‘സഹോദരർ ഏക മനസ്സായി ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്!…അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്.” (സങ്കീ.133 )
ഇന്നത്തെ ലോകത്തിൽ തിരുസഭ അവളുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തിക്കൊടുക്കുന്നത് “ആനന്ദത്താലും പരിശുദ്ധാത്മാവിനാലും” (അപ്പ. 13 /52 ) നിറഞ്ഞ സന്യാസസമൂഹത്തിലൂടെയാണ്. “മനുഷ്യരോടൊപ്പമുള്ള ദൈവത്തിന്റെ വാസകേന്ദ്രമായ” (വെളി: 21 /3 ) പുതിയ ജെറുസലേമിന്റെ പ്രകാശപൂർണ്ണമായ അടയാളമാണ് ഓരോ സന്യാസസമൂഹവും. “സന്യാസജീവിതത്തിന്റെ ഫലപൂർണ്ണതയെല്ലാം സമൂഹ ജീവിതത്തിന്റെ ഗുണമേന്മയെ ആശ്രയിച്ചിരിക്കുന്നു.” (വി. ജോൺ പോൾ).
ഓ ഒരു മഠത്തിൽ മറ്റു സഹോദരികളോടുകൂടി ജീവിക്കുന്നത് എത്ര ആനന്ദപ്രദമാണ്. (ഡയറി, വി. ഫൗസ്റ്റീന :1132 )
സമൂഹത്തിന്റെ മുഖമുദ്ര
ദൈവത്തിന്റെ പ്രതിച്ഛായ അപരനിൽ കണ്ടുകൊണ്ട് വളരെ ശ്രേഷ്ഠവും പരിശുദ്ധവുമായ സ്നേഹത്താൽ സഹോദരിമാർ പരസ്പരം സ്നേഹിക്കണം. ഈ സ്നേഹമായിരിക്കണം സമൂഹത്തിന്റെ മുഖമുദ്ര. അങ്ങനെ ഹൃദയൈക്യത്തോടെ ലോകത്തെ മുഴുവൻ ഹൃദയത്തിൽ സ്വീകരിച്ച് ഓരോ ആത്മാവിലേക്കും ദൈവകാരുണ്യം ഒഴുക്കണം. ഇതിനാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. ഹൃദയാർദ്രയതയോടെ നമ്മൾ ജീവിച്ചാൽ ഈ കാരുണ്യത്തിനു നാമും അർഹരാകും. (ഡയറി:550 )
ഒരിക്കൽ ഞാനെന്റെ മുറിയിൽ വന്നപ്പോൾ, വളരെ ക്ഷീണിതയായിരുന്നതിനാൽ വസ്ത്രം മാറുന്നതിനുമുമ്പായി വിശ്രമിക്കേണ്ടിവന്നു. ഞാൻ വസ്ത്രം മാറിക്കഴിഞ്ഞയുടനെ സിസിറ്റേഴ്സിൽ ഒരാൾ കുറച്ചു ചൂടുവെള്ളം കൊണ്ടുവരാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ ക്ഷീണിതയായിരുന്നെങ്കിലും, വീണ്ടും ഉടുപ്പ് ധരിച്ച് അവൾ ആവശ്യപ്പെട്ടത് കൊണ്ടുവന്നുകൊടുത്തു. കണങ്കാലുവരെ ചെളിയുള്ള വഴിയിലൂടെ അടുക്കളയിലേക്കു കുറച്ചധികം ദൂരം പോകണമായിരുന്നു. ഞാൻ മുറിയിൽ വീണ്ടും പ്രവേശിച്ചപ്പോൾ, കുസ്തോദിയിൽ തിരുവോസ്തി ഇരിക്കുന്നതായി ഞാൻ കണ്ടു. ഞാനീ സ്വരം കെട്ടു, ഈ കുസ്തോടിയെടുത്ത് സക്രാരിയിലേക്കു കൊണ്ടുവരിക. ഞാൻ ആദ്യം മടിച്ചു. എന്നാൽ അടുത്ത് ചെന്ന് അത് തൊട്ടപ്പോൾ ഇങ്ങനെ കേട്ടു. എന്നെ സമീപിക്കുമ്പോഴുള്ള അതെ സ്നേഹത്തിൽ എല്ലാ സിസ്റ്റേഴ്സിനെയും സമീപിക്കുക; നീ അവർക്കുവേണ്ടി ചെയ്യുന്നതെല്ലാം എനിക്കുവേണ്ടിയാണ് നീ ചെയ്യുന്നത്. ഒരു നിമിഷത്തിനു ശേഷം, ഞാൻ അവിടെ തനിച്ചായി. (ഡയറി: 285 )