ഇസ്രായേൽ ജനം ദൈവത്തിന്റെ പരിപാലന ആവോളം നുകർന്നവരാണ്. അബ്രാമിനെ അവിടുന്ന് വിളിച്ചു വേർതിരിച്ചു, സ്വന്തമാക്കി. സമയത്തിന്റെ പൂർണതയിൽ അവനെ എബ്രഹാം, ജനതകളുടെ പിതാവ്, ആക്കി. “ഞാൻ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നിന്റെ പേര് ഞാൻ മഹത്തമാക്കും. അങ്ങനെ നീ അനുഗ്രഹമായിരിക്കും” (ഉല്പ. 12:2). ദൈവം അബ്രാഹത്തോടു അരുളിച്ചെയ്യുന്നു: “നിന്റെ ഭാര്യാ സാറായിയെ ഇനിമേൽ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര് സാറ എന്നായിരിക്കും. ഞാൻ അവളെ അനുഗ്രഹിക്കും. അവൾ ജനതകളുടെ മാതാവാകും. അവളിൽ നിന്ന് ജനതകളുടെ രാജാക്കന്മാർ ഉത്ഭവിക്കും” (ഉല്പ. 17:15).
ലോത്തിനെയും അവന്റെ രണ്ടു പെൺമക്കളെയും അഗ്നിയിൽനിന്നും ഗന്ധകത്തിൽ നിന്നും രക്ഷിച്ചത് ദൈവത്തിന്റെ സ്നേഹത്തിന്റെയും പരിപാലനയുടെയും പ്രവർത്തനമാണ് (cfr ഉല്പ. 19:12-22). ഇസഹാക്കിനു ദൈവത്തിന്റെ പരിപാലന ഉണ്ടായിരുന്നു. ദൈവം അവനോടു അരുളിച്ചെയ്തു, “നിന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവമാണ് ഞാൻ.ഭയപ്പെടേണ്ട. ഞാൻ നിന്നോടുകൂടെയുണ്ട്. ഞാൻ നിന്നെ അനുഗ്രഹിക്കും. നിന്റെ സന്തതികളെ വർധിപ്പിക്കും. അതിനാൽ അവൻ അവിടെ ഒരു ബലിപീഠം നിർമിച്ചു; കർത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു” (ഉല്പ. 26:24,25).
യാക്കോബിനുള്ള ദൈവപരിപാലന അവന്റെ തന്നെ വാക്കുകളിൽ നമുക്ക് കേൾക്കാം. “എന്റെ കഷ്ടപ്പാടിൽ എന്റെ പ്രാർത്ഥന കെട്ടവനും ഞാൻ പോയിടത്തെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നവനുമായ എന്റെ ദൈവത്തിനു ഞാനൊരു ബലിപീഠം പണിയും” (ഉല്പ. 35:3). മകൻ ജോസഫ് ഇജിപ്റ്റിന്റെ അധിപനായി, മാതാപിതാക്കളെയും സഹോദരങ്ങളെയും കൊടിയ ക്ഷാമത്തിൽ നിന്ന് രക്ഷിച്ചു.( cfr ഉല്പ. 37, 38, 39, 40, 41, 42, 43, 44, 45)
ഇജിപ്റ്റിന്റെ മേൽ 10 മഹാമാരികളെ അയച്ചു ഇസ്രായേൽ മക്കളെ (ഇജിപ്റ്റിന്റെ) അടിമത്തത്തിൽ നിന്ന് രക്ഷിക്കുന്നത് അവർക്കുള്ള മഹാപരിപാലനയല്ലേ. (cfr പുറ. 1 മുതൽ 12 വരെയുള്ള അധ്യായങ്ങൾ). മരുഭൂമിയിലൂടെ യാത്ര ചെയ്ത ഇസ്രായേൽക്കാര്ക്ക് പകലും രാവും സൗകര്യമായി യാത്ര ചെയ്യാൻ വേണ്ടി പകൽ വഴികാട്ടാൻ മേഘസ്തംഭവും രാത്രിയിൽ പ്രകാശം നല്കാൻ അഗ്നിസ്തംഭത്തിലും കർത്താവു അവർക്കു മുൻപേ പോയിരുന്നു (പുറ. 13:21).
ഇസ്രായേൽക്കാർ മോശയുടെ നേതൃത്വത്തിൽ ചെക്കടലിനു നടുവേ വരണ്ട ഭൂമിയിലൂടെ കടന്നുപോയതും (പുറ. 14 ) മാറയിലെ കയ്പ്പുള്ള ജലം മധുരമുള്ളതാക്കി തന്റെ ജനത്തിന് കുടിവെള്ളം നൽകിയതും (പുറ. 15:22-27) മന്നായും കാടപ്പക്ഷിയും നൽകി അവരെ തീറ്റിപ്പോറ്റിയതും (പുറ. 16 ) ശത്രുക്കൾക്കെതിരെ കർത്താവു യുദ്ധം ചെയ്തതും (പുറ. 14:14) പത്തു പ്രമാണങ്ങൾ നൽകിയതും (പുറ. 20 ) അവരുമായി പലപ്രാവശ്യം ഉടമ്പടിയിലേർപ്പെടുന്നതും (പുറ. 24 ) നിരന്തരം അവരോടു ക്ഷമിക്കുന്നതും (34:28) പാറയിൽ നിന്ന് ജലം സമൃദ്ധമായി നൽകിയതും (സംഖ്യാ.) എല്ലാം ഇസ്രയേലിനുള്ള വലിയ ദൈവപരിപാലനയായിരുന്നു.