ആരാണ് കുഞ്ഞേ ആ യജമാനൻ?

അനാരോഗ്യവാനായ ഒരു ബാലനായിരുന്നു ഡൊമിനിക്. രണ്ടു മണിക്കൂർ നടന്നുവേണ്ടിയിരുന്നു സ്കൂളിൽ പോകാൻ. കൊടും തണുപ്പിലും ചൂടിലുമെല്ലാം അവൻ നടന്നുതന്നെയാണ് സ്കൂളിൽ പോയിരുന്നത്. നല്ല ചൂടുള്ള ഒരു ദിവസം. ഉച്ചയ്ക്ക് രണ്ടുമണി സമയം. ഡൊമിനിക് തനിയെ നടക്കുകയാണ്. അപ്പോൾ ഒരു മനുഷ്യൻ അവനെ സമീപിച്ചു ചോദിക്കുന്നു: “ഇങ്ങനെ തനിയെ നടക്കാൻ ഭയമില്ല?” “ഞാൻ തനിയെ അല്ല സർ, എൻറെ കാവൽദൂതനും കൂടെയുണ്ട്”  കുട്ടിയുടെ മറുപടി. ആഗതൻ: “കൊള്ളാം, എങ്കിലും എല്ലാ ദിവസവും പല പ്രാവശ്യം ഇങ്ങനെ നടക്കുന്നത് വളരെ പ്രയാസമുള്ള കാര്യമല്ലേ/” “ഓ, അല്ല. നല്ല പ്രതിഫലം തരുന്ന ഒരു യജമാനനുവേണ്ടി ജോലി ചെയ്യുമ്പോൾ ഒന്നും ബുദ്ധിമുട്ടല്ല.” “ആരാണ് കുഞ്ഞേ ആ യജമാനൻ?” “അറിയില്ലേ? നമ്മുടെ നല്ല ദൈവം തന്നെ.”
സ്കൂളിലേക്ക് പോകുംവഴി ഉണ്ണീശോയെയും പരിശുദ്ധ അമ്മയെയും കാവൽ മാലാഖയെയും കൂട്ടിനു വിളിച്ചുകൊണ്ടാണ് ഡൊമിനിക് യാത്ര ചെയ്തിരുന്നത്. അവരുമായി കൊച്ചുകൊച്ചു സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നു. ഈശോയുടെകൂടെ നടക്കുന്നതാണ് ഇഹത്തിൽ ഒരു വ്യക്തിക്ക് കൈവരിക്കാവുന്ന ഏറ്റം വലിയ ആനന്ദമെന്നു അവൻ നന്നേ ചെറുപ്പത്തിൽത്തന്നെ അനുഭവിച്ചറിഞ്ഞിരുന്നു. ഈശോ കൂടെ നടന്നു തന്റെ ധന്യാത്മാക്കളെ (വിശുദ്ധർ) പഠിപ്പിക്കും. ദൈവികജ്ഞാനംകൊണ്ടു അവരെ നിറയ്ക്കും. അവർക്കു അവിടുന്ന് ആത്മീയ സത്യങ്ങൾ വെളിപ്പെടുത്തിക്കൊടുക്കും.
വി. കൊച്ചുത്രേസ്യയ്ക്കും മേൽവിവരിച്ച സംഭവത്തിന് ഉപോത്ബലകമായി  പറയാനുള്ളത് ഇതാണ്. “ആത്മാക്കളെ പ്രബോധിപ്പിക്കാൻ  ഈശോയ്ക്കു പുസ്തകങ്ങളും പ്രബോധകരും ഒന്നും ആവശ്യമില്ല. അവിടുന്നു പഠിപ്പിക്കുന്നത് വാക്യങ്ങളുടെ ശബ്ദമൊന്നും കൂടാതെയാണ്. പലപ്പോഴും പ്രാർത്ഥന സമയത്തല്ല കർത്താവു ഈ കൃപ നൽകുന്നത്, പിന്നെയോ സാധാരണ കൃത്യങ്ങൾക്കിടെയാണ്.” ഇപ്രകാരം അറിവ് ലഭിക്കാൻ ആത്മാവ് എപ്പോഴും ഉണർന്നിരുന്നു ദൈവസാനിധ്യസ്മരണയിൽ വ്യാപാരിക്കണം. മറ്റൊരു സത്യം കൊച്ചുറാണി വെളിപ്പെടുത്തിത്തരുന്നത് ഇതാണ്. “ദൈവത്തോട് സംസാരിക്കുന്നതിനേക്കാൾ ശ്രേഷ്ട്ടമാണ് ദൈവത്തെ ശ്രവിക്കുന്നതു.” ദൈവത്തിനെക്കുറിച്ചു കേൾക്കുന്നതിനേക്കാൾ ശ്രേഷ്ട്ടമാണ് ദൈവത്തോട് സംസാരിക്കുന്നതു. പലരും വളരെയേറെ സമയം ദൈവത്തെക്കുറിച്ചു കേൾക്കുകയും ദൈവത്തെകുറിച്ചു സംസാരിക്കുകയും ചെയ്യുന്നവരായിരിക്കും. ഒരുപക്ഷെ, ദൈവത്തെ കേൾക്കാനും അവിടുത്തോടു സംസാരിക്കാനും  വളരെ കുറച്ചു സമയം ഉപയോഗിക്കുന്നവർക്ക് ആത്മീയതയിൽ വളരാൻ ബുദ്ധിമുട്ടുണ്ടാകും.