ജറുസലേമിലെ ബിഷപ്പായിരുന്ന ചെറിയ യാക്കോബ് 62 -ൽ വധിക്കപ്പെട്ടുവെന്നാണ് പാരമ്പര്യം. അദ്ദേഹത്തിന്റെ പിൻഗാമിയാണ് ഇവിടെ പ്രതിപാദിക്കുന്ന ശെമയോൻ. അദ്ദേഹം വി. യൗസേപ്പിന്റെ സഹോദരനായ ക്ലെയോഫാസിന്റെയും കന്യാകാംബികയുടെ സഹോദരിയായ മറിയത്തിന്റെയും മകനാണ്. ചെറിയ യാക്കോബിന്റെയും യൂദായുടെയും അനുജനാണ് ശെമയോനെന്നും സ്വസഹോദരനായ യാക്കോബിനെ ഭരണത്തിൽ സഹായിച്ചിരുന്നുവെന്നും കരുതപ്പെടുന്നു.
വി. പത്രോസിന്റെയും പൗലോസിന്റെയും രക്തസാക്ഷിത്വത്തിനുശേഷം ജെറുസലേം ഉടനെ റോമാക്കാർ ആക്രമിക്കുമെന്നും അതിനാൽ എല്ലാവരും സ്ഥലം വിടണമെന്നും ക്രിസ്ത്യാനികൾക്ക് ദൈവത്തിൽനിന്നു ഒരു വെളിപാടുണ്ടായി. ബിഷപ്പ് ശെമയോൻ തൻ്റെ ജനങ്ങളെ ജോർദാൻ കടത്തി പെല്ലാ എന്ന നഗരത്തിൽ താമസിപ്പിച്ചു. വെസ്പേഷ്യൻചക്രവർത്തിയുടെ ജറുസലേം ആക്രമണത്തിനുശേഷം ക്രിസ്ത്യാനികൾ ശെമയോന്റെ നേതൃത്വത്തിൽത്തന്നെ ജെറുസലേമിലേക്കു മടങ്ങി. അഡ്രിയാൻ ചക്രവർത്തിയുടെ ആക്രമണകാലത്തും അനേകം യഹൂദർ ക്രിസ്തുമതം ആശ്ലേഷിച്ചു. ഇത് ശെമയോന്റെ ഹൃദയത്തിനു ആശ്വാസം നൽകിയെങ്കിലും രണ്ടു പാഷാണ്ഡതകൾ അദ്ദേഹത്തിന്റെ ഹൃദയത്തെ ഭേദിച്ചു. നസ്രീൻകാർ വിശ്വസിച്ചു ക്രിസ്തു യൗസേപ്പിന്റെയും മറിയത്തിന്റെയും സ്വാഭാവിക പുത്രനാണെന്ന്, എബിയോൺ എന്ന വേറൊരു പാഷണ്ഡി നസ്രീൻ അബദ്ധങ്ങൾക്കു പുറമെ വിവാഹമോചനം അനുവദനീയമാണെന്നും വാദിച്ചു. കുറെ അന്ധവിശ്വാസങ്ങളും അയാൾ ആശ്ലേഷിച്ചു. അങ്ങനെയാണ് എബിയനൈറ്റു പാഷാണ്ഡത ആവിർഭവിച്ചത്.
ശെമയോന്റെ കാലത്ത് ഈ പാഷാണ്ഡതകൾ ശക്തിപ്പെട്ടില്ല. അദ്ദേഹം മരിച്ചപ്പോൾ അവ നാടകീയ രോഷത്തോടെ സഭയെ എതിർത്തു.
വെസ്പേഷ്യൻ ചക്രവർത്തിയും ഡൊമീഷ്യൻ ചക്രവർത്തിയും ദാവീദിന്റെ വംശം മുഴുവനും കൊന്നൊടുക്കണമെന്ന് ആജ്ഞാപിച്ചിരുന്നു. യഹൂദന്മാർ തക്കം നോക്കി ശെമയോൻ ദാവീദിന്റെ വംശജനാണെന്നും ഒരു ക്രൈസ്തവനാണെന്നും റോമൻ ഗവർണ്ണർ അറ്റിക്കൂസിനെ അറിയിച്ചു. അദ്ദേഹം ശെമയോനെ കുരിശിൽ തറയ്ക്കാൻ വിധിക്കുകയും ചെയ്തു. പതിവുള്ള മർദ്ദനങ്ങൾക്കുശേഷം ശെമയോൻ കുരിശിൽ തറയ്ക്കപ്പെട്ടു. 43 വർഷം ശെമയോൻ ജെറുസലേം മെത്രാനായിരുന്നു.
വിചിന്തനം: “നമ്മുടെ ക്ഷണികവുമായ കഷ്ടതകൾ നിത്യവും അപരിമിതവുമായ മഹത്വം നമുക്കായി തയ്യാറാക്കുന്നു” (2 കൊറി 4 :17 ). ക്രിസ്തുവിന്റെ കുരിശുമരണത്തിനുപകരം ശെമയോൻ കുരിശുമരണം തന്നെ കാഴ്ചവച്ചു. ആകയാൽ കുരിശുകൾ ഓർത്ത് അധൈര്യപ്പെടാതിരിക്കുക.