പൗരോഹിത്യം ശുശ്രൂക്ഷപരമാണ്. തന്റെ ജനത്തിന്റെ അജപാലകർക്കു ക്രിസ്തു ഭരമേല്പിച്ച ദൗത്യം… ഒരു യഥാർത്ഥ ശുശ്രൂക്ഷയാണ്. ഇത് പൂർണമായും ഈശോയോടും മനുഷ്യരോടും ബന്ധപ്പെട്ട നിൽക്കുന്നു. ഇത് ഈശോയെയും അവിടുത്തെ അതുല്യ പൗരോഹിത്യത്തെയും ആശ്രയിച്ചു നിൽക്കുന്നു. മാനവരാശിയുടെ നിത്യ രക്ഷ നേടിയെടുക്കുകയാണ് ഈശോയുടെ പൗരോഹിത്യത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. അതുകൊണ്ടുതന്നെ ഈശോയുടെ പുരോഹിതരും മെത്രാന്മാരുമൊക്കെ ദൈവമഹത്വത്തിനും നിത്യ രക്ഷയ്ക്കും വേണ്ടിയാണു സമയം വ്യയം ചെയേണ്ടത്. ഇതിനപ്പുറമുള്ളതെല്ലാം വളരെ നിസ്സാരമായി, അപ്രധാനമായി മാത്രമേ അവർ കാണാവു. ലൗകിക കാര്യങ്ങൾക്കു അമിതപ്രാധാന്യം നൽകി പ്രഥമ ദൗത്യം പരാജയമാകുന്നത്, ആക്കുന്നത്, ദൈവത്തിനും മനുഷ്യർക്കും ഏറെ ദുഖമുളവാക്കുന്ന കാര്യമാണ്.
അതെ, പുരോഹിത ശുശ്രൂക്ഷ, പൂർണമായും ഈശോയോടും മനുഷ്യരോടും അഭേദ്യമായി ബന്ധപെട്ടു നിൽക്കുന്നു, ക്രിസ്തുവിനെയും അവിടുത്തെ അതുല്യ പൗരോഹിത്യത്തെയും ആശ്രയിച്ചിരിക്കുന്നു. മനുഷ്യ നന്മയ്ക്കും സഭാസമൂഹത്തിനും വേണ്ടിയാണു ഇത് സ്ഥാപിതമായിരിക്കുന്നതു. ഒരുവന്റെ പൗരോഹിത്യ ശക്തി ഈശോയുടെത് മാത്രമാണ്. ഈ അധികാരത്തിന്റെ വിനിയോഗത്തിനു, സ്നേഹത്തെപ്രതി തന്നെത്തന്നെ ഏറ്റം ചെറിയവനും എല്ലാവരുടെയും ദാസനുമാക്കിയ ഈശോയുടെ മാതൃകയാണ് മാനദണ്ഡം. തന്റെ അജഗണത്തോടുള്ള പ്രത്യേക താല്പര്യം തന്നോടുള്ള സ്നേഹത്തിനു തെളിവാണെന്നും കർത്താവു വ്യക്തമാക്കുന്നു (cfr. യോഹ. 21:15-19, ccc 550-51). സഭയുടെ ശിരസ്സായ ക്രിസ്തുവിനെയാണ് പുരോഹിതൻ പ്രതിനിദാനം ചെയുക. സഭ മുഴുവന്റെയും നാമത്തിൽ പ്രവർത്തിക്കുക എന്നെ ദൗത്യവും പുരോഹിതനുണ്ട്.
“സഭയുടെ മുഴുവന്റെയും നാമത്തിൽ” എന്നതുകൊണ്ട് സഭാസമൂഹത്തിന്റെ പ്രതിനിധികളാണ് പുരോഹിതർ എന്ന് കരുതരുത്. സഭയുടെ പ്രാർത്ഥനകളും ബലിയും ശിരസ്സായ ക്രിസ്തുവിന്റെ ബലിയിൽ നിന്നും പ്രാർത്ഥനയിൽ നിന്നും വേർതിരിക്കാനാവില്ല. ശരീരം മുഴുവനും, ശിരസ്സും, അവയവങ്ങളും പ്രാർത്ഥിക്കുകയും തന്നെത്തന്നെ ബലിയായി അർപ്പിക്കുകയും ചെയുന്നു. പുരോഹിതൻ ക്രിസ്തുവിന്റെ പ്രാധിനിത്യം വഹിക്കുന്നതുകൊണ്ടു സഭയെയും, ഒരു പരിധിവരെ, പ്രതിനിധാനം ചെയ്യുന്നുവെന്ന് പറയാം. പക്ഷെ, സഭയുടെ പകരക്കാരല്ല അവർ. ഓരോ വിശ്വാസിയും പ്രാർത്ഥിക്കുകയും ബലി അർപ്പിക്കുകയും വേണം (ccc 1552-53).