ജനുവരി 6
എപ്പിഫനി ഗ്രീക്കിൽനിന്നു നിഷ്പദിച്ച ഒരു ഇംഗ്ലീഷ് പദവും ദനഹാ സുറിയാനിയുമാണ്. പ്രത്യക്ഷീകരണം അഥവാ ഉദയം എന്നാണു ഈ വാക്കുകൾക്ക് അർഥം . ക്രിസ്തുവിന്റെ ജനനം പ്രഥമത വെളിപ്പെടുത്തിയത് ദരിദ്രരായ ആട്ടിടയന്മാർക്കാണ്. രണ്ടാമതായി വെളിപ്പെടുത്തിയത് വിജാതീയ ശാസ്ത്രജ്ഞന്മാർക്കാണ്; അല്ല, ഗാസ്പർ, ബാൽത്തസാർ, മെൽക്കിയോർ എന്ന മൂന്നു രാജാക്കന്മാർക്കാണെന്നും പാരമ്പര്യമുണ്ട്. ക്രിസ്തു യഹൂദന്മാർക്കു മാത്രമായി ജനിച്ച രക്ഷകനല്ല അഖിലലോക ജനങ്ങൾക്കും വേണ്ടി ജനിച്ചവനാണെന്നു ഈ പ്രത്യക്ഷീകരണം വിശദമാക്കുന്നു. പരസ്യജീവിതത്തിൻ്റെ പ്രാരംഭത്തിൽ ക്രിസ്തു സ്വീകരിച്ച ജ്ഞാനസ്നാനത്തിൻ്റെ പ്രതീകമായി എപ്പിഫനിയെ കാണുന്നവരുമുണ്ട്. വിശുദ്ധ ഗ്രന്ഥവിവരണം ഇങ്ങനെ സംക്ഷേപിക്കാം:
ഈശോ പിറന്ന നാളുകളിൽ പൗരസ്ത്യ ദേശത്തുനിന്നു ചില ശാസ്ത്രജ്ഞന്മാർ ജെറുസലേമിലെത്തി യഹൂദന്മാരുടെ രാജാവ് ജനിച്ചതെവിടെയാണെന്നു ഹേറോദേസ് രാജാവിൻറെ കൊട്ടാരത്തിൽ പോയി അന്വേഷിച്ചു. ഹേറോദേസും പരിഭ്രമിച്ചു. അദ്ദേഹം പ്രധാനാചാര്യന്മാരെയും നിയമജ്ഞന്മാരെയും വിളിച്ചു ചോദിച്ചപ്പോൾ രക്ഷകൻ ബെത്ലഹേമിൽ അക്കാലത്തുതന്നെയാണ് ജനിക്കുന്നതെന്ന് മനസ്സിലായി. രാജാക്കന്മാർ പോയി അന്വേഷിച്ചു വിവരം തന്നെ അറിയിക്കണമെന്ന് ഹേറോദേസു പറഞ്ഞു. ഹേറോദേസിൻറെ കൊട്ടാരത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവരെ അതുവരെ നയിച്ച നക്ഷത്രം വീണ്ടും പ്രത്യക്ഷമായി. നക്ഷത്രത്തെ അനുഗമിച്ചു മുന്നോട്ടു നടന്നപ്പോൾ ഒരു വീട്ടിൽ അവർ മരിയാംബികയെയും ശിശുവിനെയും കണ്ടു. അവർ സ്രാഷ്ടാംഗം വീണു ശിശുവിനെ ആരാധിക്കുകയും തങ്ങളുടെ നിക്ഷേപ പാത്രങ്ങൾ തുറന്നു സ്വർണ്ണവും കുന്തുരുക്കവും നറുമ്പശയും കാഴ്ചവയ്ക്കുകയും ചെയ്തു. ഈശോയുടെ രാജത്വവും ദൈവത്വവും മനുഷ്യത്വവും പ്രദ്യോതിയിപ്പിക്കുന്നവയാണ് ഈ കാഴ്ചകൾ. (മത്താ. 2 : 1 -11 ).
വിചിന്തനം : ഈശോയുടെ ദൈവത്വത്തെ അംഗീകരിച്ച് അവിടുത്തെ സ്നേഹിക്കാനും ആരാധിക്കാനും രാജത്വത്തെ അംഗീകരിച്ച് അവിടുത്തെ കല്പനകൾ അനുസരിക്കാനും മനുഷ്യത്വത്തെ അംഗീകരിച്ച് അവിടുത്തോടു ചേർന്നു സഹിക്കാനും ദനഹാ തിരുനാൾ നമ്മളെ ക്ഷണിക്കുന്നു.