സുരക്ഷിത തുറമുഖങ്ങൾ

Fr Joseph Vattakalam
2 Min Read

1862 മെയ് 28 ന് വി. ജോൺ ബോസ്‌കോയ്ക്ക് ഒരു ദർശനമുണ്ടായി. അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണ് ഈ സംഭവം. വലിയ കൊടുങ്കാറ്റിൽപ്പെട്ട ഒരു കപ്പൽ നടുക്കടലിൽ ആടി ഉലയുകയാണ്. മാർപ്പാപ്പ, കർദ്ദിനാൾമാർ, മെത്രാന്മാർ, വൈദികർ, നിരവധി അല്മായർ അങ്ങനെ എല്ലാവരും ആ കപ്പലിലുണ്ട്. ഇവരെയെല്ലാം ഉൾക്കൊള്ളാൻമാത്രം വലുപ്പമുണ്ട് ആ കപ്പലിന്.

കൂനിന്മേൽ കുര എന്നപോലെ തത്സമയം എവിടെനിന്നോ ഒക്കെ ധാരാളം ചെറിയ ചെറിയ കപ്പലുകൾ അപകടത്തിൽപ്പെട്ടിരിക്കുന്ന വലിയ കപ്പലിനെ വളയുന്നു. അവ ശക്തിയുക്തം അതിനെ ആക്രമിക്കുകയും ഏറെ നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. കപ്പിത്താന്മാർ തന്ത്രപരമായി താന്താങ്ങളുടെ കപ്പലുകൾ നയിച്ച്, മാർപ്പാപ്പയെ നിഷ്‌കരുണം വധിക്കുന്നു. ഈ വലിയ പ്രതിസന്ധിയിലും കർദ്ദിനാൾമാർ ദൈവപരിപാലനയിൽ പൂർണ്ണമായി ആശ്രയിച്ച് പുതിയ മാർപ്പാപ്പയെ താമസംവിനാ തിരഞ്ഞെടുക്കുന്നു. വാണിരുന്ന മാർപ്പാപ്പയുടെ മരണവും പുതിയ മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും ഒരുമിച്ചാണു പ്രഖ്യാപിച്ചത്. വളരെ വിഷമംപിടിച്ച നാളുകളായിരുന്നു പുതിയ മാർപ്പാപ്പയെ കാത്തിരുന്നത്.

കാലാകാലങ്ങളിൽ സ്വാർത്ഥരും സ്ഥാപിത താത്പര്യക്കാരും അധികാരമോഹികളും ഈശോയുടെ തീവ്രാഭിലാഷമായ ക്രിസ്തുവിശ്വാസികളുടെ ഐക്യത്തെ തർത്തുകളഞ്ഞവരുമായ ആളുകൾ ജന്മംകൊടുത്തിട്ടുള്ള വിഘടിത ഗ്രൂപ്പുകളെയാണു കപ്പലുകൾ പ്രതിനിധാനം ചെയ്യുക.

വിശുദ്ധൻ ദർശനത്തിൽ കണ്ട പടുകൂറ്റൻ കപ്പൽ കത്തോലിക്കാ തിരുസഭയാണെന്ന് അനുവാചകന് അനായാസം ഊഹിച്ചെടുക്കാം. വലിയ കപ്പൽ മുങ്ങിപ്പോയേക്കാമെന്ന അവസ്ഥ വന്നു. ഉടനെ വീണ്ടുമൊരു വലിയ കൊടുങ്കാറ്റ്! ജനങ്ങളുടെ സംശയം കൂടുതൽ രൂഢമൂലമാകുന്നു. അവർ കൊച്ചുകുഞ്ഞുങ്ങളെപ്പോലെ ഭയന്നു വിറയ്ക്കുകയാണ്. മിക്കവരും വാവിട്ടു കരയുന്നുമുണ്ട്. ചുറ്റുപാട് അന്ധകാരാവൃതവും.

പെട്ടെന്ന് അതാ പ്രകാശം തുളുമ്പിനിൽക്കുന്ന രണ്ടു വലിയ തൂണുകൾ സമുദ്രമധ്യത്തിൽ ഉയർന്നുപൊങ്ങുന്നു. രണ്ടു തൂണുകളിലും ഓരോ ഫലകങ്ങളുണ്ട്. ഒന്നിൽ തിരുവോസ്തിയുടെ ചിത്രി ആലേഖനം ചെയ്തിരിക്കുന്നു. Salvs Credentinum (വിശ്വാസികളുടെ രക്ഷ) എന്ന് അതിൽ എഴുതിയിരിക്കുന്നു. രണ്ടാമത്തേതിൽ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപമാണു കാണപ്പെടുക. Auxilium Christinnorum (ക്രിസ്ത്യാനികളുടെ സഹായമായ മറിയം) എന്നാണ് അതിന്മേൽ എഴുതിയിരിക്കുന്നത്.

തൂണുകൾ കപ്പലിലുണ്ടായിരുന്നവർക്കു വലിയ പ്രത്യാശ നല്കുന്നു. കപ്പൽ തൂണുകളിലേയ്ക്ക് അടുപ്പിക്കാൻ പുതിയ മാർപ്പാപ്പാ നിർദ്ദേശിക്കുന്നു. അപ്രകാരം ചെയ്ത ക്ഷണത്തിൽ കൊടുങ്കാറ്റ് ശമിക്കുന്നു. കടൽ ശാന്തമാകുന്നു. കപ്പലിലുണ്ടായിരുന്ന എല്ലാവരും സമാധാനചിത്തരാകുന്നു. ചെറു കപ്പലുകൾ സ്വയം നശിക്കുന്നു.

പ്രിയപ്പെട്ടവരെ, നമ്മുടെ വിശ്വാസജീവിതത്തിലുള്ള പ്രത്യക്ഷവും പരോക്ഷവുമായ പ്രതിസന്ധികളെ തരണംചെയ്യാൻ ദിവ്യകാരുണ്യ ഈശോയും അമലോത്ഭവ മാതാവും നമ്മെ സഹായിക്കും. ഈ സുരക്ഷിത തുറമുഖങ്ങളിൽ വിശ്വാസത്തോടും പ്രത്യാശയോടും ഉപവിയോടും നമ്മുടെ കപ്പലിന്റെ നങ്കൂരമുറപ്പിക്കാം.

Share This Article
error: Content is protected !!