ഈജിപ്തിലെ ജ്ഞാനികളിലാർക്കും വ്യാഖ്യാനിക്കാൻ കഴിയാത്ത സ്വപ്നങ്ങൾ വ്യാഖ്യാനിക്കുകവഴി ജോസഫ് മഹാജ്ഞാനിയായി പ്രത്യക്ഷപ്പെടുന്നു. സ്വപ്നങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ദൈവമാണ് നൽകുന്നതെന്നും ആസന്ന ഭാവിയിൽ സംഭവിക്കാനിരിക്കുന്നവ ദൈവം മുൻകൂട്ടി അറിയിച്ചിരിക്കുന്നു എന്നും പ്രസ്താവിക്കുകവഴി താൻ ദൈവകരങ്ങളിലെ ഒരുപകരണം മാത്രമാണെന്ന് അവൻ വ്യക്തമാക്കുന്നു. വ്യാഖ്യാനാനന്തരം അവൻ നൽകുന്ന നിർദ്ദേശങ്ങൾ അവൻ അനിതരസാധാരണമായ ജ്ഞാനം, ദീർഘവീക്ഷണം, വിവേകം, ഭരണം, ഇവയൊക്കെ വ്യക്തമാക്കുന്നു. ഇവയെല്ലാം ഫറവോയും അംഗീകരിക്കുന്നുണ്ട്. ദൈവം തന്നെയാണ് ജോസഫിനെ നയിക്കുന്നതെന്ന് അവൻ ഏറ്റുപറയുകയും ചെയ്യുന്നു. 13 വർഷം ദീർഘിച്ച ക്ലേശങ്ങൾക്ക് ശേഷമാണ് ജോസഫ് പൊടുന്നനെ മഹത്വത്തിന്റെ കൊടുമുടിയിലേക്ക് ഉയർത്തപ്പെട്ടത്.
വലിയ കാര്യങ്ങൾക്കായി താൻ തെരഞ്ഞെടുക്കുന്നവരെ ദൈവം വലിയ ക്ലേശങ്ങളിലൂടെ ഒരുക്കാറുണ്ട്. അനുഭവിക്കേണ്ടിവന്ന കഷ്ടത കളുടെ കാരണങ്ങളും അർത്ഥമറിയാതെ ഇരുന്നപ്പോൾ ജോസഫ് ആരെയും ഒരിക്കലും പഴിച്ചില്ല.
പ്രതിസന്ധികളെയും അത്യാഹിതങ്ങളെയും എങ്ങനെ നേരിടണം എന്ന് ജോസഫ് നമ്മെ പഠിപ്പിക്കുന്നു. ഇജിപ്തിലെ സമൃദ്ധിയുടെ ഏഴ് വർഷങ്ങൾ വളരെ വേഗം കടന്നു പോയി. (ഉല്പത്തി 41:54-57; 42:1-23).
ഉല്പത്തി 41:54-57
ജോസഫ് പറഞ്ഞതുപോലെ ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങള്‍ ആരംഭിച്ചു. എല്ലാ നാടുകളിലും ക്ഷാമമുണ്ടായി. എന്നാല്‍, ഈജിപ്തില്‍ ആഹാര മുണ്ടായിരുന്നു.
ഈജിപ്തിലെല്ലാം ക്ഷാമമായപ്പോള്‍ ജനങ്ങള്‍ ഫറവോയുടെയടുക്കല്‍ ആഹാരത്തിന് അപേക്ഷിച്ചു. അവന് ഈജിപ്തുകാരോടു പറഞ്ഞു: ജോസഫിന്റെ അടുത്തേക്കു ചെല്ലുക, അവന് നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക.
ദേശത്തെല്ലാം പട്ടിണി വ്യാപിച്ചപ്പോള്‍ ജോസഫ് കലവറകള്‍ തുറന്ന് ഈജിപ്തുകാര്‍ക്കു ധാന്യം വിറ്റു. ഈജിപ്തില്‍ പട്ടിണി വളരെ രൂക്ഷമായിരുന്നു.
ജോസഫിന്റെ പക്കല്‍നിന്ന് ധാന്യം വാങ്ങാന്‍ എല്ലാ ദേശങ്ങളിലുംനിന്ന് ആളുകള്‍ ഈജിപ്തിലെത്തി. ലോകത്തെല്ലാം പട്ടിണി അത്ര രൂക്ഷമായിരുന്നു.
