തന്റെ ദൈവവിളിയിൽ പരിശുദ്ധ അമ്മയുടെ അത്യത്ഭുതകരമായ ഇടപെടൽ അനുഭവിച്ചു ലീമയിലെ വിശുദ്ധ റോസ്. അഗസ്റ്റീനിയന് സന്യാസ സമൂഹത്തിൽ ചേരണമെന്നായിരുന്നു റോസിന്റെ ആഗ്രഹം. എന്നാൽ താൻ ഡൊമിനിക്കൻ സഭാസമൂഹത്തിൽ ചേരണമെന്നതാണ് പരിശുദ്ധ അമ്മയുടെ പ്രത്യേക താത്പര്യമെന്ന് അവൾക്കു വെളിപ്പെടുത്തിക്കിട്ടി. അങ്ങനെ അവൾ സ്വഭവനത്തിൽ തന്നെ താമസിച്ചു, വി. കാതറീനെപോലെ ജീവിച്ചു. പ്രാർത്ഥനയിലും തപശ്ചര്യകളിലും മുഴുകി ആത്മാക്കളെ നേടിക്കൊണ്ടിരുന്നു. യഥാവിധി ആത്മാക്കളെ നേടാൻ വിശുദ്ധജീവിതങ്ങളെ ‘അമ്മ പരിശീലിപ്പിക്കും. അമ്മയുടെകൂടെയിരുന്നു അമ്മയാകുന്ന പഠനകളരിയിൽ നിന്നുവേണം വിശ്വാസികൾ ആത്മാക്കളെ നേടാനുള്ള കഴിവ് സമ്പാദിക്കാൻ. ഇതിനായി തിരഞ്ഞെടുക്കപ്പെട്ടവരെ അതിനുള്ള രഹസ്യവഴികൾ പറഞ്ഞുകൊടുത്തു വേണ്ടവിധം പരിശീലിപ്പിക്കും.
കുറവുകളില്ലാത്തവിധം, ആത്മീയ വളർച്ചയിൽ നമ്മെ സഹായിക്കുന്നവളാണ് പരിശുദ്ധ ‘അമ്മ. തന്റെ മക്കളെ തന്റെ തിരുകുമാരന്റെ തിരുഹിതത്തിനു ‘അമ്മ അനുരൂപരക്കുന്നു. ദൈവഹിതത്തിനു സ്വയം സമർപ്പിക്കുന്നത് എങ്ങനെയെന്ന് ‘അമ്മ പരിശീലിപ്പിക്കുന്നു. വി. ഇഗ്നേഷിയുസ് ലയോളയെയും സവിശേഷമായ വിധത്തിൽ ‘അമ്മ പരിശീലിപ്പിച്ചിരുന്നു. യുദ്ധത്തിലുണ്ടായ പരിക്ക് ജീവിതത്തെ ഗൗരവമായി എടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ക്രിസ്ത്വാനുകരണം എരിവോടെ അദ്ദേഹം വായിച്ചുകൊണ്ടിരുന്ന.
ഒരിക്കൽ ‘അമ്മ, ഉണ്ണീശോയുമായി, അദ്ദേഹത്തിന് പ്രത്യക്ഷപെട്ടു. നിരവധി തവണ ദർശനം ആവർത്തിക്കപ്പെട്ടു. അമ്മയും ഉണ്ണിയും നിരവധി കാര്യങ്ങൾ ഇഗ്നേഷ്യസിനെ പഠിപ്പിച്ചു. ആ ദിവ്യപ്രേരണയിൽ എല്ലാം ഉപേക്ഷിച്ചു അദ്ദേഹം ഒരു തീർത്ഥയാത്ര ആരംഭിച്ചു. ആദ്യമേ പോയത് സെറാട്ടു മലയിലെ പരിശുദ്ധ അമ്മയുടെ ദേവാലയത്തിലേക്കാണ്. അവിടെവച്ചു അദ്ദേഹം അമ്മയ്ക്ക് സ്വയം സമർപ്പണം നടത്തി. യോദ്ധാവിന്റെ വേഷം ദരിദ്രർക്ക് സമ്മാനിച്ചിട്ടു ഒരു നീണ്ട ഉടുപ്പ് ധരിച്ചു. അടുത്തുള്ള ബെനഡിക്ടൻ ആശ്രമത്തിൽ പോയി കുമ്പസാരിച്ചു. അങ്ങനെ അമ്മയുടെ പരിപാലനയിലും പരിലാളനത്തിലും ഒരു മഹാവിശുദ്ധൻ തിരുസഭയിൽ രൂപപെടുന്നതിനു ആരംഭം കുറിച്ചു.