സദുപദേശങ്ങൾ നൽകി കടന്നുപോയ വെറുമൊരു ഗുരു മാത്രമായിരുന്നില്ല ഈശോ. അവിടുന്ന് പ്രസംഗിച്ചതെല്ലാം പ്രവർത്തിപഥത്തിൽ കൊണ്ടുവന്നു. അവിടുന്ന് പറഞ്ഞിരുന്നതൊക്കെയും ചെയ്തു. ചെയ്തത് മാത്രം പറഞ്ഞു. അവിടുന്ന് നന്മയായിരുന്നു, നന്മയുടെ മാതൃകയുമായിരുന്നു. തന്റെ പ്രതിയോഗികൾക്ക് പോലും അവിടുന്നിൽ യാതൊരു കുറ്റവും ആരോപിക്കാനായില്ല ( യോഹ.8: 46) തന്നിൽ എന്തെങ്കിലും ഒരു കുറ്റം കണ്ടെത്താൻ കിണഞ്ഞ് പരിശ്രമിച്ചവരോടാണ് കർത്താവ് ധീര ധീരമായി ഈ വെല്ലുവിളി നടത്തിയത്. അവിടുത്തെ വിധി നടപ്പാക്കിയ പീലാത്തോസിനു പോലും അവിടുന്ന് യാതൊരു കുറ്റവും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പീലാത്തോസ് പറഞ്ഞത് സുവ്യക്തമാണ്. ” ഒരു കുറ്റവും ഞാൻ അവനിൽ കാണുന്നില്ല എന്ന് നിങ്ങൾ അറിയാൻ, ഇതാ അവനെ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നു”(യോഹ.19:4). പാപം തീണ്ടാത്ത ഒരേ ഒരു വ്യക്തിയേ ചരിത്രത്തിൽ കാണാനാവൂ. ദൈവം മാത്രമേ നല്ലവനായുള്ളൂ.
” ഏട്ടിലപ്പടി പയറ്റിലിപ്പടി” എന്നതാണ് പല ആചാര്യന്മാരുടെയും നേതാക്കളുടെയും ജീവിതം. അവർ പറയും, പക്ഷേ പറപ്പിക്കുകയില്ല ( പറയുന്നതുപോലെയല്ല അവരുടെ പ്രവർത്തനങ്ങൾ എന്നും സാരം). തികഞ്ഞ ബോധ്യത്തോടെ സന്ദേഹലേശമില്ലാതെ അവിടുന്ന് ഉദ്ബോധിപ്പിച്ചത്:” നിങ്ങൾ എന്നിൽ നിന്ന് പഠിക്കുവിൻ “എന്ന്.അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.
മത്തായി 11 : 28-30. His very life is His Message. തന്റെ ജീവിതം തന്നെയാണ് അവിടുത്തേക്ക് നമുക്ക് നൽകാനുള്ള സന്ദേശം അഥവാ പാഠം.
ശിഷ്യരുടെ പാദങ്ങൾ കഴുകിത്തുടച്ച് ചുംബിച്ച് സേവനത്തിന്റെ അത്യുദാത്ത മാതൃക അവിടുന്ന് കാണിച്ചു. തുടർന്ന് അവിടുന്ന് അരുൾ ചെയ്തു:” നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവ് എന്നും വിളിക്കുന്നു. അത് ശരി തന്നെ. ഞാൻ ഗുരുവും കർത്താവുമാണ് നിങ്ങളുടെ കർത്താവ് ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം”( യോഹ. 13 :13- 14 ).
ജീവിതവും പ്രബോധനവും തമ്മിൽ വൈരുദ്ധ്യങ്ങൾ ഇല്ലാതെ വിരാജിക്കുന്ന അതുല്യ വ്യക്തിത്വമാണ് ഈശോമിശിഹായുടേത്. ശത്രുക്കളെയും സ്നേഹിക്കണം എന്ന് പഠിപ്പിച്ച അവിടുന്ന് ജീവിതാന്ത്യം വരെ അത് കൃത്യമായി പാലിച്ചു. സമ്പത്തിനോ, സ്ഥാനമാനങ്ങൾക്കോ വേണ്ടി അവിടുന്ന് യാതൊന്നും ചെയ്തില്ല. തന്റെ പ്രബോധനങ്ങൾ അംഗീകരിക്കാൻ കഴിയാതെ അനേകർ അവിടുത്തെ വിട്ടുപേക്ഷിച്ചു.ശിഷ്യരെയും ജനത്തെയും കൂടെ നിർത്താൻ വേണ്ടി തന്റെ ആധികാരിക പ്രബോധനങ്ങളെ തിരുത്താനോ ലാഘവപ്പെടുത്താനോ അവിടുന്ന് തയ്യാറായില്ല. ലോകാന്ത്യം വരെയും ഈശോ നമ്മുടെ മുമ്പിൽ പലർക്കും വെല്ലുവിളി ഉയർത്തി നിലകൊള്ളും.