ഉല്പത്തി 41 : 54-57 ഉല്പത്തി 42:1-23
ഈജിപ്തില്‍ ധാന്യമുണ്ടെന്നറിഞ്ഞപ്പോള്‍ യാക്കോബു മക്കളോടു പറഞ്ഞു: നിങ്ങളെന്താണു പരസ്പരം നോക്കിനില്ക്കുന്നത്?
അവന് തുടര്‍ന്നു: ഈജിപ്തില്‍ ധാന്യമുണ്ടെന്നു ഞാന്‍ കേട്ടു. നാം മരിക്കാതെ ജീവന് നില നിര്‍ത്താന്‍വേണ്ടി അവിടെപ്പോയി നമുക്കു വേണ്ട ധാന്യം വാങ്ങിക്കൊണ്ടുവരുവിന്‍.
ജോസഫിന്റെ പത്തു സഹോദരന്മാര് ധാന്യം വാങ്ങാന്‍ ഈജിപ്തിലേക്കു പോയി.
എന്നാല്‍, യാക്കോബ് ജോസഫിന്റെ സഹോദരനായ ബഞ്ചമിനെ സഹോദരന്മാരുടെകൂടെ വിട്ടില്ല. അവനെന്തെങ്കിലും അപകടം പിണയുമെന്ന് അവന് ഭയപ്പെട്ടു.
അങ്ങനെ ഇസ്രായേലിന്റെ മക്കളും മറ്റുള്ളവരുടെകൂടെ ധാന്യം വാങ്ങാന്‍ പോയി. കാരണം, കാനാന്‍ദേശത്തും ക്ഷാമമായിരുന്നു.
ജോസഫായിരുന്നു ഈജിപ്തിലെ അധികാരി. അവനാണു നാട്ടുകാര്‍ക്കൊക്കെ ധാന്യം വിറ്റിരുന്നത്. ജോസഫിന്റെ സഹോദരന്മാര് വന്ന് അവനെ നിലംപറ്റെ താണുവണങ്ങി.
ജോസഫ് സഹോദരന്മാരെ തിരിച്ചറിഞ്ഞു. പക്ഷേ, അവന് അപരിചിതരോടെന്നപോലെ അവരോടു പെരുമാറുകയും പരുഷമായി സംസാരിക്കുകയും ചെയ്തു. നിങ്ങള്‍ എവിടെനിന്നു വരുന്നു? അവന് ചോദിച്ചു. അവര്‍ പറഞ്ഞു: കാനാന്‍ ദേശത്തുനിന്നു ധാന്യം വാങ്ങാന്‍ വന്നവരാണു ഞങ്ങള്‍.
ജോസഫ് തന്റെ സഹോദരന്മാരെ തിരിച്ചറിഞ്ഞെങ്കിലും അവര്‍ അവനെ അറിഞ്ഞില്ല.
അവരെക്കുറിച്ചു തനിക്കുണ്ടായ സ്വപ്നങ്ങള്‍ ജോസഫ് ഓര്‍ത്തു. അവന് അവരോടു പറഞ്ഞു: നിങ്ങള്‍ ചാരന്മാരാണ്, നാടിന്റെ ബലക്ഷയം എവിടെയെന്നു കണ്ടുപിടിക്കാന്‍ വന്നവരാണ്.
അവര്‍ പറഞ്ഞു: അല്ല, യജമാനനേ, അങ്ങയുടെ ദാസര്‍ ധാന്യം വാങ്ങാന്‍ വന്നവരാണ്. ഞങ്ങളെല്ലാവരും ഒരാളുടെ മക്കളാണ്. ഞങ്ങള്‍ സത്യസന്ധരാണ്.
അങ്ങയുടെ ദാസന്മാര് ചാരന്മാരല്ല.
അവന് പറഞ്ഞു: അല്ല, നാടിന്റെ ബലക്ഷയം എവിടെയെന്നു കണ്ടു മനസ്സിലാക്കാനാണു നിങ്ങള്‍ വന്നിരിക്കുന്നത്.
