335 മുതൽ ജെറുസലേമിലും അഞ്ചും ആറും നൂറ്റാണ്ടുമുതൽ ഗ്രീക്ക് സഭയിലും ലത്തീൻ സഭയിലും കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കൊണ്ടാടിത്തുടങ്ങി. കോൺസ്റ്റന്റൈൻ ചക്രവർത്തിക്കുണ്ടായ ദർശനമാണ് ഈ തിരുനാളിനുള്ള ഒരു കാരണം. 326 ൽ ഹെലേന രാജ്ഞി യഥാർത്ഥ കുരിശു കണ്ടുപിടിച്ചതും തിരുനാളിന്റെ പ്രചാരണത്തിന് കാരണമായി.
കോൺസ്റ്റന്റൈൻ ചക്രവർത്തി കരുത്തേറിയ മാക്സൺസീയൂസ് രാജാവിന്റെ ആക്രമണത്തെ ഭയന്നിരിക്കുമ്പോൾ സത്യ ദൈവത്തോട് സഹായം അഭ്യർത്ഥിച്ചു. അന്ന് അദ്ദേഹം ക്രിസ്ത്യാനി ആയിരുന്നില്ല. രാത്രി ചക്രവർത്തിക്ക് ഒരു കാഴ്ചയുണ്ടായി. ആകാശത്തിൽ കുരിശാകൃതിയിൽ ഒരു പ്രകാശവും കുരിശിനെ വലയം ചെയുന്ന വൃത്താകൃതിയിലുള്ള ഒരൂല്ലേഖനവും. ഈ അടയാളത്തിൽ നീ വിജയം വരിക്കുമെന്നായിരുന്നു എഴുതിയിരുന്നത്. ക്രിസ്തു കാണപ്പെട്ടു ആ കാഴ്ചയിൽ കണ്ടതുപോലെ ഒരു അടയാളം പതാകയിൽ ചേർക്കാൻ ആജ്ഞാപിച്ചു. അങ്ങനെ കോൺസ്റ്റന്റൈൻ ചെയ്തു; യുദ്ധത്തിൽ വിജയം വരിച്ചു. താമസിയാതെ മതപീഡനം നിർത്തിയതായും ക്രിസ്ത്യാനികൾക്ക് സ്വാതന്ത്ര്യം നൽകിയതായും വിളംബരം ചെയ്തു. അതാണ് 313 ലെ പ്രസിദ്ധമായ മിലൻ വിളംബരം.
കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ തിരുസഭയിൽ സർവത്രികമായതു ഹെറാക്ലിയുസ് ചക്രവർത്തി പേർഷ്യൻ രാജാവായ കോസ്റോസിനെ മൂന്ന് പ്രാവശ്യം പരാജയപ്പെടുത്തി കുരിശിന്റെ അവശിഷ്ടം അദ്ദേഹത്തിന്റെ പക്കൽനിന്നു സ്വായത്തമാക്കിയതിനുശേഷമാണ്. 614 ൽ പേർഷ്യൻ രാജാവ് ജെറുസലേം പിടിച്ചടക്കി അവിടെ ഹെലേന രാജ്ഞി വച്ചിരുന്ന കുരിശിന്റെ അവശിഷ്ടം സ്വാരാജ്യത്തിലേക്കു കൊണ്ടുപോകുകയുണ്ടായി.
629 ൽ ജറുസലേമിൽ കുരിശിന്റെ അവശിഷ്ടം സ്ഥാപിച്ചു; അന്നുമുതൽ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ തിരുസഭയിലാകമാനം കൊണ്ടാടാൻ തുടങ്ങി.