അധ്യാത്മകതയിൽ, ക്രമാനുഗതം, വളരുന്നതിന് ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക അത്യന്താപേക്ഷിതമാണെന്ന് എടുത്തു പറയട്ടെ. പക്ഷെ, ഒരു കാര്യം ശ്രദ്ധിക്കണം. വളരെ ബുദ്ധിമുട്ടെന്നു തോന്നുന്നവയും തീരെ നിസ്സാരമായവയും എടുക്കാതിരിക്കുക. ഏറെ കിഴക്കോട്ടു പോയാൽ കല്ലും മലയുമാണ്. ഏറെ പടിഞ്ഞാറോട്ടു പോയാൽ കടലാണ്. രണ്ടിനും ഇടയ്ക്കൊരു മേഖലയുണ്ടല്ലോ. അവിടെ ആയിരുന്നുകൊണ്ടു മെച്ചപ്പെടാനുള്ള സത്യസന്ധവും ആത്മാർത്ഥവുമായ തീരുമാനങ്ങളെടുക്കുക.അവയിൽ, ആഗ്രഹം, പരിശ്രമം, പ്രാർത്ഥന ഇവ വഴി, ഉറച്ചു നിൽക്കുക. ഇവിടെയൊരു വെല്ലുവിളിയുണ്ട്. ഏറ്റവും ബുദ്ധിമുട്ടുള്ളതും ഏറ്റം എളുപ്പമുള്ളതും അഭിമുഖീകരിക്കേണ്ടി വരുമ്പോൾ അവയെ നിസ്സാരവത്കരിക്കാനും അവഗണിക്കാനുമുള്ള പ്രവണത വർദ്ധിക്കും. യാതൊരു മനസ്സാക്ഷിക്കടിയുമില്ലാതെ അവയെ മറക്കാനുള്ള സാധ്യതയും ഏറെയാണ്. അത്ര വലിയ വെല്ലുവിളികളൊന്നും ഏറ്റെടുക്കേണ്ടതില്ലെന്നുള്ള ഒരു ന്യായീകരണം മനസ്സിൽ ഉണ്ടാവുകയും ചെയ്യാം.
ആധ്യാത്മികതയിൽ ഒന്നും തന്നെ നേടാത്തവർ എടുക്കുന്ന മനോഭാവമാണിത്. ഒരു റിസ്ക്കും (risk) എടുക്കാൻ അവൻ തയ്യാറല്ല. ആധ്യാത്മികതയിൽ വളരണമെങ്കിൽ റിസ്ക് എടുത്തേ മതിയാവൂ. ചിലപ്പോൾ പരാജയങ്ങൾ പോലും സംഭവിക്കാം. അവിടെ പതറരുത്. പകരം ദൈവത്തിന്റെ കരുണയിൽ ആശ്രയിച്ചു അവിടുത്തെ കരുത്തുറ്റ കരത്തിൻ കീഴിൽ താഴ്മയോടെ നിൽക്കുക.. തക്കസമയത്തു അവിടുന്ന് നമ്മെ ഉയർത്തും. നമ്മുടെ വ്യക്തിപരമായ ആധ്യാത്മിക പുരോഗതിക്കു സഹായമായ തീരുമാനങ്ങൾ എടുക്കുക. ആഗ്രഹം, പരിശ്രമം, പ്രാർത്ഥന ഇവ വഴി വിജയം കൈവരുമെന്നുറപ്പ് .