അനാഫൊറ

1.ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും

ബലിയുടെ മർമ്മപ്രധാന ഭാഗ (കൂദാശ, അനാഫെറാ) ത്തേക്ക് ആരാധനാസമൂഹം കടക്കുകയാണ്. അതുകൊണ്ടുതന്നെയാണ് വിശുദ്ധീകരിക്കപ്പെട്ട ഹൃദയവും വെടിക്കാപ്പെട്ട മനസ്സാക്ഷിയും ഉള്ളവരായി അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കുവാനും ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ ബലിപീഠത്തിനു മുമ്പാകെ നിൽക്കുവാനും എല്ലാവരേയും അനുഗ്രഹിക്കണമേയെന്നു വൈദികൻ തീക്ഷണമായി പ്രാർത്ഥിക്കുന്നത്. യഥാർത്ഥ വിശ്വാസത്തോടെ മഹോന്നതമായ ഈ ബലിയർപ്പിക്കാൻ ഞങ്ങളെ യോഗ്യരാക്കണമെന്നും വൈദികൻ പ്രാർത്ഥിക്കുന്നു.

2.വിശ്വാസപ്രമാണം
ദിവ്യബലിയുടെ ഏതാണ്ടു കേന്ദ്രഭാദത്താണു വൈദികനും ആരാധനസമൂഹവും ചേർന്ന് തങ്ങളുടെ വിശ്വാസത്തിന്റെ മഹാരഹസ്യങ്ങളടങ്ങുന്ന വിശ്വാസപ്രമാണം ആഘോഷമായി ചൊല്ലുന്നത്. ഈ വിശ്വാസപ്രഖ്യാപനം പൈശാചിക ശക്തികളെ തുരത്താനും അർപ്പകർക്ക് ഏകാഗ്രതയും ഭക്തിയും കൈവരുന്നതിനും വളരെ സഹായിക്കും. വിശ്വാസപ്രമാണവും പ്രാർത്ഥനപോലെതന്നെ കരുതി, അനുഭവിച്ചു, ധ്യാനിച്ചു, ചൊല്ലേണ്ടതാണ്.

3.നന്ദിയുടെ ബലി
വിശ്വാസപ്രമാണത്തിനു ശേഷം സഹായിയെ ആശീർവ്വദിച്ചിട്ടു പുരോഹിതൻ താഴ്ന്ന സ്വരത്തിൽ ഉരുവിടുന്ന പ്രാർത്ഥന വളരെ സമ്പുഷ്ടവും അവസരോചിതവുമാണ്. നിരവധി മാനങ്ങൾ തന്നെയുണ്ട് ഇതിന്. ഇതിന്റെ ആദ്യഭാഗം കൃതജ്ഞതാബലിയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, അങ്ങേക്കു ഞാൻ നന്ദി പറയുന്നു. ദിവ്യബലിയുടെ അന്തഃസത്ത വെളിപ്പെടുത്തി, അതു സമർപ്പിക്കുവാനുള്ള തന്റെ അയോഗ്യതയും ഒപ്പം ദൈവത്തിന്റെ കരുണയും വൈദികൻ ഏറ്റുപറയുന്ന രണ്ടാമത്തെ ഭാഗത്ത്. ”അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങളുടെ സ്തുത്യഹർവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങളെ അങ്ങേക്കു സമർപ്പിക്കുവാൻ പാപിയായിരുന്നിട്ടും എന്നെ അങ്ങു കാരുണ്യപൂർവ്വം യോഗ്യനാക്കി.” മൂന്നാം ഭാഗത്ത് ബലിയർപ്പണത്തിനു തനിക്കുള്ള നിയോഗങ്ങളെല്ലാം വൈദികൻ ഒന്നൊന്നായി ഏറ്റുപറയുന്നു. ”അങ്ങയുടെ അജഗണമായ ജനത്തിന്റെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും ലോകം മുഴുവന്റെയും അനുരജ്ഞനത്തിനും എല്ലാ സഭകളുടെയും സമാധാനത്തിനും ശാന്തിക്കും വേണ്ടി ഞാൻ ഇവ അനുഷ്ഠിക്കുന്നു.”

