യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കു പോയി.
കാള, ആട്, പ്രാവ് എന്നിവ വില്ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന് കണ്ടു.
അവന് കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു.
പ്രാവുകളെ വില്ക്കുന്നവരോട് അവന് കല്പിച്ചു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുവിന്‍. എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്.
അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്റെ ശിഷ്യന്മാര് അനുസ്മരിച്ചു.
യഹൂദര്‍ അവനോടുചോദിച്ചു: ഇതു ചെയ്യുവാന്‍ നിനക്ക് അധികാരം ഉണ്ടെന്നതിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുക?
യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും.
യഹൂദര്‍ ചോദിച്ചു: ഈ ദേവാലയം പണിയുവാന്‍ നാല്പത്താറു സംവത്സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ?
എന്നാല്‍, അവന് പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്.
അവന് മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്റെ ശിഷ്യന്മാര് അവന് ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍മിക്കുകയും അങ്ങനെ, വിശുദ്ധ ലിഖിതവും യേശു പ്രസ്താവിച്ചവച നവും വിശ്വസിക്കുകയും ചെയ്തു.
യോഹന്നാന് 2 : 13-22
അധാർമികതയും ചൂഷണവും കൊടികുത്തി വാണിരുന്ന വ്യവസ്ഥാപിത സംവിധാനങ്ങളെ ശക്തിയുക്തം എതിർക്കുകയും അവയ്ക്കെതിരെ പ്രവാചകധീരതയെ വെല്ലുന്ന ധീരതയോടെ പ്രതികരിക്കുകയുമാണ് ഈശോ ഇവിടെ. മതപരവും സാമൂഹികവുമായ തിന്മകളെ തകിടം മറിക്കുകയാണവിടുന്ന്. ഒരു ചാട്ടയുണ്ടാക്കി എല്ലാവരെയും എല്ലാറ്റിനെയും പുറത്താക്കുന്നു. ഈ ചാട്ടയ്ക്ക് പകരം ചമ്മട്ടി കൊണ്ട് ഒരുനാൾ താൻ അടിക്കപ്പെടുമെന്നും ഒരുനാൾ ഈ ദൈവാലയത്തിൽ നിന്ന് തന്നെയും പുറത്താക്കപ്പെടും എന്നും അവിടുന്ന് നന്നായി അറിഞ്ഞിരുന്നു.
അവിടുന്ന് ഇതു ചെയ്തത് എല്ലാം തച്ചു തകർക്കുന്ന കേവലം ഒരു വിപ്ലകാരിയുടെ മുറിപ്പെട്ട മനസ്സോടെ ആയിരുന്നില്ല. മറിച്ച് തന്റെ പിതാവായ ദൈവത്തെയും അവിടുത്തെ ആലയത്തെയും കുറിച്ചുള്ള തീഷ്ണത മൂലമായിരുന്നു. ആസന്നമായ തന്റെ തിരുമരണത്തെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് അവിടുന്ന് പ്രതികരിച്ചത്.ജെറുസലേം ദൈവാലയത്തെ തന്റെ പിതാവിന്റെ ആലയമെന്ന് അവിടുന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ദൈവം തന്റെ പിതാവാണ് എന്ന മഹാസത്യം ഈശോ ഇവിടെ അരക്കിട്ടുറപ്പിക്കുന്നു; ഒപ്പം താൻ ദൈവത്തിന്റെ പുത്രനാണെന്നും. അതെ നസ്രസ്സിലെ ഈശോ മാനവരാശിയെ സാത്താന്റെ അടിമത്തത്തിൽ നിന്ന് രക്ഷിക്കാൻ മനുഷ്യനായി മഹിയിൽ അവതരിച്ച ദൈവമാണ്.തീർച്ചയായും ഇതു ദൈവത്തിന്റെ വെളിപ്പെടുത്തലുകളുടെ വെളിപ്പെടുത്തലുകളാണ്.
ദൈവാലയം ശുദ്ധീകരിക്കാനും സകല തിന്മകളെയും നഖശിഖാന്തം എതിർക്കാനും തിരുത്താനും തനിക്ക് അവകാശമുണ്ടെന്ന് തെളിയിക്കാൻ യഹൂദ പരീക്ഷ അവിടുത്തെ വെല്ലു വിളിച്ചപ്പോൾ, അവരുടെ മുഖംമൂടി ധരിച്ചിരുന്ന മുഖത്ത് നോക്കി അവിടുന്ന് തറപ്പിച്ചു പറഞ്ഞു:” തകർക്കു ഈ ദൈവാലയം. മൂന്ന് ദിവസത്തിനകം ഞാനത് പുനരുദ്ധരിക്കും”. ഇതു തന്റെ സഹന മരണോത്ഥാനങ്ങളെ കുറിച്ചുള്ള ഒരു പ്രവചനവും ആയിരുന്നു. അവരുടെ വെല്ലുവിളികൾക്ക് മറുപടിയായി ദേവാലയത്തെക്കുറിച്ച് അവിടുന്ന് പറഞ്ഞത് തന്റെ ശരീരമാകുന്ന ദൈവാലയത്തെ കുറിച്ചാണെന്ന് യോഹന്നാൻ ശ്ലീഹാ സ്പഷ്ടമായി വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. മരിച്ചു മൂന്നാം ദിവസം ഉയിർത്തു,നാല്പതാം നാൾ സ്വർഗ്ഗാരോഹണം ചെയ്യാൻ വന്നവൻ ആരെ,എന്തിന് ഭയപ്പെടണം?