ദൈവത്തിന്റെ കരുണയെക്കുറിച്ച് ഊന്നിപ്പറയുകയും അതിന്റെ അടയാളമായി ചിന്നിച്ചിതറി പോയ അവരെ അവിടുന്ന് വീണ്ടും ഒരുമിച്ചു കൂട്ടുകയും ചെയ്യുമെന്ന് മക്ക 2 7- 18ൽ ജെറമിയ തറപ്പിച്ചു പറയുന്നു. നാടുകടത്തപ്പെട്ടവരോട് അല്പം അഗ്നി എടുത്തു സൂക്ഷിക്കാൻ അവൻ നിർദ്ദേശിക്കുന്നു. അവർക്ക് നിയമം നൽകിയതിനുശേഷം കർത്താവിന്റെ കൽപ്പന ഒന്നും വിസ്മരിക്കരുതെന്നും ഹൃദയത്തിൽനിന്ന് വെടിയരുതെന്നും വിഗ്രഹങ്ങളുടെ രൂപഭംഗിയും ആകർഷകത്വവും കണ്ട് വഴിതെറ്റി പോകരുതെന്നും അവൻ അവരെ ഉപദേശിക്കുന്നു. ദൈവത്തിന്റെ അരുളപ്പാട് അനുസരിച്ച് സമാഗമന കൂടാരവും പേടകവും തന്റെ പിന്നാലെ കൊണ്ടുവരാനും അവൻ കല്പിച്ചു.
ദൈവം നൽകുന്ന അവകാശഭൂമി കാണാൻ മോശ കയറിയ മലയിലേക്ക് അവർ കയറുന്നു. പ്രവാചകൻ അവിടെ ഒരു ഗുഹ കാണുന്നു. കൂടാരവും പേടകവും ധൂപപീഠവും അതിൽ വെച്ച് അതിന്റെ പ്രവേശനകവാടം അടച്ച് ഭദ്രമാക്കുന്നു. അനുയായികളിൽ ചിലർ അങ്ങോട്ടുള്ള വഴി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു. അവർ പരാജയപ്പെടുന്നു. ഈ വിവരം അറിഞ്ഞ പ്രവാചകൻ കുപിതനാകുന്നു. അവൻ അവരോടു പറയുന്നു : “ദൈവം തന്റെ ജനത്തെ വീണ്ടും ഒരുമിച്ചു കൂട്ടുകയും അവരോട് കരുണ കാണിക്കുകയും ചെയ്യുന്നതുവരെ ഈ സ്ഥലം അജ്ഞാതമായിരിക്കും…. നിയമം വഴി വാഗ്ദാനം ചെയ്തിരുന്നത് പോലെ ദൈവം തന്റെ ജനത്തെ രക്ഷിക്കുകയും അവർക്ക് അവകാശം തിരികെ കൊടുക്കുകയും രാജത്വവും പൗരോഹിത്യവും വിശുദ്ധികരണവും പുനഃസ്ഥാപിക്കുകയും ചെയ്തു. ” ദൈവം നമ്മുടെമേൽ താമസിയാതെ കരുണ ചൊരിയുകയും ഭൂമിയുടെ എല്ലാ ഭാഗങ്ങളും നിന്നും നമ്മെ തന്റെ വിശുദ്ധ സ്ഥലത്തേക്ക് ഒരുമിച്ചുകൂട്ടുകയും ചെയ്യുമെന്നും ഞങ്ങൾക്ക് പ്രത്യാശയുണ്ട്. കാരണം അവിടുന്ന് നമ്മെ വലിയ അനർത്ഥങ്ങൾ നിന്ന് രക്ഷിക്കുകയും തന്റെ സ്ഥലം വിശുദ്ധീകരിക്കുകയും ചെയ്തു. (cfr. 2 മക്ക 2:1-18).
ഇസ്രായേൽ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമാണ്. പിതാവായ അബ്രഹത്തെ ദൈവം നേരിട്ട് വിളിച്ച് വേർതിരിച്ചു സ്വന്തമാക്കിയതാണ്. നോഹയുടെ കുടുംബത്തിൽപെട്ട തെര ഹിന്റെ മകനായിരുന്നു അബ്രഹാം. കർത്താവ് അവനോട് പറയുന്നു :”നിന്റെ ദേശത്തെയും ബന്ധുമിത്രാദികളും പിതൃ ഭവനത്തെയും വിട്ടു ഞാൻ കാണിച്ചു തരുന്ന നാട്ടിലേക്ക് പോവുക. ഞാൻ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നിന്റെ പേര് ഞാൻ മഹത്വമാക്കും അങ്ങനെ നീ ഒരു അനുഗ്രഹമാകും…. നിന്നിലൂടെ ഭൂമുഖത്തെ ജനങ്ങളെല്ലാം അനുഗ്രഹീതമാകും”. അബ്രഹാം വിശ്വാസിയും, വിശ്വാസികളുടെ പിതാവും, ദൈവത്തോട് വിശ്വസ്തനുമായിരുന്നു. അവൻ നന്മ ചെയ്തു ജീവിച്ചു അതുകൊണ്ടുതന്നെ ദൈവം അബ്രഹാമിന് ഉറപ്പുനൽകി. “ഭയപ്പെടേണ്ട ഞാൻ നിനക്ക് പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും”(ഉല്പത്തി 15:1).
എന്നാൽ, പിൻമുറക്കാർ പാപം ചെയ്തു ദൈവത്തിൽ നിന്ന് അകന്നു. പാപം മൂലം ലോത്തും രണ്ട് പെൺമക്കളും ഒഴികെ ബാക്കിയുള്ള ജനത്തിന്റെ മുഴുവൻ നാശത്തിലവസാനിച്ചു. അബ്രഹത്തിന്റെ പൗത്രൻ യാക്കോബിന്റെ പിന്മുറക്കാർ ഈജിപ്തിൽ അടിമകളായി. മഹാമാരികൾ അയച്ച് ഇസ്രായേൽ മക്കളെ അവിടെ നിന്ന് അത്ഭുതകരമായി മോചിപ്പിച്ച് വാഗ്ദത്ത ഭൂമിയിൽ എത്തിച്ചത് ദൈവത്തിന്റെ മഹാ കാരുണ്യമാണ്.