കൂദാശ കർമ്മത്തിനു ശേഷം അനുസ്മരണ പ്രാർത്ഥനയിൽ സഭ, ഈശോയുടെ പീഡാനുഭവം, മരണം, ഉത്ഥാനം, മഹത്വപൂര്ണമായ പുനരാഗമനം ഇവയെല്ലാം അനുസ്മരിച്ചു നന്ദിയും സ്തുതിയും ബഹുമാനവും ആരാധനയും സമർപ്പിക്കും. ഒപ്പം പിതാവിന് അവിടുത്തെ പുത്രന്റെ യാഗത്തെ സഭ കാഴ്ചവയ്ക്കുന്നു.
തുടർന്ന് വരുന്ന മധ്യസ്ഥ പ്രാർത്ഥനയിൽ ഭൂസ്വര്ഗങ്ങളിലെയും ശുദ്ധീകരണ സ്ഥലത്തെയും മുഴുവൻ സഭയോടുള്ള ഐക്യത്തിലാണ് ദിവ്യബലി അർപ്പിക്കുന്നതെന്നു സഭ വ്യക്തമാക്കുന്നു. സഭയുടെ അജപാലകന്മാരായ മാർപാപ്പയോടും രൂപത മെത്രാനോടും (വലിയ മെത്രപൊലീത്ത, മെത്രപൊലീത്ത) വൈദിക സംഘത്തോടും ഡീക്കൻ സമൂഹത്തോടും ലോകത്തിലുള്ള എല്ലാ മെത്രാന്മാരോടും അവരുടെ സഭാസമൂഹങ്ങളോടുമുള്ള ഐക്യത്തിലുമാണ് ഈ പ്രാർത്ഥന.
സീറോ മലബാർ കുർബാനയിൽ കൂടുതൽ വിശദംശങ്ങളുണ്ട്. “ജീവിതകാലം മുഴുവനും അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങൾക്ക് നൽകണമേ. അങ്ങ് മാത്രമാണ് യഥാർത്ഥ പിതാവായ ദൈവമെന്നും അങ്ങയുടെ പ്രിയ പുത്രനായ ഇശോമിശിഹായെ അങ്ങ് അയച്ചുവെന്നും ഭൂവാസികൾ എല്ലാവരും അറിയട്ടെ.” പെസഹാ രഹസ്യവും അത് ഉളവാക്കുന്ന ഫലങ്ങളും എല്ലാ മനുഷ്യരും അറിയട്ടെ.
“അങ്ങയുടെ കാരുണ്യത്തിനും കൃപാധിക്യത്തിനും യോജിച്ചവിധം” ഞങ്ങളോട് വർത്തിക്കണമേ! എന്റെ പാപങ്ങൾക്കും തെറ്റുകൾക്കും തക്കവിധം അങ്ങ് പ്രവർത്തിക്കരുതേ! യഥാർത്ഥ വിശ്വാസത്തോടെ ഞങ്ങൾ സ്വീകരിക്കുന്ന ഈ തിരുശരീരം (രക്തവും) വഴി ഞാനും ഇവരും കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും യോഗ്യരാവട്ടെ. ആമ്മേൻ.”