നിത്യജീവൻ അവകാശമാക്കാൻ എന്ത് ചെയ്യണം എന്ന് ചോദിക്കുന്ന ധനികനായ യുവാവിനു ഈശോ രണ്ട് ഘട്ടങ്ങളിലായാണ് മറുപടി നൽകുക. രണ്ടാമത്തെ ഉത്തരമാണ് ഈ സംഭാഷണത്തിന്റെ ശ്രദ്ധ കേന്ദ്രം. ആദ്യഘട്ടത്തിൽ നാഥൻ നൽകുന്ന മറുപടിയിൽ, നിത്യജീവൻ പ്രാപിക്കാൻ നിയമങ്ങളുടെ അനുസരണം അനിവാര്യമാണെന്ന് അവിടുന്ന് വ്യക്തമാക്കുന്നു, മർക്കോസ്, ലൂക്കാ സുവിശേഷങ്ങളിൽ നിന്നും വ്യത്യസ്തമായി” നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക” എന്ന കൽപ്പന മത്തായി കൂട്ടിച്ചേർക്കുന്നു (19 :19).പഴയ നിയമത്തിലെ കൽപ്പനകൾ ആണ് പ്രഥമ ഭാഗത്ത് മിശിഹാ ആ യുവാവിന്റെ ശ്രദ്ധയിൽപ്പെടുത്തുക. (പുറ.20:12-16;ലേവ്യ 19:18). ഇതിന് യുവാവ് നൽകുന്ന മറുപടിയേറെ ഭാവാത്മകമാണ്. ” ഇവയെല്ലാം ഞാൻ അനുഷ്ഠിച്ചിട്ടുണ്ട്.ഇനിയും എനിക്ക് എന്താണ് കുറവ്? “(19:20). ഈ ചോദ്യത്തിന് മറുപടിയായാണ് ഈശോ രണ്ടാംഘട്ടത്തിലെ മറുപടി നൽകുന്നത്.
സന്തോഷത്തോടെ ഈശോയെ സമീപിച്ച് ആ യുവാവിനു മാതൃകാപരമായതും നിത്യജീവൻ പ്രാപിക്കാൻ കൂടുതൽ സഹായകവുമായ ഒരു മാർഗ്ഗം ഈശോ നിർദ്ദേശിച്ചു കൊടുക്കുന്നു. പരിപൂർണ്ണൻ ആകാൻ ഉള്ളതെല്ലാം വിറ്റു ദരിദ്രർക്ക് നൽകുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും.(19:21). വിലയേറിയ രത്നം കണ്ട വ്യാപാരി ഉള്ളതെല്ലാം വിറ്റ് ആ രത്നം വാങ്ങുന്നതുപോലെയാണ് സ്വർഗ്ഗരാജ്യം എന്ന് ഈശോ പറഞ്ഞ ഉപമയിലെ സന്ദേശം തന്നെയാണ് ധനികനായ യുവാവിനോട് പറഞ്ഞത് (മത്താ.13:45,46) സ്വർഗ്ഗത്തിൽ നിക്ഷേപം കണ്ടെത്തുന്നവനേ,അഥവാ സ്വർഗ്ഗമാണ് ഏറ്റവും വലിയ നിക്ഷേപം എന്ന് ബോധ്യമുള്ളവനേ അതിനായി സകലതും പരിത്യജിക്കാനാവൂ. പൂർണ്ണനാവുക എന്നത് ഓരോ ശിഷ്യനിൽ നിന്നും ഈശോ ആവശ്യപ്പെടുന്നതാണ്. “നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ “(മത്താ.5:48). ഇതാണ് ഈശോ നൽകുന്ന പരിപൂർണ്ണതയുടെ മാനദണ്ഡം.
രക്ഷപ്രാപിക്കാൻ നിയമം പാലിച്ചാൽ മതി എന്നു കരുതിയിരുന്നവരാണ് യഹൂദർ. ഈ ചിന്താഗതി ഈശോ തിരുത്തുന്നു. ഭൂമിയില്‍ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവനശിപ്പിക്കും; കള്ളന്മാര് തുരന്നു മോഷ്ടിക്കും.
എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളന്മാര് മോഷ്ടിക്കുകയില്ല.
നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.
മത്തായി 6 : 19-21.
ഭൗമിക ജീവിതം നിത്യ ജീവിതത്തിലേക്കുള്ള (നിത്യജീവനിലേക്കുമുള്ള) വഴിയൊരുക്കുന്നു. നിത്യ സ്വർഗം പ്രാപിക്കണമെങ്കിൽ നന്മയുടെ പാതയിലൂടെ തന്നെ സഞ്ചരിക്കണം. ഭൂമിയിലെ സമ്പാദ്യങ്ങൾ എല്ലാം കടന്നുപോകുന്നതും നശ്വരങ്ങളും ആണ്. വഴിയും സത്യം ജീവനുമായ ഈശോയുടെ യഥാർത്ഥ ശിഷ്യൻ ആകാനുള്ള ക്ഷണം ധനികനായ യുവാവ് നിരാകരിക്കുകയായിരുന്നു.
ധനവാൻ സ്വർഗ്ഗരാജ്യ പ്രവേശിക്കുക ഏറെ ദുഷ്കരമാണ്.ഇത് സൂചിപ്പിക്കാനാണ്” ഒട്ടകം, സൂചികുഴ”പ്രയോഗം ഉപയോഗിച്ചിരിക്കുന്നത്.ഇത് അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കാനുള്ളതല്ല.മനുഷ്യനെ മാനസാന്തരത്തിലേയ്ക്ക് ക്ഷണിക്കാൻ മാത്രമാണ് ഈശോയുടെ ലക്ഷ്യം. രക്ഷ ഒരു ദൈവീക ദാനമാണ്. പക്ഷേ ഈ ദാനം സ്വീകരിക്കാൻ മനുഷ്യൻ പാപവും പാപമാർഗങ്ങളും പരിപൂർണ്ണമായി പരിത്യജിക്കണം. സകല തിന്മകളും വർജിക്കണം. പഴയ മനുഷ്യനെ പൂർണമായി ഉരിഞ്ഞു കളഞ്ഞു പുതിയ മനുഷ്യനായി ധരിക്കണം.