735 -ലെ സ്വര്ഗാരോഹണ തിരുനാൾ ദിവസം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അന്തർധാനം ചെയ്ത ആംഗ്ലോ സാക്സൺ ചരിത്രകാരനാണ് വന്ദ്യനായ ബീഡ്. മരിച്ചിട്ട് താമസിയാതെതന്നെ നാട്ടുകാർ നൽകിയ വന്ദ്യൻ എന്ന സ്ഥാനം വിശുദ്ധ പദപ്രാപ്തിക്കുശേഷവും അദ്ദേഹത്തിന്റെ നാമത്തോട് ചേർത്തു ഉപയോഗിച്ച് വരുന്നുണ്ട് (venerable bead). വെയർമൗത്തിലെ വിശുദ്ധ ബെനഡിക്ട് ബിസ്കോയിന്റെ ശിഷ്യനായിരുന്നു ബീഡ്. 702 -ൽ അദ്ദേഹം പുരോഹിതനായി. പഠനവും എഴുതുമായിരുന്നു അദ്ദേഹത്തിന്റെ ജോലി. ജാശോ എന്ന പ്രദേശത്തെ ആശ്രമത്തിൽ 600 ശിഷ്യന്മാർക്ക് അദ്ദേഹം ശിക്ഷണം നൽകുകയുണ്ടായി. ഭക്തിയും പാണ്ഡിത്യവും പ്രാര്ഥനശീലവും മാതൃകാജീവിതവുമാണ് ഇത്രയുമധികം ശിഷ്യന്മാരെ തന്നിലേക്ക് ആകർഷിച്ചത്.
തത്വശാസ്ത്രം, പാട്ട്, പദ്യം, ഗണിതം, ഉർജ്ജതന്ത്രം, ചികിത്സ മുതലായ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി. ഇംഗ്ലീഷ് ചരിത്രകാരന്മാരുടെ പിതാവാണദ്ദേഹം. ആംഗ്ലോസാക്സൺ വിശുദ്ധന്മാരുടെയും സഭാപിതാക്കന്മാരുടെയും ജീവചരിത്രങ്ങൾ അദ്ദേഹം എഴുതി. 30 പുസ്തകങ്ങളായി അദ്ദേഹം എഴുതിയിട്ടുള്ള വിശുദ്ധ ഗ്രന്ഥ വ്യാഖാനം വിശിഷ്ട്ടമാണ്. വേറെ 15 ഗ്രന്ഥങ്ങളും കൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിത കാലത്തുതന്നെ ഈ ഗ്രന്ഥങ്ങളിൽ ചിലതു ദേവാലയത്തിൽ വായിച്ചിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ ഒരു ഇംഗ്ലീഷ് പരിഭാഷ അദ്ദേഹം ഉണ്ടാക്കി; മരിക്കുന്നതിന്റെ തലേ ദിവസമാണ് അത് തീർന്നത്.