“എന്റെ പാപങ്ങളിൽ നിന്ന് മുഖം തിരിക്കണമേ! എന്റെ അകൃത്യങ്ങൾ മായിച്ചു കളയണമേ!” (സങ്കി. 51:9). പാപം ചെയ്ത ദാവീദിന്റെ കരുണയ്ക്കുവേണ്ടിയുള്ള യാചനയാണിത്. ‘ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയവൻ’ ഇതാ മഹാ പാപങ്ങൾ ചെയ്തു കൃപയിൽ നിന്ന് വീണുപോയിരിക്കുന്നു. വലിയ ദുരവസ്ഥയിലേക്കു അവനെ നയിച്ചത് ആറു കാരണങ്ങളാണ്
1 ) അലസത -സദാ ജാഗരൂകരായിരിക്കേണ്ട അവൻ പരമപ്രധാമ കടമയിൽ നിന്ന് ഒഴിഞ്ഞുമാറി, കൊട്ടാരത്തിൽ അലസനായി കഴിഞ്ഞു. (cfr 2 സാമു. 11:1)
2 ) കണ്ണുകൾകൊണ്ട് പാപം ചെയ്തു. നഗ്നയായി കുളിച്ചുകൊണ്ടിരുന്ന ബെത്‌ശെബയെ ആസക്തിയോടെ നോക്കി അങ്ങനെ അവളുമായുള്ള വ്യഭിചാരം തുടങ്ങിവച്ചു. (Ibid 2; cfr ഹോസി. 5:1-4)
3 ) കാമാസക്തനായി ബെത്‌ശെബയെ കൊട്ടാരത്തിൽ വിളിച്ചുവരുത്തി വ്യഭിചാരം ചെയുന്നു (അധികാര ദുർവിനയോഗവുമുണ്ടിവിടെ).
4 ) വലിയ കപടത -സ്വന്തം തെറ്റിന്റെ പരിണിത ഫലം ഉറിയയിൽ വച്ചുകെട്ടാൻ ശ്രമിച്ചു (11:8).
5 ) കൊലപാതകം -വഞ്ചനയിലൂടെ ഉറിയയെ കുരുതികൊടുക്കുന്നു (11:15).
6 ) മഹാമനസ്‌കത നടിച്ചു ബെത്‌ശെബയെ ഭാര്യയാക്കുന്നു.
എല്ലാം ദൈവം കണ്ടു. എങ്കിലും കരുണ തോന്നി നാഥൻ പ്രവാചകനെ അയച്ചു ദാവീദിന്റെ ഗൗരവമേറിയ പാപങ്ങൾ വെളിപ്പെടുത്തുന്നു (12:1-7). തെറ്റുകൾ ബോധ്യപ്പെട്ടു പാപങ്ങളെ ഓർത്തു പൂർണമായി അനുതപിച്ചു ദൈവത്തോട് വലിയ വിനയത്തോടു മാപ്പു ചോദിക്കുന്നു (സങ്കി. 51 ). അവന്റെ അനുതാപം അവനെ വീണ്ടും ദൈവത്തിന്റെ മഹാകരുണയ്ക്കു അർഹനാക്കുന്നു. ഏറെ അനുഗ്രഹങ്ങളും അവൻ പ്രാപിക്കുന്നു.
1 ) ഈശോയുടെ വംശാവലിയിൽ ഇടം കണ്ടെത്തുന്നു. ‘ദാവീദിന്റെ പുത്രൻ’ എന്ന നാമം ഈശോയ്ക്കുണ്ടല്ലോ. ‘ദാവീദുവംശജനായ തച്ചൻ ഔസേപ്പിന്റെ മകൻ’ എന്ന് വേദശാസ്ത്രികളോട് ഈശോതന്നെ പറയുന്നു.
2 ) ദാവീദിന്റെ പട്ടണത്തിൽ ഈശോ ജനിച്ചു (ലൂക്ക 2:11).
3 ) ഇസ്രായേലിലെ രാജാവായി ഉയർത്തപ്പെട്ടു (നട. 13:22).
4 ) ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ രാജാവ് എന്ന വലിയ ബഹുമതി ലഭിച്ചു. ദൈവം പറയുന്നു: “തെറ്റിന് കഠിനമായി ശിക്ഷിക്കും” (എന്നാൽ അനുതപിച്ചതുകൊണ്ടു).
5 ) എന്റെ സ്ഥിരസ്നേഹം അവനില്നിന്നു പിൻവലിക്കുകയില്ല. സിംഹാസനം എന്നേക്കും നിലനിൽക്കും (2 സാമു. 7:14-16). ഞാൻ അവനു പിതാവും അവനെനിക്ക് പുത്രനുമായിരിക്കും (മറ്റാർക്കും കിട്ടാത്ത അനുഗ്രഹം) (2 സാമു. 7:14). അതെ 99 നീതിമാന്മാരെക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ചു സ്വർഗം (ദൈവം) സന്തോഷിക്കും.