വിശുദ്ധരെ ജനിപ്പിക്കുന്നതിലും വളർത്തുന്നതിലും ദൈവഹിതാനുസൃതം രൂപാന്തരപ്പെടുത്തുന്നതിലും പരിശുദ്ധ അമ്മയുടെ പങ്കു അതുല്യമാണ്. തിരുക്കുമാരൻ പോറ്റിവളർത്തിയ ആ കരങ്ങളിലൂടെയാണ് വിശുദ്ധി പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും വളർന്നു വരേണ്ടത്. . ദൈവവിളിയുടെ കാര്യത്തിലും വിശിഷ്ട്ടകാര്യത്തിനായി ഒരുക്കുന്ന കാര്യത്തിലും അമ്മയിലൂടെ പ്രത്യേക കൃപ വാർഷിക്കാൻ സ്വർഗം അതിയായി ആഗ്രഹിക്കുന്നു.
പരിശുദ്ധ അമ്മയുടേതായിരിക്കുക, അമ്മയ്ക്ക് സമ്പൂർണമായും സമർപ്പിക്കുക, വിശുദ്ധിയോലേക്കുള്ള വളർച്ചയുടെ ആവശ്യപടിയാണ്. വിശുദ്ധാത്മാക്കൾ ഈ സത്യം നന്നായി ഗ്രഹിച്ചിരുന്നു. അവർ അമ്മയെ തങ്ങളുടെ യഥാത്ഥ അമ്മയായി സ്വീകരിക്കുകയും സമ്പൂർണമായും അമ്മയുടെ കരങ്ങളിൽ സ്വയം ഭരമേല്പിക്കുകയും ചെയ്തു.
വിശുദ്ധയായി പ്രഖ്യാപിക്കപ്പെടാൻ പോകുന്ന മറിയം ത്രേസിയാമ്മ പതിനാറാം വയസ്സിൽ തന്റെ പെറ്റമ്മ മരിച്ചപ്പോൾ പരിശുദ്ധ അമ്മയുടെ തിരുഃസ്വാരൂപത്തിനു മുന്നിൽ ചെന്ന് മുട്ടുകുത്തി ഇങ്ങനെ പ്രാർത്ഥിച്ചു, ‘എന്റെ അമ്മെ ഞാൻ അമ്മയുടെ മകളായി ജീവിച്ചു കൊള്ളാം. അമ്മയുടെ അന്തസ്സിനു ചേരാത്തതൊന്നും ഈ മകളിൽ നിന്നുണ്ടാകാതെ എന്നെ കാത്തുകൊള്ളണമേ!’
വി. കൊച്ചു ത്രേസിയായും ഈശോയ്ക്കു തന്റെ സ്നേഹാർപ്പണം നടത്തിയത് പരിശുദ്ധ മാതാവ് വഴിയായിരുന്നു. ‘എന്റെ ആത്മ സമർപ്പണം, ഈശോയെ അങ്ങേയ്ക്കു പ്രതിഷ്ഠിക്കണമെന്നു അപേക്ഷിച്ചുകൊണ്ടു ഞാൻ എന്നെ ഭരമേല്പിക്കുന്നതു പരിശുദ്ധ അമ്മയെയാണ്.’
വി, ചാവറ പിതാവിന്റെ ദൈവവിളിയിൽ പരിശുദ്ധ ‘അമ്മ പ്രത്യേകമായി ഇടപെട്ടു സഹായിച്ചിട്ടുണ്ട്. ആറുമാസം പ്രായമായപ്പോൾ തന്നെ മാതാപിതാക്കൾ കുട്ടിയെ വെച്ചൂർ മുത്തിക്കു (അമലോത്ഭവ മാതാവിന്) അടിമ വച്ച്. അപ്പോൾ വികാരിയച്ചൻ അമ്മയോട് ഇങ്ങനെ പറഞ്ഞു, ‘ഇനി ഇവൻ നിന്റെ മകനല്ല. പരിശുദ്ധ അമ്മയുടെ മകനാണ്. ദൈവജനനിയുടെ മകനായി ഇവനെ വളർത്തണം.’ ‘മാതാവിന്റെ ദാസനാണ് നീ’ ഇന്ന് മകനെ ‘അമ്മ കൂടെകൂടെ അനുസ്മരിപ്പിക്കുമായിരുന്നു.