തിരുകുടുംബത്തിന്റെ ശിരസ്സേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
ഈശോയും മറിയവും തങ്ങളുടെ ഇച്ഛയെ മാത്രമല്ല, ഹൃദയങ്ങളെയും, അതീവ സ്നേഹത്തോടെ തിരുക്കുടുംബത്തിന്റെ തലവനായ വിശുദ്ധ യൗസേപ്പിതാവിനു സമർപ്പിച്ചു.വിശുദ്ധ പീറ്റർ ജൂലിയൻ.
കുടുംബം എന്ന അടിസ്ഥാന കൂട്ടായ്മ സ്ഥാപിക്കുകയും അതിന്റെ ശിരസ്സായി പിതാക്കന്മാരെ ദൈവം നിശ്ചയിക്കുകയും ചെയ്തു. ഇത് പുരുഷന്മാർ സ്ത്രീകളെക്കാൾ ശ്രേഷ്ഠരാണെന്ന് അർത്ഥമാക്കുന്നില്ല. യഥാർത്ഥത്തിൽ കാര്യസ്ഥന്റെ, പാലകന്റെ സ്ഥാനമാണ് അവനുള്ളത്. മറ്റു പല കാര്യങ്ങളിലും സ്ത്രീകൾ ഏറെ കഴിവുള്ളവരാണ്. അവർക്ക് മാത്രം ചെയ്യാവുന്ന പലകാര്യങ്ങളും ഉണ്ടല്ലോ. അവരും നിരവധി കാര്യങ്ങളിൽ നേതൃസ്ഥാനത്ത് തന്നെയാണ്. പുരുഷനും സ്ത്രീയും പരസ്പരപൂരകങ്ങളാണ്. ഇരുവരും ഇതു മനസ്സിലാക്കി ഒരുമയിൽ ജീവിക്കുന്ന കുടുംബങ്ങൾ ഭൂമിയിലെ സ്വർഗ്ഗം ആയിരിക്കും. കുടുംബത്തെ ഒരു പക്ഷിയോട് ഉപമിച്ചാൽ അതിന്റെ പരമപ്രധാന ചിറകുകളാണ് ഭർത്താവും ഭാര്യയും. ഒരു ചിറകുമായി പറക്കുന്ന പക്ഷിയെ നിങ്ങൾ കണ്ടിട്ടുണ്ടോ? കുടുംബത്തിന്റെ തലവനായി യൗസേപ്പിതാവ് നിശ്ചയിക്കപ്പെട്ടതിൽ ഈശോയും മാതാവും ഏറെ ആനന്ദിച്ചു.
കുടുംബനാഥന്മാർ യൗസേപ്പിതാവിനെ തങ്ങളുടെ മാതൃകയാക്കിയാൽ അവരുടെ പുരുഷത്വത്തിലുള്ള സങ്കീർണ്ണതകൾ പരിഹൃതമാകും. യൗസേപ്പിതാവ് തന്റെ സവിശേഷ ജീവിതത്തിലൂടെ സ്പഷ്ട്ടമാക്കുന്നത് കുടുംബനാഥന്റെ അധികാരം, ബലം, ചുമതല തുടങ്ങിയവ മറ്റുള്ളവരുടെ ശുശ്രൂഷയ്ക്കായുള്ള
താണെന്നാണ്.
എല്ലാ കുടുംബനാഥൻമാർക്കും യൗസേപിതാവിന്റെ പിതൃത്വ പരമായ ജാഗരൂകതയുടെയും പരിചരണത്തിന്റെയും അനാദൃശ്യമായ മാതൃകയുണ്ട്. അവർ യൗസേപ്പിതാവിനെ അനുകരിക്കുന്നതിൽ ഏറെ ശുഷ്കാന്തി ഉള്ളവരായിരിക്കുകയും വേണം. ലോകമെമ്പാടുമുള്ള ഭർത്താക്കന്മാർ അദ്ദേഹത്തെ മാതൃകയാക്കിയാൽ ഈ ലോകത്ത് ഒരു വിശുദ്ധിയുടെ വിപ്ലവം തന്നെ നടക്കും.
