ആരാണ് വലിയവൻ ?

Fr Joseph Vattakalam
2 Min Read

ആദിമ ക്രൈസ്തവർക്കു ബുദ്ധിമുട്ടുളവാക്കിയ ഒരു വലിയ പ്രശ്നമായിരുന്നു, സ്നാപകൻ നൽകിക്കൊണ്ടിരുന്ന മാമ്മോദിസായും താമസം വിനാ ഈശോ നൽകിയ മാമ്മോദിസായും തമ്മിലുള്ള താരതമ്യം. ഇവയിൽ ഏതാണ് സർവ്വശ്രേഷഠമെന്ന് അവർക്കു നിശ്ചയമില്ലായിരുന്നു. ഇതിനു സ്നാപകൻ തന്നെ പരിഹാരം കണ്ടെത്തി. അവൻ തന്നെ ഇരുവരെയും താരതമ്യപ്പെടുത്തി “ആരാണ് വലിയവൻ” എന്ന് അർത്ഥശങ്കയ്ക്കിടമില്ലാത്ത വിധം വ്യക്തമാക്കി. ഇതാണു ദൈവ മനുഷ്യരുടെ സവിശേഷത. മറ്റാർക്കും അവകാശപ്പെടാനാവാത്ത സമാനതകളില്ലാത്ത ആധികാരത ഈശോയ്ക്ക് ഉണ്ടായിരുന്നു; അവിടുത്തെ പ്രബോധനത്തിനും.

സ്നാപകൻ കൃത്യമായി വ്യക്തമാക്കുന്നു;”മനസാന്തരത്തിനായി ഞാൻ നിങ്ങളെ ജലം കൊണ്ടു സ്നാനപ്പെടുത്തുന്നു. അവൻ (ഈശോ) നിങ്ങളെ പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനപ്പെടുത്തും (മത്തായി.3:11). പരിശുദ്ധാത്മാവിനെ നൽകുക വഴി (ഇതു സത്യ ദൈവവും സത്യ മനുഷ്യനുമായ ഈശോയ്ക്ക് മാത്രം കഴിയുന്നതാണ്) അർത്ഥി ദൈവമകൻറെ, ദൈവമകളുടെ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. ” തന്നെ സ്വീകരിച്ചവർക്കെല്ലാം, തൻറെ നാമത്തിൽ വിശ്വസിച്ചവർക്കെല്ലാം ദൈവമക്കളാകാൻ അവൻ കഴിവു നൽകി. (യോഹ.1:12 )

മാമ്മോദിസായിൽ ഉപയോഗിക്കുന്ന വെള്ളം ഈശോയുടെ തിരുരക്തത്തിൻറെ സാദൃശ്യമാണ്, ഈശോ ചിന്തിയ, ചിന്തുന്ന തിരുരക്തം. ” രക്തം ചിന്താതെ പാപമോചനമില്ല” (ഹെബ്രാ.9:22) മാമ്മോദീസാ സ്വീകരിക്കുന്ന വ്യക്തിയിലെ ഉത്ഭവപാപവും ഉണ്ടെങ്കിൽ കർമ്മപാപവും ഈശോയുടെ തിരുരക്തം പൂർണ്ണമായി കഴുകി കളയുന്നു. പരിശുദ്ധാത്മാവ് ആ വ്യക്തിയുടെ മേൽ ഇറങ്ങിവരുന്നു. ” ഇവൻ എൻ്റെ പ്രിയപുത്രൻ ” എന്നു പിതാവായ ദൈവം പ്രഖ്യാപിക്കുകയും ചെയ്യന്നു.

ശുദ്ധീകരിക്കുന്നതിനുള്ള ശക്തിയാണല്ലോ അഗ്നി.അർത്ഥിയിൽ ആവസിക്കുന്ന പരിശുദ്ധാത്മാവ് അവനെ ശുദ്ധീകരിക്കുന്നു. രക്ഷിക്കാനും, ശിക്ഷിക്കാനും കഴിവുള്ളവനാണ് ഈശോ. “വീശു മുറം അവിടുത്തെ കയ്യിലുണ്ട്‌, അവിടുന്നു കളം വെടിപ്പാക്കി, ഗോതമ്പു കളപ്പുരകളിൽ ശേഖരിയ്ക്കും. പതിരു കെടാത്ത തീയിൽ കത്തിച്ചു കളയുകയും ചെയ്യും. ഈശോയുടെ അധികാരവും ശക്തിയുമായി താരതമ്യം ചെയ്യുപ്പോൾ സ്നാപകനു നല്ല ബോധ്യമുണ്ട് , “അവിടുത്തെ ചെരിപ്പു വഹിക്കുവാൻ പോലും തനിക്കു യോഗ്യതയില്ല” എന്ന്.

നമുക്ക് ഒരു വലിയ താക്കീത് ഇവിടെയുണ്ട്. അബ്രാഹത്തിന്റെ സന്തതി പരമ്പരയിൽപ്പെട്ടതു കൊണ്ടു മാത്രം യഹൂദർക്ക് (നമ്മൾ ക്രൈസ്തവർക്ക് )

നിത്യ രക്ഷപ്രാപിക്കാനാവില്ല. മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കുന്നവർക്കു മാത്രമേ നിത്യരക്ഷ അവകാശപ്പെടുത്താനാവൂ.

Share This Article
error: Content is protected !!