മാർച്ച് 20
സ്കോട്ട്ലാന്റിൽ മേൽറോസ് എന്ന സ്ഥലത്ത് ജനിച്ച ബെർത്ത് സ്ഥലത്തെ ആശ്രമവുമായി അടുത്ത ബന്ധത്തിലാണ് ബാല്യം മുതൽ വളർന്നത്. ഒരു രാത്രി ആടുകളെ കാത്ത് പ്രാർത്ഥനയിൽ മുഴുകിയിരിക്കുമ്പോൾ വി. അയിഡാൻറെ ആത്മാവ് മാലാഖമാരുടെ അകമ്പടിയോടുകൂടി സ്വർഗ്ഗത്തിലേക്ക് പോകുന്ന ഒരു കാഴ്ച യുവാവായ കത്ത്ബെർട്ടിനുണ്ടായി . ഈ കാഴ്ച്ച കത്ത്ബെർട്ടിനെ മേൽറോസാശ്രമത്തിൽ ചേരാനിടയാക്കി. ആശ്രമശ്രേഷ്ട്ടന്റെ കീഴിൽ കാത്ത്ബെർട്ട് വിശുദ്ധഗ്രന്ഥം പഠിച്ചു; തീക്ഷണമായ ഒരു ജീവിതം നയിച്ച്. ഗുരു മരിച്ചപ്പോൾ അദ്ദേഹം പ്രിയോരായി തിരഞ്ഞെടുക്കപ്പെട്ടു. സ്ഥലത്തും പരിസരങ്ങളിലുമുണ്ടായിരുന്ന അന്ധവിശ്വാസം നീക്കാൻ അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. പിന്നീട് ലിൻടിസുഫാൺ ആശ്രമത്തിലേക്കു സ്ഥലം മാറിയപ്പോൾ അവിടെയും അദ്ദേഹം അന്ധവിശ്വാസത്തോടു സമരം ചെയ്തു.
കൂടുതൽ ഏകാന്തം അന്വേഷിച്ച് അദ്ദേഹം ലിൻടിസുഫാണിൽ നിന്ന് ഫാൻ ദ്വീപിലേക്ക് കടന്നു സ്വയം അധ്വാനിച്ചു ജീവിച്ചു. അവിടെവച്ചും അദ്ദേഹം ആധ്യാത്മികോപദേശങ്ങൾ നൽകിയിരിക്കുന്നു; എന്നാൽ തന്റെ കൊച്ചുമുറിയിൽ നിന്ന് പുറത്തുകടക്കാതെ ഒരു കിളിവാതിലിൽ കൂടെ ആയിരുന്നു. ഈ ഏകാന്തത്തിൽ ദൈവസ്തുതികൾ പാടിയും ധ്യാനിച്ചുമാണ് ഫാദർ കത്ത്ബെർത്ത് ജീവിച്ചു പോന്നത്.
ട്വിഫോർഡിൽ വി. തിയോഡോറിന്റെ അധ്യക്ഷതയിൽ ചേർന്ന മെത്രാന്മാരുടെ സൂനഹദോസ് ഏകാന്തതയിൽ കഴിഞ്ഞിരുന്ന ഫാദർ കത്ത്ബെർട്ടിനെ ലിൻടിസൂഫാനിലെ ബിഷപ്പായി തിരഞ്ഞെടുത്തു. 685 –ൽ യോർക്കിൽവച്ച് അഭിഷേകം ചെയ്തു. പുതിയ സ്ഥാനം ലഭിച്ചപ്പോഴും തപോനിഷ്ടയ്ക്ക് കുറവ് വരുത്തിയില്ല. ചുറ്റിനടന്നു അദ്ദേഹം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. രണ്ടുകൊല്ലത്തെ ഭരണം കഴിഞ്ഞു ഫാൻദ്വീപിലേക്കു പോയി അവിടെവച്ചു മരിച്ചു.
വി കത്ത്ബെർട്ടിന്റെ ജീവിതം അനസ്യൂതമായ പ്രാർത്ഥനയായിരുന്നു. ദൈവത്തിന്റെ ബഹുമാനത്തിനായി വിനിയോഗിക്കാത്ത സമയം പാഴായിട്ടാണ് അദ്ദേഹം കരുതിയിരുന്നത്. ദൈവത്തിന്റെ നീതിയും കാരുണ്യവും സ്നേഹവും സൃഷ്ടിയിൽ പ്രകാശിതമാകുന്ന അവിടുത്തെ മഹത്വവുമായിരുന്നു വിശുദ്ധന്റെ സാധാരണ ചിന്താവിഷയം. ഒരു ദിവ്യതേജസ്സ് അദ്ദേഹത്തിന്റെ മുഖത്തിനുണ്ടായിരുന്നുവെന്ന് സമകാലികർ പറയുന്നു. ദൈവത്തെയാണ് കത്ത്ബർട്ട് സദാ ദാഹിച്ചിരുന്നത്; അവിടുന്നിലായിരുന്നു അദ്ദേഹത്തിന്റെ ആനന്ദം.
വിചിന്തനം:”ക്ഷമയാണ് എല്ലാ സുകൃതങ്ങളുടെയും തായ്വേരും സംരക്ഷകയും” (മഹാനായ വി. ഗ്രിഗറി)