യൗസേപ്പിതാവിനെ കുടുംബത്തിന്റെ ആത്മീയ തലവനാക്കുക. അദ്ദേഹത്തിന്റെ മനോഹരമായ ഒരു രൂപമോ ചിത്രമോ നിങ്ങളുടെ ഭവനത്തിൽ ഉണ്ടായിരിക്കണം. അത് പ്രധാന സ്ഥലത്ത് പ്രതിഷ്ഠിക്കുക. തന്റെ മാദ്ധ്യരെസ്ഥം കുടുംബം ഒരുമിച്ച് വിളിച്ചപേക്ഷിക്കുക. ഉണ്ടാകുന്ന വ്യത്യാസം നിങ്ങൾക്ക് വളരെവേഗം അനുഭവവേദ്യമാകും. യൗസേപ്പിതാവ് നിങ്ങൾക്ക് ഈശോയെ കൂടുതൽ മനസ്സിലാക്കി തരികയും അവിടുന്നിലേക്ക് കൂടുതൽ അടുപ്പിക്കുകയും ചെയ്യും. പിതാവിന്റെ ദൈവാശ്രയം ബോധം “അങ്ങിൽ മാത്രമാണ് ഞങ്ങളുടെ പ്രത്യാശ”(ജെറമിയ 17: 14) എന്ന് ആത്മാർത്ഥതയോടെ ഏറ്റുപറയാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
ഈശോ നിങ്ങളുടെ അടുത്തേക്ക് വരികയും നിങ്ങളിലും നിങ്ങളുടെ ഇടയിലും വസിക്കുകയും ചെയ്യും. ദൈവത്തിൽ ആശ്രയിക്കുന്നവരുടെ ഭവനങ്ങളിലും കുടുംബങ്ങളിലും ഈശോ ഉണ്ട്. യൗസേപ്പ് ഈ സത്യത്തെക്കുറിച്ച് തികച്ചും ബോധവാനാണ്. നിങ്ങളുടെ ദൗത്യങ്ങൾ ദൈവ മഹത്വത്തിനനുപകരിക്കുംവിധം പൂർത്തിയാക്കുവാനും ഏറ്റം മാതൃകാപരമായ ഒരു സാക്ഷ്യ ജീവിതം നയിക്കുവാനും നിങ്ങളെ നിർലോഭം സഹായിക്കുകയും ചെയ്യും.
പ്രതിഷ്ഠ
തിരുകുടുംബത്തിന്റെ ശിരസ്സായ വിശുദ്ധ യൗസേപ്പിതാവേ, മാതാവും ഈശോയും തങ്ങളുടെ ഇച്ഛയും, ഹൃദയങ്ങളും അതീവ താൽപര്യത്തോടെ, അതിലേറെ സ്നേഹത്തോടെ, അങ്ങേയ്ക്ക് സമർപ്പിച്ചതുപോലെ ഞാനും എന്റെ ഇച്ഛയും ഹൃദയവും അങ്ങേയ്ക്ക് സ്നേഹസമന്വിതം പ്രതിഷ്ഠിക്കുന്നു. അങ്ങയുടെ പിതൃത്വപരമായ ജാഗരൂകതയും പരിചരണ ശുഷ്കാന്തിയും മാതൃകയാക്കാൻ എന്നെ അനുഗ്രഹിക്കണമേ! അങ്ങ് എപ്പോഴും എന്റെ ആത്മീയ പാലകനായിരിക്കണമേ! അങ്ങയുടെ നിത്യ മാദ്ധ്യസ്ഥ്യം എനിക്ക് തരണമേ! ഈശോയെ എനിക്ക് കൂടുതൽ മനസ്സിലാക്കി തരണമേ! അവിടുന്നിലേക്ക് എന്നെ കൂടുതൽ കൂടുതൽ അടുപ്പിക്കണമേ! കർത്താവിൽ മാത്രമാണ് എന്റെ പ്രത്യാശ എന്നു കൂടെക്കൂടെ ഉദീരണം ചെയ്യുവാൻ എന്നെ പ്രേരിപ്പിക്കണമേ! ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുന്നവരുടെ ഭവനങ്ങളിലും കുടുംബങ്ങളും ഈശോയുടെ സവിശേഷ സാന്നിധ്യമുണ്ടെന്ന സത്യം എന്നെ അനുസ്മരിപ്പിച്ചു കൊണ്ടിരിക്കണമേ! എല്ലാം ദൈവ മഹത്വത്തിനായി ചെയ്യാൻ പിതാവേ എന്നെ സഹായിക്കണമേ!.
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.