പരിശുദ്ധ ‘അമ്മ പലരുടെയും ജീവിതത്തിൽ ഇടപെട്ടു അവരെ പരിപാലിച്ചു വളർത്തുക പതിവാണ്. ഇവിടെ നാം മനസിലാക്കേണ്ട ഓരോ കാര്യം, പ്രത്യേക വിളിയും ദൗത്യവും നൽകി ഉയിർത്താനാഗ്രഹിക്കുന്നവരെ ദൈവം പരിശുദ്ധ അമ്മയെ പ്രത്യേകം ചുമതലപെടുത്താറുണ്ട് എന്നതാണ്.
വി. മാക്സമില്യന് കോൾബെയുടെ ജീവിതാനുഭവം ഇതിനു ഉത്തമോദാഹരണമാണ്. മകനെ മാതൃഭക്തിയിൽ വളർത്താൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഏറെ ശ്രേദ്ധിച്ചിരുന്നു. എല്ലാ വർഷവും കുടുംബം മുഴുവൻ ചെസ്റ്റഷോവിലെ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിലേക്ക് തീർത്ഥാടനം നടത്തുക പതിവായിരുന്നു. ഒരിക്കൽ പരിശുദ്ധ ‘അമ്മ മാക്സമില്യണ് പ്രത്യക്ഷപെട്ടു. അമ്മയുടെ കൈകളിൽ രണ്ടു കിരീടങ്ങളുണ്ടായിരുന്നു -ഒന്ന് വെളുത്തതും മറ്റേതു ചെമന്നതും. വെളുത്ത കിരീടം വിശുദ്ധിയുടെയും ചെമന്നത് രക്തസാക്ഷിത്വത്തിന്റെയും ആയിരുന്നു. മാക് ഉടൻ ആവേശപൂർവം മറുപടി നൽകി ‘എനിക്ക് ഇവ രണ്ടും വേണം.’
മാതാവ് സ്നേഹപൂർവ്വം മാക്സിനെ കടാക്ഷിച്ചിട്ടു അപ്രത്യക്ഷയായി. ‘അമ്മ അദ്ദേഹത്തിന് രണ്ടു കിരീടങ്ങളും നൽകുക തന്നെ ചെയ്തു. കോൺസെൻട്രേഷൻ ക്യാമ്പിന്റെ ‘നരകം പോലും ലജ്ജിക്കുന്നു’ ഇരുണ്ട രാത്രികളിൽ പരി.. ‘അമ്മ കോൾബെയ്ക്കു കിരീടധാരണം നടത്തി. അദ്ദേഹം ഇപ്പോൾ രക്തസാക്ഷിയും വിശുദ്ധനുമായി സ്വർഗത്തിൽ വിരാജിക്കുന്നു. സഭയിൽ ധാരാളം വിശുദ്ധരെ ജനിപ്പിക്കാൻ ജന്മപാപമില്ലാതെ ഉത്ഭവിച്ച പരിശുദ്ധ മറിയം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. സഭ ഈ നല്ല അമ്മയെ, സ്വർഗരാജ്ഞിയെ, രക്തസാക്ഷികളുടെയും വിശുദ്ധരുടെയും രാജ്ഞിയായി വണങ്ങുന്നത് ന്യായവും യുക്തവും മാത്രം!