ലോകത്തിന്റെ ആദർശങ്ങളെയും മൂല്യങ്ങളെയും ഈശോ കീഴ്മേൽ മറിച്ചു. ലോക ദൃഷ്ടിയിൽ ദരിദ്രർ,ദുഃഖിതർ, പീഡിതർ, വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഒക്കെ തന്നെ നിർഭാഗ്യവാന്മാരാണ്. സമ്പന്നർ, സന്തോഷിച്ചാനന്ദിക്കുന്നവർ, സംതൃപ്തർ, മനുഷ്യരാൽ പ്രശംസിക്കപ്പെടുന്നവർ എല്ലാം. എന്നാൽ ഈശോ ഈ സങ്കൽപ്പങ്ങളെ തലകീഴായി മറിച്ചിരിക്കുന്നു. അവിടുത്തെ ദൃഷ്ടിയിൽ ദരിദ്രർ, ദുഃഖിതർ, വിലപിക്കുന്നവർ, സത്യനീതികൾക്കുവേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവർ ഇവരൊക്കെയാണ് യഥാർത്ഥത്തിൽ അനുഗ്രഹീതർ. ശക്തിയിലും സമ്പത്തിലും കയ്യടിയിലും കയ്യൊപ്പിലും വിജയത്തിലും ഒന്നുമല്ല സാക്ഷാൽ സൗഭാഗ്യം അടങ്ങിയിരിക്കുന്നത്.
ലൗകിക വിജ്ഞാനത്തിന് ഈ ലൗകിക പ്രബോധനങ്ങളും പ്രഖ്യാപനങ്ങളും ഉൾക്കൊള്ളാനാവില്ല. ദൈവികജ്ഞാനം കൊണ്ട് മാത്രം ഗ്രഹിക്കാവുന്ന വസ്തുതയാണിത് . അവിടുത്തെ പ്രബോധനങ്ങൾ ലൗകിക തത്വചിന്തകൾക്ക് അനുരൂപമല്ല. അവിടുന്ന് ലോകത്തിന്റെതല്ല; ഉന്നതത്തിൽ നിന്നു വന്നവനാണ് . അതുപോലെതന്നെ അവിടുത്തെ പ്രബോധനങ്ങളും ലോകത്തിന്റെതല്ല.അവയെല്ലാം ഉപരി ഔന്നിത്യം ഉള്ളവയാണ്. ഈ വസ്തുത അവിടുത്തെ ദൈവികത വ്യക്തമായി വിളംബരം ചെയ്യുന്നു. ഈ ദൈവികത ഉൾക്കൊള്ളാൻ ദൈവീക ജ്ഞാനവും വിനയവും അത്യന്താപേക്ഷിതമാണ്.
ലിഖിത നിയമങ്ങളെക്കാൾ ശ്രേഷ്ഠം (കരുണയും )മനുഷ്യ മഹത്വവും അനുസരണവുമെല്ലാമാണെന്ന് അവിടുന്ന് അസന്നിഗ്ദ്ധമായി പഠിപ്പിച്ചു. കാരുണ്യത്തിന് വഴിമാറാൻ, ലിഖിത നിയമങ്ങൾ അവിടുന്നു തിരുത്തിക്കുറിച്ചു. കരുണയ്ക്കും സ്നേഹത്തിനും ഒരു വിധത്തിലും നി രക്കാത്തവയെല്ലാം അവിടുന്ന് പാടെ ഉന്മൂലനം ചെയ്തു. അപൂർണ്ണതകൾ പൂർണ്ണതയുള്ളവയാക്കി.
” പൂർവികരോട് പറയപ്പെട്ടിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു എന്ന് കൽപ്പിച്ചുകൊണ്ട് ആധികാരികമായി നിയമങ്ങളെ തിരുത്താൻ അവിടുന്ന് അലൗകിക ധൈര്യം കാണിച്ചു; മോശയുടെ നിയമങ്ങൾ തിരുത്തിക്കൊണ്ട് അവനെക്കാൾ, മറ്റെല്ലാവരെക്കാൾ, ശ്രേഷ്ഠനാണ് താനെന്നു അവിടുന്ന് സ്ഥാപിച്ചു. കാരണം, മോശയുടെ പിന്നിൽ അധികാരിയായി നിൽക്കുന്നത് ദൈവമാണ് ; പിതാവിനെയും പരിശുദ്ധാത്മാവിനെയും പോലെ താനും ദൈവമാണ്. മോശയ്ക്ക് നൽകപ്പെട്ട നിയമങ്ങളിലെ അപൂർണ്ണതകളാണ് അവിടുന്ന് പരിഹരിച്ചത്. അങ്ങനെ, താൻ ദൈവാധികാരങ്ങളുള്ളവനാണെന്നും ദൈവം തന്നെയാണെന്നും ഈശോ സ്ഥാപിച്ചു.