ജീസസ് യൂത്തു കൂട്ടായ്മയുടെ ഒരു ശുശ്രൂഷയാണ്, സന്മനസ്സുള്ള, അസൗകര്യങ്ങളില്ലാത്ത നഴ്സുമാരെ ഓരോ വർഷത്തേക്ക് മിഷൻ പ്രദേശത്തുള്ള ഓരോ സാധാരണ ആശുപത്രിയിലേക്ക് അയയ്ക്കുക. അവർ അവിടെ വിശുദ്ധിയോടും വിശ്വസ്തതയോടും നഴ്സിംഗ് ശുശ്രൂഷയിലൂടെ ഈശോയ്ക്ക് ശക്തമായ സാക്ഷ്യം വഹിക്കുന്നു. ഇപ്രകാരം വടക്കേ ഇന്ത്യയിലെ ഒരു സാധാരണ ആശുപത്രിയിൽ ഈശോയെ പ്രഘോഷിക്കുവാനും അവിടുത്തേക്ക് സാക്ഷ്യം വഹിക്കാനും അവിടുത്തെ കൊടുക്കുവാനും പോയ ഒരു യുവതി ജീസസ് യൂത്തിലൂടെ വളർന്നു ദൈവവിളി സ്വീകരിച്ച ഒരു ജീസസ് യൂത്ത് വൈദികനോട് പറഞ്ഞതാണ് തുടർന്ന് രേഖപ്പെടുത്തുന്ന സംഭവം.
ഒരു സായം കാലത്ത് റൗണ്ടസ് അവസാനിക്കുന്നതിനു അല്പം മുമ്പ് ഡോക്ടർ എന്തോ ഒരു വസ്തു തന്റെ ഡ്യൂട്ടി മുറിയിൽ നിന്ന് (സാമ്പിൾ മരുന്ന് ആയിരിക്കാം) എടുത്തുകൊണ്ടുവരാൻ നിർദ്ദേശിച്ചയച്ചു. ആ മുറി അകലെ ഏകാന്തതയുള്ള ഒരു സ്ഥലത്തായിരുന്നു. വേഗം മുറിയിലെത്തി അവർ മരുന്ന് തപ്പിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് റൗണ്ട്സിലായിരുന്ന ഡോക്ടർ മുറിയിൽ കയറി, കതകടച്ചു കുറ്റിയിട്ടു. അയാൾ തന്നെ കടന്നു പിടിക്കുമെന്നും ഉപദ്രവിക്കുമെന്നും അവൾക്കു ഉറപ്പായി. ബഹളമുണ്ടാക്കിയാലോ , കരഞ്ഞാലോ, അലറിയാലോ ഒന്നും പ്രയോജനമുണ്ടാകാത്ത സാഹചര്യമായിരുന്നു.
പരിശുദ്ധ അമ്മയുടെ ജപമാല ഭക്തയായിരുന്നു അവൾ. സത്വരം അമ്മയെ വിളിച്ചുകൊണ്ട് അവൾ തന്റെ ജപമാലയെടുത്തു വലതു കൈയിൽ മുറുകെപ്പിടിച്ചു. അനന്തരം തന്നെ ചാടിപ്പിടിക്കാൻ നിൽക്കുന്നവന്റെ നെഞ്ചത്തു ഇടതു കൈവച്ച് അവനെ ആഞ്ഞു തള്ളി. ഒരു പന്ത് തിരിച്ചുപോകുന്നതുപോലെ അയാൾ പുറകോട്ടു തെറിച്ചു പോയി . തത്ക്ഷണം അവൾ കതകിന്റെ കുറ്റിയെടുത്തു പുറത്തുചാടി. സംഭവിച്ചവയെല്ലാം മെയിട്രനോട് അവൾ വിവരിച്ചു പറഞ്ഞു. അപേക്ഷിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കാത്തവളല്ലേ നമ്മുടെ പരിശുദ്ധ ‘അമ്മ. തന്റെ മക്കളെ നരകത്തിൽനിന്നു രക്ഷിക്കാൻ “നെട്ടോട്ടം” ഓടിക്കൊണ്ടിരിക്കുകയാണ് ‘അമ്മ. അമ്മേ, മാതാവേ, അങ്ങേക്ക് ആയിരമായിരം നന്ദി” എല്ലാ മക്കളയേയും വിശുദ്ധിയിൽ കാത്തു സ്വർഗ്ഗത്തിൽ എത്തിക്കണമേ.