന്നലായിരുന്നു മനക്ലേശത്തിനും കാരണം. അദ്ദേഹം സഹോദരങ്ങളെയെല്ലാം വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “എന്റെ സഹോദരന്മാരെ, നിങ്ങൾ എന്റെ ഉടുപ്പ് മാറ്റിയശേഷം എന്റെ കഴുത്തിൽ കയറിട്ടു, തെരുവിൽകൂടി വലിച്ചിഴച്ചു കൊണ്ടുപോയി ഉറക്കെ വിളിച്ചുപറയണം ‘ഇതാ കൊതിയനായ ഒരു മനുഷ്യൻ. തപസ്സു ചെയുന്നവനാണെന്നു മറ്റുള്ളവരെ ധരിപ്പിക്കുകയും അതേസമയം കോഴിസൂപ് കഴിച്ചു പുഷ്ഠിപ്രാപിക്കുകയും ചെയ്ത ഒരുവനെ കാണുക.’ ശിക്ഷയ്ക്കു വിധിക്കപെട്ട കുറ്റക്കാരെ നിര്‍ത്താറുള്ള കല്ലിന്മേൽ എന്നെ നിർത്തുകയും ചെയ്യണം. ശിഷ്യർ അനുസരണവൃത്തത്തിന് കീഴിൽ അങ്ങനെ ചെയ്തു.