ഫെബ്രുവരി: 13
ഫ്ളോറന്സില് റിച്ചി എന്നൊരു സമ്പന്ന കുടുംബത്തിൽ കാതറിൻ ജനിച്ചു. ജ്ഞാനസ്നാന നാമം അലെക്സാഡ്രിന എന്നതായിരുന്നു. ‘അമ്മ തന്റെ ശിശു പ്രായത്തിൽ മരിച്ചതിനാൽ അതീവഭക്തയായ അമ്മമായാണ് കുഞ്ഞിനെ വളർത്തിയത്. പതിനാലാമത്തെ വയസ്സിൽ അലെക്സാണ്ടറിനാ ഡൊമിനിക്കൻ സഭയിൽ ചേർന്ന് കാതറിൻ എന്ന നാമം സ്വീകരിച്ചു. രണ്ടുവർഷം അവൾക്ക് തീരെ സുഖമുണ്ടായിരുന്നില്ല. കോപം അനിയന്ത്രിതമായിരുന്നു. നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തെപ്പറ്റിയുള്ള ധ്യാനമായിരുന്നു അവളുടെ ആശ്വാസം. അദ്ഭുതകരമായ രീതിയിൽ ആ സുഖക്കേട് മാറി. അതോടെ അവൾ പ്രായശ്ചിത്തവും പ്രാർത്ഥനയും വർധിപ്പിച്ചു. ആഴ്ചയിൽ രണ്ടുമൂന്നു ദിവസം അപ്പവും വെള്ളംവും മാത്രമാണ് കഴിച്ചിരുന്നത്; ഒരു ദിവസം ഒന്നും ഭക്ഷിച്ചിരുന്നില്ല. സഭാനിയമമനുവദിച്ചിരുന്നിടത്തോളം സ്വശരീരത്തെ ചമ്മട്ടി കൊണ്ട് അടിച്ചുപോന്നു. അവളുടെ പ്രായശ്ചിതരൂപിയെക്കാൾ അദ്ഭുതാവഹമായിരുന്നു അവളുടെ എളിമയും അനുസരണയും ശാന്തതയും. ആരെങ്കിലും സ്തുതിച്ചു സംസാരിക്കുന്നതും എന്തെങ്കിലും ബഹുമാനം പ്രകാശിപ്പിക്കുന്നതിനും അവൾക്ക് അരോചകമായിരുന്നു. പ്രാർത്ഥനയും പ്രായശ്ചിത്തവും ധ്യാനവും കൊണ്ടാണ് ഈദൃശ്യമായ ആത്മനിയന്ത്രണം അവൾ പ്രാപിച്ചത്.
കാതറീന്റെ ജീവിത വിശുദ്ധി ഗ്രഹിച്ചിരുന്ന സഭാംഗങ്ങൾ അവളെ ചെറുപ്പത്തിൽത്തന്നെ നോവിസ് മിസ്ട്രസ്സാക്കി; ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ആജീവനാന്ത മഠാധിപയായി തിരഞ്ഞെടുത്തു. ഇതിനടയ്ക്കു രോഗികളെ ശുശ്രൂഷിക്കുന്നതും ദരിദ്രരെ സംരക്ഷിക്കുന്നതിനും അവൾക്ക് എത്രയും പ്രിയങ്കരമായിരുന്നു. രോഗിയിൽ ക്രിസ്തുവിനെ കണ്ടിട്ട് കാതറിൻ മുട്ടിന്മേൽ നിന്നാണ് അവരെ ശുശ്രൂഷിച്ചിരുന്നത്. പ്രാറ്റിലെ തന്റെ മഠം വിടാതെത്തന്നെ റോമയിൽ വസിക്കുന്ന ഫിലിപ്പ് നേരിയോട് അവൾ സംസാരിക്കുകയുണ്ടായെന്നു അഞ്ചു സാക്ഷികൾ ബോളാന്റിസ്റ്റുകാർക്ക് മൊഴികൊടുത്തിട്ടുണ്ട്; പതിനഞ്ചാം ഗ്രിഗോറിയോസ് മാർപാപ്പാ എഴുതിയ നാമകരണലേഖനത്തിൽ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്.
കാതറീന്റെ പ്രധാന ധ്യാനവിഷയം കർത്താവിന്റെ പീഡാനുഭവമാണ്. എല്ലാ ആഴ്ചയിലും വ്യാഴാഴ്ച ഉച്ചമുതൽ വെള്ളിയാഴ്ച മൂന്നുമണിവരെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ച് സമാധിയിൽ അമരുമായിരുന്നു. കർത്താവിന്റെ തിരുമുറിവുകൾ അവളിൽ പതിഞ്ഞിരുന്നു.
ശുദ്ധീകരണാത്മാക്കളോട് ഇവൾക്കുണ്ടായിരുന്ന ഭക്തിയും അനിതരസാധാരണമാണ്. നാട്ടുകാർ ആരെങ്കിലും മരിക്കുമ്പോൾ അവളുടെ പ്രാർത്ഥന തേടിയിരുന്നു. തന്റെ പ്രാർത്ഥനാവഴി ശുദ്ധീകരണസ്ഥലത്തിൽനിന്നു രക്ഷപ്പെട്ട ചില ആത്മാക്കൾ അവൾക്കു പ്രത്യക്ഷപ്പെട്ടു നന്ദി പറഞ്ഞിട്ടുണ്ട്.
അന്തിമരോഗം അല്പം ദീർഘമായിരുന്നു. വളരെ സന്തോഷത്തോടെ രോഗത്തിന്റെ വേദനകൾ സഹിച്ച് 1589 ഫെബ്രുവരി രണ്ടാം തീയതി കർത്താവിന്റെ കാഴ്ചവപ്പു തിരുനാൾ ദിവസം കാതറിൻ ഈ ലോകത്തോട് യാത്ര പറഞ്ഞു. 1746 ൽ പതിനാലാം ബെനഡിക്ട് മാർപാപ്പാ കാതറീനെ പുണ്യവതിയെന്നു പേർ വിളിച്ചു.
വിചിന്തനം: “സൃഷ്ടികളിൽ നിന്നുള്ള ആശ്വാസത്തിൽനിന്നു നീ എത്രയധികം പിന്മാറുമോ അത്രയധികം മാധുര്യം ശക്തിയുമുള്ള ആശ്വാസങ്ങൾ നീ ദൈവത്തിൽ കണ്ടെത്തും” എന്ന ക്രിസ്താനുകരണ വാക്യം എത്ര വാസ്തവം.