അസാധാരണ ദീക്ഷണവൈഭവത്തിന്റെ ഉടമയായിരുന്നു അൽഫോൻസ് എന്ന കുട്ടി. കേവലം പതിനാറാമത്തെ വയസ്സിൽ നേപ്പിൾസ് സർവകലാശാലയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് എടുത്തു. തന്റെ പത്തൊമ്പതാമത്തെ വയസ്സ് മുതൽ പ്രാക്ടീസ് ആരംഭിക്കാൻ അവനു കഴിഞ്ഞു. 8 വർഷത്തെ പ്രാക്ടിസിൽ ജീവിതത്തിൽ ഒരിക്കലുംതന്നെ പരാജയത്തിന്റെ ആഘാതം അവനു ഏൽക്കേണ്ടി വന്നിട്ടില്ല. അങ്ങനെയിരിക്കെ, വളരെ വിവാദപരമായ ഒരു കേസ് അദ്ദേഹത്തിന് കൈകാര്യം ചെയേണ്ടി വന്നു. അത് പരാജയത്തിൽ കലാശിച്ചു. ഒരു സുപ്രധാന രേഖ റെഫർ ചെയ്തിരുന്നില്ല എന്നതാണ് കാരണം.
യുവാവായ അൽഫോൻസ് പരാജയം സമ്മതിച്ചു കോടതിയിൽ നിന്നിറങ്ങുന്നു. മൂന്ന് കാര്യങ്ങൾക്കാണ് ദൈവം അവനു ഇങ്ങനെയൊരു പരാജയം അനുവദിച്ചത്. അവനെ അഹങ്കാരത്തിൽ നിന്ന് വിമോചിതനാക്കുക, ലോകത്തിന്റെ പ്രശസ്തിയുടെ മൗഢ്യം ശരിക്കും മനസിലാക്കുക, എല്ലാറ്റിലുമുപരി അല്ഫോന്സിനെ തന്റെ സ്വന്തമാക്കുക. പട്ടാള ക്യാപ്റ്റനും പ്രഭുമായിരുന്ന അൽഫോൻസിൻറെ പിതാവ് ജോസഫ് ലിഗോരി ആഗ്രഹിച്ചിരുന്നത് മകൻ കുടുംബത്തിന്റെ യശസ്സ് ഉയർത്തി മഹാനായ ഒരു നായാധിപൻ ആകാനാണ്.
എന്നാൽ അവനൊരു പുരോഹിതനാകണമെന്നായിരുന്നു ദൈവഹിതം. ഈ ആഗ്രഹം അവനിൽ അങ്കുരിച്ചു. തീരാരോഗികൾക്കുള്ള ഒരു ആശുപത്രി നേപ്പിൾസിലുണ്ടായിരുന്നു. ഒരു ദിവസം അൽഫോൻസ് അവിടെ കടന്നു ചെന്നു. അവിടത്തെ രോഗികളെ ശുശ്രൂഷിക്കാൻ തുടങ്ങി. 1729 ഓഗസ്റ്റ് 28 നായിരുന്നു ഈ സംഭവം. അങ്ങനെ രോഗികളെ ശുശ്രൂക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ,ഒരു ദിവസം ഒരു അത്ഭുത പ്രകാശം തന്നെ വലയം ചെയ്യുന്നതായി അല്ഫോന്സിനു അനുഭവപെട്ടു. ഒപ്പം ഇങ്ങനെ ഒരു സ്വരവും, “ലോകത്തെ ഉപേക്ഷിക്കുക, നിന്റെ ജീവിതം എനിക്കായി സമർപ്പിക്കുക.” ഈശോ തന്നെ സ്വന്തമാക്കാനാഗ്രഹിക്കുന്നു എന്ന് അല്ഫോന്സിനു വ്യക്തമായി മനസിലായി. ലോകവും അതിന്റെ വശ്യതകളുമെല്ലാം പരിത്യജിച്ചു അവൻ ദൈവസ്വരത്തിനു പ്രത്യുത്തരിക്കുന്നു. ഇതാണ് സഭയിലെ മഹാ വിശുദ്ധനായ അൽഫോൻസ് ലിഗോരിയുടെ ദൈവവിളിയുടെ പിന്നാമ്പുറം.