ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപെട്ടവനാണ് ഓരോ മനുഷ്യനും. അവിടുത്തെ അറിഞ്ഞു സ്നേഹിച്ചു അവിടുത്തെ പ്രമാണങ്ങളനുസരിച്ചു ജീവിച്ചു ദൈവത്തെ പ്രാപിക്കുകയാണ് അവന്റെ പ്രഥമ കടമ. അവൻ ദൈവാന്വേഷിയുമാണ്. ദൈവത്തെ അറിയാൻ ചില മാര്‍ഗങ്ങള്‍ അവൻ കണ്ടെത്തുന്നു. ഇവയെ ദൈവാസ്തിത്വത്തിന്റെ തെളിവുകൾ എന്ന് ദൈവശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നു. ഇവ പ്രകൃതി ശാസ്ത്രങ്ങൾക്കനുസൃതമായ തെളിവുകളല്ല. പ്രത്യുത, സത്യത്തെപ്പറ്റി മനുഷ്യന് ശരിയായ ഉറപ്പു നൽകുന്ന സമന്യേയങ്ങളാണ്; സത്യത്തെപ്പറ്റി ബോധ്യങ്ങൾ സമ്മാനിക്കുന്ന വാദമുഖങ്ങൾ.
മേല്പറഞ്ഞ മാര്‍ഗങ്ങള്‍ സൃഷ്ടിയിൽ നിന്ന് തുടങ്ങുന്നു. അതായതു ഭൗതികപ്രപഞ്ചത്തിൽ നിന്നും മനുഷ്യവ്യക്തിയിൽ നിന്നുമാണ് അവ ആരംഭിക്കുക. വിശദീകരിച്ചാൽ, പ്രപഞ്ചത്തിന്റെ ചലനം, കാര്യക്ഷമത, താത്ക്കാലികത, ക്രമം, സൗന്ദര്യം ഇവയിൽനിന്നൊക്കെ മനുഷ്യന് പ്രപഞ്ചത്തിന്റെ ആരംഭവും അന്ത്യവുമായ ദൈവത്തെ അറിയാൻ കഴിയുമെന്ന് സാരം.
സത്യദൈവത്തെ അറിയാത്തവരെക്കുറിച്ചു പൗലോസ് ശ്ലീഹ വ്യക്തമാക്കിയ കാര്യങ്ങൾ ഇവിടെ വളരെ പ്രസക്തമാണ്. “ദൈവത്തെകുറിച്ചു അറിയാൻ കഴിയുന്നതൊക്കെ അവർക്കു അറിയാം. കാരണം, ദൈവം തന്നെ അവയെല്ലാം അവർക്കു വെളിപ്പെടുത്തിയിട്ടുണ്ട്. പ്രപഞ്ച സൃഷ്ടിമുതൽ, അവിടുത്തെ അനന്ത ശക്തിയും ദൈവത്വവും സൃഷ്ടിവസ്തുക്കളിലൂടെ അവർ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്” (റോമാ. 1:19,20).
സെന്റ് അഗസ്റ്റിന്റെ സുന്ദരാവിഷ്ക്കരണം അനവദ്യസുന്ദരമാണ്. സൗന്ദര്യത്തോടു ചോദിക്കുക. കടലിന്റെ സൗന്ദര്യത്തോടു ചോദിക്കുക.സ്വയം വികസിച്ചു പ്രസരിക്കുന്ന വായുവിന്റെ സൗന്ദര്യത്തോടു ചോദിക്കുക. ആകാശത്തിന്റെ സൗന്ദര്യത്തോടു ചോദിക്കുക. ഇവയോടെല്ലാം ചോദിക്കുക ഇവയെല്ലാം നൽകും ആ ഉത്തരം. നോക്ക് ഞങ്ങൾ സുന്ദരങ്ങളാണ്! അവയുടെ സൗന്ദര്യം സ്വത്വ പ്രഖ്യാപിതമാണ് (അവയുടെ സൗന്ദര്യം അവ തന്നെ വെളിപ്പെടുത്തുന്നു). Their beauty is self-evident. മാറ്റത്തിനു വിധേയമായ ഈ സുന്ദരസൃഷ്ട്ടികളെ സൃഷ്ട്ടിച്ചത് മാറ്റമില്ലാത്തവനായ സുന്ദരനല്ലാതെ മറ്റാരാണ്? (സെന്റ് അഗസ്റ്റിനെ Sermon,24).