ഫ്രാൻസിൽ ലിയോൺസിന് സമീപമുള്ള ഡാർഡിലി എന്ന ഗ്രാമത്തിൽ മാത്യു വിയാനിയുടെയും മരിയയുടെയും മകനായി ജോൺ ജനിച്ചു. മാതാപിതാക്കന്മാർ ഭക്തരായ കർഷകരായിരുന്നു. മതാഭ്യസനം മർദ്ദന വിധേയമായിരുന്നു കാലത്താണ് ജോൺ വിയാനിയുടെ ബാല്യവും യൗവനവും. രാത്രിയാണ് വൈദികർ ഉപദേശവും മറ്റും നൽകിയിരുന്നത്.ജോണിന് 20 വയസുള്ളപ്പോൾ ആബെ ബെയ്ലിയുടെ സ്കൂളിൽ അവൻ പഠനമാരംഭിച്ചു. ലത്തീൻ ജോണിന്റെ തലയിൽ തീരെ കയറിയിരുന്നില്ല.നെപോളിയെന്റെ നിർബന്ധ സൈനിക സേവനത്തെ മറികടന്നു നോവെയിൽ ഒരു വർഷം കുട്ടികളെ പഠിപ്പിച്ചു. 1810 ൽ ജോൺ തന്റെ കുടുംബവകാശം സ്വസഹോദരൻ ഫ്രാൻസിസിനു വിട്ടുകൊടുത്തു.ജോണിന് പകരം ഫ്രാൻസിസ് സൈനിക സേവനം നിർവഹിക്കാൻ സമ്മതിക്കുകയും ചെയ്തു. ആബെ ബെയ്ലിയുടെ സ്കൂളിൽ കുറെനാൾകൂടി പഠിച്ചശേഷം 1813 ൽ ജോൺ സെമിനാരിയിൽ ചേർന്നു. പഠനം തൃപ്തികരമല്ലെന്നും സ്വഭാവം വിശിഷ്ടമാണെന്നും റെക്ടർ ലയോൺസിലെ വികാരി ജനറൽ മൊൻകുർബാനെ അറിയിച്ചു.
വികാരി ജനറാൾ റെക്ടറോട് ചോദിച്ചു വിയാനി ഭക്തിപൂർവ്വം കൊന്ത ചൊല്ലുമോ? ദൈവഭക്തിയിൽ ഒന്നാം സ്ഥാനം വിയാനിക്കാണെന്നു റെക്ടർ പറഞ്ഞു. എങ്കിൽ വിയാനിക്കു ഞാൻ പട്ടം കൊടുക്കാൻ പോകയാണ്. 1815 ഓഗസ്റ്റ് പതിമൂനാം തീയതി ജോണിന് പട്ടം കൊടുത്തു. രണ്ടുകൊല്ലം ബെയ്ലിയുടെ കീഴിൽ അസിസ്റ്റന്റായി ജോലി ചെയ്തു. അനന്തരം ആഴ്സിലെ വികാരിയായി. കുമ്പസാരവും കുർബാനയുമില്ലാതെ ഡാൻസും മദ്യവും മേളവുമായി കഴിഞ്ഞിരുന്ന ആഴ്സ് ഒരു അനുതാപകേന്ദ്രമായി. തണുപ്പുകാലത്തു 12 മണിക്കൂറും മറ്റു കാലങ്ങളിൽ 18 മണിക്കൂറും ഫാദർ വിയാനി കുമ്പസാരക്കൂട്ടിൽ ചിലവഴിച്ചുപോന്നു. ഭക്ഷണം പുഴുങ്ങിയ ഉരുളക്കിഴങ്ങും പച്ചവെള്ളവുമായിരുന്നു. ആഴ്സിലെ മനസാന്തരങ്ങൾ കണ്ടു പ്രകോപിതരായ പിശാചുക്കൾ ഫാദർ ജോണിന്റെ കട്ടിലിനു തീവയ്ക്കുകയുണ്ടായി. ഫാദർ ജോൺ സന്മാർഗശാസ്ത്രം പഠിച്ചിട്ടില്ലാത്ത ഒരു കപടഭക്തനാണെന്നു ലിയോൺസിലെ മെത്രാന്റെ മുൻപാകെ അസൂയാലുക്കളായ വൈദികരുടെ ആരോപണമുണ്ടായി. വികാരി ജനറാൾ നടത്തിയ പരിശോധനയിൽ ആരോപണം അടിസ്ഥാനരഹിതമാണെന്നു അദ്ദേഹത്തിന് ബോധ്യപ്പെട്ടു.
വിയാനിക്കു പഠനസമർഥ്യമില്ലെന്നു പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഉപദേശങ്ങളും എത്രയും സുന്ദരമായിരുന്നുവെന്നു ആബെ മോണിൽ എഴുതിയിരിക്കുന്ന ജീവചരിത്രം വിശദമാക്കുന്നുണ്ട്. പ്രസംഗങ്ങൾ ഫലിതസമ്മിശ്രവും ഹൃദയസ്പർശകവുമാണ്. തടിച്ച ഒരു സ്ത്രീ സ്വർഗത്തിലേക്ക് പോകാൻ എന്തു ചെയ്യണമെന്ന് ഫാദർ വിയാനിയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: രക്ഷയിലേക്കുള്ള മാർഗം എത്രയും ഇടുങ്ങിയതും സങ്കുചിതവുമാണ്.’ 20 വര്ഷത്തിനിടയ്ക്കു 20 ലക്ഷം പാപികൾ അദ്ദേഹത്തെ സമീപിച്ചു ഉപദേശം വാങ്ങിയിട്ടുണ്ട്. മെത്രാന്മാരും വൈദികരുംകൂടി അദ്ദേഹത്തിന്റെ കുമ്പസാരകൂടിനെ സമീപിച്ചിരുന്നു. ഫ്രഞ്ച് ഗവണ്മെന്റ് അദ്ദേഹത്തിന് മാടമ്പി സ്ഥാനം നൽകിയിട്ടുണ്ട് (Knight of the Legion of Honour).
പ്രായശ്ചിത്തംകൊണ്ട് ശരീരം തീരെ മെലിഞ്ഞിരുന്നുവെങ്കിലും നേത്രങ്ങൾ അവസാനംവരെ ദൈവസ്നേഹത്തെ പ്രതിബിംബിപ്പിച്ചിരുന്നു; കാര്യമായ രോഗമൊന്നും അദ്ദേഹത്തിനുണ്ടായിട്ടില്ല. ഒരാഴ്ചത്തെ ആലസ്യത്തിനു ശേഷം എഴുപത്തിമൂന്നാമത്തെ വയസ്സിൽ 1859 ഓഗസ്റ്റ് നാലാം തീയതി അദ്ദേഹം ദിവംഗതനാകുകയാണുണ്ടായത്.