ഈ മഹാകർമ്മം നിർവഹിക്കുന്നതിൽ തന്റെ അയോഗ്യതയെക്കുറിച്ചു കൂടുതൽ കൂടുതൽ ബോധവാനാകുന്ന പുരോഹിതൻ ബലി തന്റെ കരങ്ങൾ വഴി പൂർത്തായാകാൻ ദൈവമക്കളുടെ പ്രാർത്ഥന യാചിക്കുന്നതു ഹൃദയസ്പർശിയായ ഒരു രംഗമാണ്. സമൂഹത്തിന്റെ മറുപടി ബലി അർപ്പിക്കപ്പെടുന്നതു ലോകം മുഴുവനും വേണ്ടിയാണെന്നു വ്യക്തമാക്കുന്നു. അർപ്പകരെല്ലാം, ഈ സത്യം ഗ്രഹിച്ചു ബലിയർപ്പിക്കണം. ”സകലത്തിന്റെയും നാഥനായ ദൈവം തന്റെ അഭീഷ്ടം നിറവേറ്റാൻ നമ്മെ ശക്തരാക്കട്ടെ. ഈ കുർബാന അവിടുന്നുസ്വീകരിക്കട്ടെ. അങ്ങേക്കും ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങു സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്നു സംപ്രീതനാകുകയും ചെയ്യട്ടെ.

അനാഫൊറയ്ക്കു തൊട്ടുമുമ്പ പുരോഹിതൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥന ഹൃദയാവർജ്ജകവും അനുതാപജന്യവുമാണ്. ”കർത്താവും ദൈവവുമായ മിശിഹായേ, ഞങ്ങളുടെ നിരവധിയായ പാപങ്ങൾ പരിഗണിക്കരുതേ. ഞങ്ങളുടെ ദുഷ്ടതയുടെ ആധിക്യം നിമിത്തം നീ കോപിക്കരുതേ. നീ സ്വീകരിച്ച ഞങ്ങളുടെ മനുഷ്യത്വത്തോടെ സമയത്തിന്റെ സമാപ്തിയിൽ പ്രത്യക്ഷനാകുമ്പോൾ തിരുസന്നിധിയിൽ കൃപയും അനുഗ്രഹവും കണ്ടെത്തുന്നതിനും സ്വർഗ്ഗീയ ഗണങ്ങളോടു ചേർന്നു നിന്നെ സ്തുതിക്കുന്നതിനും ഞങ്ങൾ യോഗ്യരാകുവാൻ വേണ്ടി ഈ ബലി നിന്റെ അവർണ്ണനീയമായ കൃപയാൽ പവിത്രീകരിക്കണമേ. ഞങ്ങളുടെ പാപങ്ങൾ തുടച്ചു നീക്കാൻ ഇതിനു ശക്തി നൽകുകയും ചെയ്യേണമേ.”

4. ഒന്നാം പ്രണാമജപം (ഗ്ഹാന്ത)
ദിവ്യബലിയുടെ അതിപ്രധാനഭാഗമാണ് അനാഫൊറ. ഇതുവരെയുള്ള ശുശ്രൂഷകൾ ഈ മഹാനിമിഷങ്ങളിലേക്കുള്ള, ഈ മഹാസംഭവത്തിലേക്കുള്ള നല്ല ഒരുക്കമാണ്. ഒരുക്കം ദീർഘമാണ്, കാരണം സംഭവം അത്രപരമപ്രധാനമാണ്. കാർമ്മികൻ ഭയഭക്ത്യാരവകളോടെ കുനിഞ്ഞുനിന്ന്, കരങ്ങൾ കൂപ്പി, ഒന്നാം പ്രണാമജപം (ഗ്ഹാന്ത) ചൊല്ലുന്നു. ഈ ജപത്തിന്റെ ആഴവും വ്യാപ്തിയും വളരെ വലുതാണ്.

ആദ്യമായി ദൈവം തന്റെ മക്കളുടെ മേൽ ചൊരിഞ്ഞിട്ടുള്ള ആയിരാമായിരം നന്മകൾക്കു പുരോഹിതൻ നന്ദി പറയുന്നന്നു. ”ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങു ഞങ്ങളുടെമേൽ വർഷിച്ച സമൃദ്ധമായ അനുഗ്രഹങ്ങളെപ്രതി ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു.” അടുത്തതായി അദ്ദേഹം ദൈവത്തിന്റെ കാരുണ്യാതിരേകം പ്രകീർത്തിക്കുന്നു. ”അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങളാകുന്ന ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷകരാകുവാൻ എളിയവരും പാപികളുമായിരുന്നിട്ടും ഞങ്ങളെ അങ്ങു കാരുണ്യാതിരേകത്താൽ യോഗ്യരാക്കി.” അവസാനഭാഗം യാചനാപ്രാർത്ഥനയാണ്. ”അങ്ങുനൽകിയ ഈ ദാനം തികഞ്ഞ സ്‌നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൈകാര്യം ചെയ്യുവാൻ ഞങ്ങളെ ശക്തരാക്കണമെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.”

