“മണ്ണിൽ മുള പൊട്ടി വരുന്നതുപോലെയും തോട്ടത്തിൽ വിത്ത് മുളയ്ക്കുന്നതുപോലെയും ജനതകളുടെ മുൻപിൽ നീതിയും സ്തുതിയും ഉയർന്നുവരാൻ കർത്താവ് ഇടയാക്കും” (ഏശ. 61 :11 ). ജനിച്ചപ്പോൾ മുതൽ ഹൃദയത്തിന്റെ വാൽവിനു ഗൗരവമായ തകരാറുണ്ടായിരുന്ന ഒരു ഹൈന്ദവ പെൺകുട്ടിയുടെ കഥ ഓർമ്മ വരുന്നു. അവൾ ബുദ്ധിമതിയായിരുന്നു. ക്രൈസ്തവ ഭവനങ്ങളുടെ ഏതാണ്ട് മധ്യത്തിലായിരുന്നു അവളുടെ ഭവനം. അയല്പക്കങ്ങളിൽ ഉയരുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങൾ . അവൾ കേട്ടുപഠിക്കുകയും പാരഡി ചെയ്യുകയും ചെയ്യുമായിരുന്നു. അവളുടെ തീരാത്ത സഹനമാണ് ഇതിനു അവളെ പ്രേരിപ്പിച്ചത്. തനിക്കു വിവാഹിതയാകനോ , മക്കൾക്ക് ജന്മം നൽകാനോ കഴിയുകയില്ലെന്നും ആജീവനാന്തം ഈ അവസ്ഥയിൽ തുടരുമെന്നും ഡോക്ടർമാർ മാതാപിതാക്കന്മാരോട് പലപ്രാവശ്യം പറഞ്ഞിരുന്നു. അവളുടെ സ്മൃതി പഥത്തിലുണ്ടായിരുന്നത് കൊണ്ടാണ് മൂലം പ്രത്യാശ നൽകുന്ന പ്രസ്തുത ഭക്തി ഗാനങ്ങളൊന്നും ഉൾക്കൊള്ളാൻ അവൾക്കു കഴിയാതെ പോയത്.
അവൾക്കു പതിനേഴു വയസ്സ് ആയിരുന്നപ്പോൾ ഉണ്ടായ അനുഭവമാണ് ഇവിടെ പരാമർശം. സ്നേഹധനരായ ഏതാനും അയൽക്കാർ ഒരിക്കൽ അവളെ നല്ല ഒരു പ്രാർത്ഥനാഗ്രൂപിൽ എത്തിച്ചു. അവൾക്കുവേണ്ടി എല്ലാവരും തുടർച്ചയായി പ്രാർത്ഥിക്കാൻ തുടങ്ങി. പ്രാർത്ഥനയിൽ താത്പര്യപൂർവ്വം പങ്കെടുക്കാൻ ദൈവം അവൾക്കു കൃപ നൽകിക്കൊണ്ടിരുന്നു. അവിടെ വായിച്ചിരുന്ന തിരുവാക്യങ്ങൾ അവളെ സ്വാധീനിച്ചു തുടങ്ങി. ഈശോയ്ക്ക് 700 വർഷങ്ങൾക്കു മുൻപ് ഏശയ്യാപ്രവാചകൻ എഴുതിയ ഒരു വചനം അവളെ ഏറെ സ്പർശിച്ചു. ആ വാക്യം ഇതാണ്. (61:3) “സീയോനിൽ വിലപിക്കുന്നവർ കർത്താവ് നട്ടുപിടിപ്പിച്ച നീതിയുടെ ഓക്കുമരങ്ങൾ എന്ന് വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീർത്തിക്കപ്പെടാനും വേണ്ടി അവർക്കു വെണ്ണീരിനുപകരം ആന്ദത്തിന്റെ തൈലവും തളർന്ന മനസ്സിനുപകരം സ്തുതിയുടെ മേലങ്കിയും നൽകാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു“. . വി അഗസ്തിനോസ് പറയുന്നു, “ദൈവത്തിന്റെ ദാഹം തീർക്കലാണ് സ്തുതിപ്പ്” എന്ന്. സ്തുതിച്ചു പ്രാർത്ഥിക്കുന്നവരെ ദൈവം സംരക്ഷിച്ചു വളർത്തും. ഉള്ളംകൈയിൽ കാത്തുപരിപാലിക്കും. വളരെ അപൂർവ്വവും ഹൃദയഭേദകവുമാണല്ലോ ഒരു പെറ്റമ്മ തന്റെ കുഞ്ഞിനെ മറക്കുക