എരിഞ്ഞു ചാമ്പലായില്ല

Fr Joseph Vattakalam
2 Min Read

“അങ്ങ് ഞങ്ങളുടെകൂടെ വരണമേ” എന്ന് അപേക്ഷിച്ച മോശയോട് കർത്താവു പറയുന്നു: “ഇതാ ഞാനൊരു ഉടമ്പടി ചെയുന്നു ലോകത്തിലൊരിടത്തും ഒരു ജനതയുടെ ഇടയിലും നടന്നിട്ടില്ലാത്ത തരം അത്ഭുതങ്ങൾ നിന്റെ ജനത്തിന്റെ (ഇസ്രായേൽ) മുൻപിൽ ഞാൻ പ്രവർത്തിക്കും. നിന്റെ ചുറ്റുമുള്ള ജനങ്ങൾ കർത്താവിന്റെ പ്രവർത്തി കാണും” (പുറ. 34:10). 

‘കർത്താവിന്റെ പ്രവർത്തി’ ഇസ്രയേലിനെ ഈജിപ്റ്റിന്റെ കരാള ഹസ്തങ്ങളിൽ നിന്ന് മോചിപ്പിച്ചു വാഗ്‌ദത്ത ഭൂമിയായ കാനനിൽ  എത്തിക്കുന്നതാണ്. ഈ മഹാ സംഭവത്തിന്റെ പ്രഥമ രംഗമാണ് ആട്ടിടയനായിരുന്ന മോശയെ ദൈവം വിളിക്കുന്നത്. പുറ. 3 ൽ ഈ വിളിയുടെ വിശദംശങ്ങൾ നമുക്ക് കാണാം. ആടുമേയിച്ചു, മോശ, ദൈവത്തിന്റെ മലയായ ഹോരേബിൽ എത്തുന്നു. “അവിടെ ഒരു മുള്പടര്പ്പിന്റെ മധ്യത്തിൽ നിന്ന് ജ്വലിച്ചുയർന്ന അഗ്നിയിൽ കർത്താവിന്റെ ദൂതൻ അവനു പ്രത്യക്ഷപെട്ടു. അവൻ ഉറ്റുനോക്കി. മുൾ പടർപ്പു കത്തി ജ്വലിക്കുകയായിരുന്നു. എങ്കിലും അത് ചാമ്പലായില്ല. അപ്പോൾ മോശ പറഞ്ഞു ‘ഈ മഹാ ദൃശ്യം ഞാൻ അടുത്ത് ചെന്നൊന്നു കാണട്ടെ. അവൻ അടുത്ത് ചെല്ലുന്നതു കർത്താവു കണ്ടു. മുൾപടർപ്പിന്റെ മധ്യത്തിൽ നിന്ന് ദൈവം അവനെ വിളിച്ചു: “മോശെ, മോശെ.” അവൻ വിളികേട്ടു. “ഇതാ ഞാൻ” അവിടുന്ന് അരുളിച്ചെയ്തു: “അടുത്ത് വരരുത്. നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാൽ നീ നിൽക്കുന്ന ഇടം പരിശുദ്ധമാണ്.” അവിടുന്ന് തുടർന്നു; ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്……… മോശ മുഖം മറച്ചു ദൈവത്തിന്റെ നേരെ നോക്കുവാൻ അവനു ഭയമായിരുന്നു (പുറ. 3:2-6). 

അടിമത്തത്തിന്റെ കീഴിൽ തളർന്നടിഞ്ഞ ഇസ്രയേലിന്റെ പരമ ദയനീയമായ നിലവിളി നിഖിലേശൻറെ കരളലിയിപ്പിച്ചു. (പുറ. 2:23-25). താൻ വിസ്മയാവഹമായ വിധത്തിൽ മരണത്തിൽ നിന്ന് രക്ഷിച്ചു, കാത്തുപരിപാലിച്ച മോശയെ അവിടുന്ന് വിമോചകനായി നിയോഗിക്കുന്നു. അവനും തന്റെ സ്വന്തം ജനത്തിനുമുള്ള ദൈവത്തിന്റെ പരിപാലനയുടെ വിശദംശങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ കാണാം.

പുറ. 34:6,7 ൽ കർത്താവു ഇപ്രകാരം സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.  “കർത്താവു കാരുണ്യവാനും കൃപാലുവുമായ ദൈവം; കോപിക്കുന്നതിൽ വിമുഖൻ; സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ; തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ടു ആയിരങ്ങളോടെ കരുണ കാണിക്കുന്നവൻ.”

ഇസ്രായേലിലെ പുതുമക്കാരെ പരിഗണിച്ചുകൊണ്ട് മോശ നിയമം ആവർത്തിക്കുമ്പോൾ അത്യ അത്ഭുതത്തോടെ ചോദിക്കുന്നു “നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കർത്താവു നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ട ജനതയാണുള്ളത്?” (നിയ. 4:7) ദൈവമേ നന്ദി!

Share This Article
error: Content is protected !!