5. സമാധാനാശംസ
ഒന്നാം പ്രണാമജപം കഴിഞ്ഞു സമാധാനാശംസയാണ്. ഇവിടെ പലരും പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ജനങ്ങളെ ആശീർവ്വദിക്കുന്നതിനു മുമ്പ് പുരോഹിതൻ തന്നെത്തന്നെ ആശീർവ്വദിക്കുന്നുണ്ടെന്നുള്ള കാര്യമാണ്. ബലിപീഠം ഭക്തിപൂർവ്വം ചുംബിച്ചതിനുശേഷം കൈകൾ കുരിശാകൃതിയിൽ നെഞ്ചിന്മേൽ ചേർത്തുവച്ചതുകൊണ്ട്, ദൈവത്തിനു സ്തുതിയും ബഹിമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിച്ചതിനുശേഷം, ഇപ്പോഴും എപ്പോഴും എന്നേക്കുമെന്ന് പറഞ്ഞ് തന്റെ മേൽ കുരിശടയാളം വരച്ചാണ് വൈദികൻ സ്വയം ആശീർവ്വദിക്കുന്നത്.
അനന്തരം ജനങ്ങളുടെ നേരെ തിരിഞ്ഞ് സമാധാനം + നിങ്ങളോടു കൂടെ എന്നുപറഞ്ഞ് അവരെയും ആശീർവ്വദിക്കുന്നു.ചിന്തയും മനനവും പഠനവും നമ്മെ ബോധ്യപ്പെടുത്തും, ഈ സമാധാനം ഈശോ തന്നെയാണ്, പരിശുദ്ധാത്മാവു തന്നെയാണ് എന്ന് ഈശോ പറഞ്ഞില്ലേ, ‘എന്റെ സമാധാനം നിങ്ങൾക്കു ഞാൻ തരുന്നു’വെന്ന്. ഇതുലോകം തരുന്ന സമാധാനം പോലെയല്ല. ഈശോയും പരിശുദ്ധാത്മാവും ഉള്ളിടത്തു പിതാവും ഉണ്ടായിരിക്കും. ”ഞാനും പിതാവും ഒന്നാകുന്നു.” പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്നു, പിതാവിന്റെയും പുത്രന്റെയും ആത്മാവാണു പരിശുദ്ധാത്മാവ്. അതുകൊണ്ട് പരമശ്രേഷ്ഠദിവ്യബലിയിൽ സമാധാംന ആശംസിക്കപ്പെടുമ്പോൾ (മൂന്നുപ്രാവശ്യമാണ് സമാധാനം ആശംസിക്കപ്പെടുന്നത്) പരിശുദ്ധത്രിതിവം നമ്മിലേക്ക്, നമ്മിൽ ഇടമുണ്ടെങ്കിൽ, വരുമെന്നുള്ളത് ഒരു നഗ്നസത്യമാണ്.

6. യോഗ്യതയോടെ മാത്രം
പരിശുദ്ധ ത്രിത്വം നമ്മിലേക്ക് എഴുന്നള്ളി വരുന്നുവെന്ന സത്യത്തിൽനിന്ന് ഒരു കാര്യം വ്യക്തം. ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടി മാത്രമേ ബലിയർപ്പിക്കാവൂ. പൗലോസ് ശ്ലീഹായുടെ മുന്നറിയിപ്പ് അതിശക്തമാണ്. ‘തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കർത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്നു പാനം ചെയ്യുകയും ചെയ്താൽ അവൻ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റു ചെയ്യുന്നു. അതിനാൽ, ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം (ഗൗരവമായ പാപങ്ങളുണ്ടെങ്കിൽ നല്ല കുമ്പസാരം നടത്തിയതിനുശേഷം) ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാൽ ശരീരത്തെ വിവേചിച്ചിറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവൻ തന്റെ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും” (1 കൊറീ. 11:27-29).