എന്നത്. ഇനി, അവൾ മറന്നാലും ദൈവം തന്റെ ഉള്ളംകൈയിൽ നമ്മെ കാത്തുപരിപാലിക്കും. (ഏശ. 49 :16 ). പ്രാർത്ഥനയിൽ സംബന്ധിച്ച് തുടങ്ങിയത് മുതൽ ദൈവം പെൺകുട്ടിയിൽ വ്യക്തമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു. കുറച്ചുകാലത്തെ പ്രാർത്ഥനയ്ക്ക് ശേഷം മാതാപിതാക്കൾ അവളെ വീണ്ടും ഡോക്ടറുടെ അടുത്തുകൊണ്ടു ചെന്നു. പരിശോധനയിൽ അദ്ദേഹം കണ്ടകാര്യം അക്ഷരാർത്ഥത്തിൽ അയാളെ അത്ഭുതസ്തബ്ധനാക്കി. കുട്ടി പരിപൂർണ്ണമായി സുഖപ്പെട്ടിരിക്കുന്നു! അവൾക്കിനി വിവാഹം കഴിക്കാം, കുഞ്ഞുങ്ങൾക്ക് ജന്മം നൽകാം സൗഖ്യപ്രാപ്തിയോടെ ആ മകളിൽ സമ്പൂർണ്ണമനസാന്തരവും ഉളവായി. ഇന്ന്, സ്ഥിരം പ്രാർത്ഥന (ഗ്രൂപ്പായി) നടക്കുന്ന ഒരു ഭവനമാണ് അവളുടേത് മാത്രമല്ല, ഒരു ധ്യാനടീമിൽ അംഗമായി അവൾ, കേരളത്തിന് അകത്തും പുറത്തും , വചനം പ്രസംഗിക്കുകയും കൗണ്സിലിംഗ് നടത്തുകയും നിരവധി ആളുകൾക്ക് പ്രചോദനവും പ്രത്യാശയും പ്രദാനം ചെയ്തു കൊണ്ടിമിരിക്കുന്നു .
സമയം സമാഗതമായപ്പോൾ അവൾ, മുറപോലെ വിവാഹിതയായി. സദ്ഗുണസമ്പന്നനായ ഒരു യുവാവിനെയാണ് സർവ്വശക്തൻ അവൾക്കു സമ്മാനിച്ചിരിക്കുന്നത്. ഇപ്പോൾ അവർക്ക് ഇരുപത്തിരണ്ടും പതിനെട്ടും വയസ്സുകളുള്ള, രണ്ടു സൽസ്വഭാവികളായ ആണ്മക്കളെയും നല്ലദൈവം നൽകിയിരിക്കുന്നു! ഇത് അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും മാത്രമല്ല നീതിയുടെയും ആവിഷ്ക്കരണമാണ്. “വിശ്വാസം വഴി സംലബ്ധമാകുന്ന രക്തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്ചയിച്ചു തന്നു. അവിടുന്ന് തന്റെ ക്ഷമയിൽ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട് ഇപ്പോൾ തന്റെ നീതി വെളിപ്പെടുത്താനും അങ്ങനെ താൻ നീതിമാനാണെന്നും യേശുവിൽ വിശ്വസിക്കുന്നവൻ നീതികരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ് ഇപ്രകാരം ചെയ്തത്“(റോമാ. 3 :25 ,26 ) കല്ലേറുകൊള്ളുന്നവർ, നിഷ്ക്കരുണം ക്രൂശിലേറ്റപ്പെടുന്നവർ, കർത്താവിന്റെ കയ്യിൽ മനോഹരകിരീടങ്ങളായിരിക്കും; ദൈവത്തിന്റെ കരങ്ങളിൽ രാജകീയ മകുടങ്ങളും (ഏശ. 62 :3 , 4 )