അവര്‍ പറഞ്ഞു: അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ പന്ത്രണ്ടു സഹോദരന്മാരാണ്. കാനാന്‍ദേശത്തുള്ള ഒരുവന്റെ പുത്രന്മാര്. ഏറ്റവും ഇളയവന് ഇപ്പോള്‍ ഞങ്ങളുടെ പിതാവിന്റെ കൂടെയാണ്. ഒരാള്‍ ജീവിച്ചിരിപ്പില്ല.
ജോസഫ് അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞതാണു വാസ്തവം. നിങ്ങള്‍ ചാരന്മാര്തന്നെ.
ഫറവോയുടെ ജീവനെപ്രതി സത്യം, നിങ്ങളുടെ ഏറ്റവും ഇളയ സഹോദരനെ ഇവിടെ കൊണ്ടുവന്നിട്ടല്ലാതെ നിങ്ങള്‍ ഈ നാടുവിട്ടു പോവുകയില്ല. ഇതുവഴി നിങ്ങളുടെ സത്യാവസ്ഥ ഞാന്‍ മന സ്സിലാക്കും. നിങ്ങളില്‍ ഒരാളെ പറഞ്ഞയയ്ക്കുക.
അവന് ചെന്നു നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടു വരട്ടെ. അതുവരെ നിങ്ങളെ ഞാന്‍ തടവിലിടും. അങ്ങനെ നിങ്ങളുടെ വാക്കുകള്‍ ശരിയാണെന്നും നിങ്ങള്‍ സത്യസന്ധരാണെന്നും തെളിയിക്കപ്പെടണം. അല്ലെങ്കില്‍, ഫറവോയുടെ ജീവനാണേ സത്യം, നിങ്ങള്‍ ചാരന്മാരാണ്.
അവന് അവരെയെല്ലാം മൂന്നു ദിവസം തടവില്‍ പാര്‍പ്പിച്ചു.
മൂന്നാംദിവസം ജോസഫ് അവരോടു പറഞ്ഞു: ഞാന്‍ പറയുന്നതുപോലെ ചെയ്യുക. എങ്കില്‍ നിങ്ങള്‍ ജീവിക്കും. കാരണം, ദൈവഭയമുള്ളവനാണു ഞാന്‍.
സത്യസന്ധരെങ്കില്‍ സഹോദരന്മാരായ നിങ്ങളിലൊരുവന് ഇവിടെ തടവില്‍ കിടക്കട്ടെ; മറ്റുള്ളവര്‍ നിങ്ങളുടെ വീട്ടിലെ പട്ടിണിയകറ്റാന്‍ ധാന്യവുംകൊണ്ടു പോകട്ടെ.
നിങ്ങളുടെ ഇളയ സഹോദരനെ എന്റെയടുക്കല്കൊണ്ടുവരിക; അപ്പോള്‍ നിങ്ങള്‍ പറയുന്നതു നേരെന്നു തെളിയും, നിങ്ങള്‍ക്കു മരിക്കേണ്ടി വരുകയില്ല.
അവര്‍ അപ്രകാരം ചെയ്തു. അവര്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു: ഇത് നമ്മുടെ സഹോദരനോടു നാം ചെയ്തതിന്റെ ഫലമാണ്, തീര്‍ച്ച. അവന് അന്ന് കേണപേക്ഷിച്ചിട്ടും അവന്റെ പ്രാണസങ്കടം കണ്ടിട്ടും നമ്മള് അവനു ചെവികൊടുത്തില്ല. അതുകൊണ്ടാണ് ഈ ദുരിതം നമുക്കിപ്പോള്‍ വന്നിരിക്കുന്നത്.
അപ്പോള്‍ റൂബന്‍ പറഞ്ഞു: കുട്ടിക്കെതിരേതെറ്റു ചെയ്യരുതെന്ന് ഞാന്‍ അന്നു പറഞ്ഞില്ലേ? നിങ്ങള്‍ അതു കേട്ടില്ല. അവന്റെ രക്തം ഇപ്പോള്‍ പകരംചോദിക്കുകയാണ്.
തങ്ങള്‍ പറഞ്ഞതു ജോസഫിനു മനസ്സിലായെന്ന് അവര്‍ അറിഞ്ഞില്ല. കാരണം, ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവര്‍ ജോസഫുമായി സംസാരിച്ചത്.
ഉല്പത്തി 42 : 1-23