7. സഹായിയുടെ ചില പ്രാർത്ഥനകൾ
സമാധാനാശംസയ്ക്കുശേഷം, പ്രത്യേകാവസരങ്ങളിൽ, സഹായിചൊല്ലുന്ന പ്രാർത്ഥന പലവിധത്തിൽ ശ്രദ്ധേയമാണ്. ഈ ലോകം വിട്ട്, നിത്യത പ്രാപിച്ചിരിക്കുന്നവർക്കു സ്വർഗ്ഗസൗഭാഗ്യം സംസിദ്ധമാകുന്നതിനും ലോകസമാധാനത്തിനും കാലങ്ങൾ അനുഗൃഹീതവും ഐശ്വര്യപൂർണ്ണവുമാകുന്നതിനും ദിവ്യബലിയർപ്പിച്ചു ദിവ്യകാരുണ്യം അനുഭവിക്കുന്ന സകലർക്കും പ്രത്യേകിച്ച് പ്രസ്തുതബലിയിൽ സംബന്ധിക്കുന്നവർക്കും മറ്റെല്ലാവർക്കും ആ ബലിയിൽ ആരെങ്കിലും പ്രത്യേകം അനുസ്മരിക്കപ്പെടുന്നുണ്ടെങ്കിൽ അവർക്കും വേണ്ടിയാണ് സഹായിയുടെ ഈ സുന്ദരവും സാരഗർഭവുമായ പ്രാർത്ഥന. തുടർന്നുവരുന്നതു എല്ലാദിവസവും സഹായി ചൊല്ലുന്ന പ്രാർത്ഥനയാണ്. അതു ദിവ്യബലിയർപ്പിക്കുന്നവർക്കുണ്ടായിരിക്കേണ്ട മനോഭാവങ്ങൾ സുതരാം വ്യക്തമാക്കുന്നുണ്ട്. ”നമുക്കെല്ലാവർക്കും അനുതാപത്തോടും വിശുദ്ധിയോടും കൂടെ കർത്താവിനു നന്ദി പറയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യാം. നിങ്ങൾ ആദരപൂർവ്വം നിന്ന് ഇവിടെ അനുഷ്ഠിക്കുന്നവയെ സൂക്ഷിച്ചുവീക്ഷിക്കുവിൻ. ഭയഭക്തിജനകമായ രഹസ്യങ്ങൾ കൂദാശ ചെയ്യപ്പെടുന്നു. പുരോഹിതൻ തന്റെ മാദ്ധ്യസ്ഥ്യം വഴി സമാധാനം സമൃദ്ധമാകുന്നതിനുവേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങുന്നു. കണ്ണുകൾ താഴ്ത്തി, വിചാരങ്ങൾ സ്വർഗ്ഗത്തിലേക്കുയർത്തി നിശ്ശബ്ദരായി, ഏകാഗ്രതയോടും ഭക്തിയോടും ശ്രദ്ധയോടും കൂടെ നിങ്ങൾ ഹൃദയത്തിൽ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.”

8.നന്ദിപ്രകാശനം
വിശുദ്ധകുർബാന നന്ദി പ്രകാശനമാണല്ലോ. ഈ നന്ദിപ്രകാശനം അനുതാപത്തോടും വിശുദ്ധിയോടും ആയിരിക്കണം. ബലിയർപ്പകനിലുണ്ടായിരിക്കേണ്ട അവശ്യഭാവമാണ് അനുതാപം. പാപികളിൽ ഒന്നാമനാണു താനെന്ന ബോദ്ധ്യവും മേലിൽ പാപം വെറുത്തുപേക്ഷിക്കാനുള്ള ഉറച്ച തീരുമാനവുമുണ്ടെങ്കിൽ അനുതാപമുണ്ടെന്ന് അനുമാനിക്കാം. അനുതാപമുള്ളവൻ പാപമോചകനായ, പരമകാരുണികനായ കർത്താവിനെ വിളിച്ചപേക്ഷിക്കും.
ആദരപൂർവ്വമേ, കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ മാത്രമേ. ആരാധനാമനോഭാവത്തോടെ മാത്രമേ അനുതാപി ബലിയർപ്പിക്കുകയുള്ളൂ. ഇക്കാര്യവും സഹായി അർപ്പകരെ അനുസ്മരിപ്പിക്കുന്നു. ഭയഭക്തിജനകമായ രഹസ്യങ്ങളാണു കൂദാശ ചെയ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തതയോടെ അനുസ്മരിപ്പിക്കുന്നു. ‘സമാധാനം സമൃദ്ധമാകുന്നതിനുവേണ്ടി’യാണു പുരോഹിതൻ തത്സമയം പ്രാർത്ഥിക്കുന്നതെന്ന് എടുത്തുപറയുന്നു. സഹായിയുടെ തുടർന്നുള്ള നിർദ്ദേശങ്ങളെല്ലാം ദിവ്യബലിയുടെ ആരാധ്യത വ്യക്തമാക്കുന്നവയാണ്. കണ്ണുകൾ താഴ്ത്തുക, വിചാരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തുക, പരിപൂർണ്ണ നിശ്ശബ്ദരാകുക (ആന്തരികവും ബാഹ്യവുമായി), ഏകാഗ്രതയോടും ഭക്തിയെടും കൂടെ ഹൃദയത്തിൽ പ്രാർത്ഥിക്കുക ഇത്രയുമൊക്കെ ചെയ്യാൻ കഴിഞ്ഞാൽ യോഗ്യമായ മനോഭാവത്തോടെ ബലിയുടെ ഹൃദയഭാഗത്തേക്കു പ്രവേശിക്കാനാവും.