നശിച്ചുപോയവ വീണ്ടും നിമ്മിക്കപ്പെടും പൂർവ്വവശിഷ്ടങ്ങൾ പുനരുദ്ധരിക്കപ്പെടും കാലങ്ങളായി ഉണ്ടായ വിനാശസഹനങ്ങൾ പരിഹരിക്കപ്പെടും. “ദൈവമായ കർത്താവിന്റെ ആത്മാവ് എന്റമേൽ ഉണ്ട്. പീഡിതരെ സദ്വാർത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കാനും തടവുകാർക്ക് മോചനവും ബന്ധിതർക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കർത്താവിന്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവർക്കു സമാശ്വാസം നൽകാനും എന്നെ അയച്ചിരിക്കുന്നു. പണ്ട് നശിച്ചുപോയവ അവർ വീണ്ടും നിർമിക്കും;പൂർവാവശിഷ്ടങ്ങൾ ഉദ്ധരിക്കും; നശിപ്പിക്കപ്പെട്ട നഗരങ്ങൾ പുനരുദ്ധരിക്കും; തലമുറതലമുറകളായി ഉണ്ടായ വിനാശങ്ങൾ അവർ പരിഹരിക്കും. കർത്താവിന്റെ പുരോഹിതരെന്നു നിങ്ങൾ വിളിക്കപ്പെടും. നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകരെന്നു നിങ്ങൾ അറിയപ്പെടും. ജനതകളുടെ സമ്പത്ത് നിങ്ങളനുഭവിക്കും. അവരുടെ ധനം കൈവശപ്പെടുത്തി നിങ്ങൾ അഭിമാനിക്കും” (ഏശ. 61 :1 -2 ,4 , 6 ).
തന്നിൽ ശരണം വയ്ക്കുന്നവരെ ദൈവം ഒരിക്കലും തളരാൻ അനുവദിക്കുകയില്ല തള്ളിക്കളയുകയില്ല, മാറ്റിനിർത്തുകയില്ല. “ഏറ്റവും നിസ്സാരനായവൻ ഒരു വംശവും ഏറ്റവും ചെറിയവൻ ശക്തിയുള്ള ജനതയുമാകും. ഞാനാണ് കർത്താവ്, യഥാകാലം ഞാൻ ഇത് ത്വരിതമാക്കും” (ഏശ. 60 :22 ).
തകർന്നുപോയ ബന്ധങ്ങളെ തമ്പുരാൻ പുനഃസ്ഥാപിക്കും. എല്ലാ തകരാറിലായി എന്ന് തോന്നുന്നിടത്തു ദൈവം പുതിയ തളിരുകൾ കിളിർപ്പിക്കും. അവിടുത്തേക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? “സീയോന്റെ ന്യായം പ്രഭാതം പോലെയും ജറുസലേമിലെ രക്ഷ ജ്വലിക്കുന്ന പന്തം പോലെയും പ്രകാശിക്കുന്നതുവരെ അവളെപ്രതി ഞാൻ നിഷ്ക്രിയനോ നിശ്ശബ്ദനോ ആയിരിക്കുകയില്ല. ജനതകൾ നിന്റെ നീതികരണവും രാജാക്കന്മാർ നിന്റെ മഹത്വവും ദർശിക്കും.കർത്താവ് വിളിക്കുന്ന ഒരു പുതിയ പേരിൽ നീ അറിയപ്പെടും. കർത്താവിന്റെ കൈയിൽ നീ മനോഹരമായ ഒരു കിരീടമായിരിക്കും; നിന്റെ ദൈവത്തിന്റെ കരങ്ങളിൽ ഒരു രാജകീയ മകുടവും. പരിത്യക്തയെന്നു നീയോ, വിജനം എന്ന് നിന്റെ ദേശമോ ഇനിമേൽ പറയപ്പെടുകയില്ല. എന്റെ സന്തോഷം എന്ന് നീയും , വിവാഹിതയെന്നു നിന്റെ ദേശവും വിളിക്കപ്പെടും. എന്തെന്നാൽ, കർത്താവ് നിന്നിൽ ആനന്ദം കൊള്ളുന്നു; നിന്റെ ദേശം വിവാഹിതയാകും. യുവാവ് കന്യകയെ എന്നപോലെ നിന്റെ പുനരുദ്ധരാകാൻ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും“(ഏശ. 62 : 1 -5 )