കുടുംബത്തിനും മക്കൾക്ക് പ്രചോദനം ആകേണ്ടത് മാതാപിതാക്കളുടെ വിശ്വാസം, പ്രത്യാശ,സ്നേഹം, സഹനശീലം, ക്ഷമ, വിട്ടുവീഴ്ചാമനോഭാവം, പ്രാർത്ഥനാജീവിതം. സർവ്വോപരി കൗദാശിക ജീവിതം മുതലായവയാണ്. ഇവിടെ ഏറെ പ്രചോദനാത്മകമായ ഒരു സംഭവം രേഖപ്പെടുത്താം. കേരളത്തിലെ അറിയപ്പെടുന്ന സുവിശേഷ പ്രബോധകൻ സാക്ഷ്യപ്പെടുത്തിയതാണിത്.
ചെറിയൊരു ആമുഖത്തിന് ശേഷം ആ മധ്യവയസ്കൻ പറഞ്ഞുതുടങ്ങി: ബ്രദറെ, എന്റെ അപ്പനും അമ്മയും ജീവിച്ചിരിപ്പുണ്ട്.എനിക്ക് ഒരു ജേഷ്ഠ സഹോദരനും ഒരു ജേഷ്ഠ സഹോദരിയുമുണ്ട്. ഞങ്ങൾ മൂവരും കുടുംബസമേതം വിദേശത്ത് ജോലി ചെയ്യുന്നു. എന്റെ പിതാവ് സമ്പന്നനാണ്. ഞങ്ങൾക്ക് മൂന്നു പേർക്കും നല്ല വിദ്യാഭ്യാസം തന്നു. ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അച്ചായൻ ബദ്ധശ്രദ്ധനായിരുന്നു. ഞങ്ങൾക്ക് പഠിക്കാനുള്ള സൗകര്യത്തിന് ഏറെ ജോലികളൊന്നും ഞങ്ങളെ ഏൽപ്പിച്ചിരുന്നില്ല. പക്ഷെ രാവിലെ പ്രഭാത പ്രാർത്ഥനകളിലും വൈകീട്ടത്തെ ജപമാല പ്രാർത്ഥനയിലും അച്ചായനോടൊപ്പം ഞങ്ങൾ നിഷ്ഠയോടെ പ്രാർത്ഥിക്കണമായിരുന്നു. നിർബന്ധപൂർവ്വം എല്ലാ ദിവസവും ദിവ്യബലിയിൽ സംബന്ധിക്കുമായിരുന്നു. വളരെ അത്യാവശ്യമെങ്കിലെ ട്യൂഷന് അനുവാദം തന്നിരുനുള്ളൂ. എന്തും ചെയ്യുന്നത് നന്നായി ചെയ്യണം എന്നും, എപ്പോഴും മാതൃകാപരമായി പെരുമാറണമെന്നും അച്ചായന് നിഷ്ഠയും നിർബന്ധമുണ്ടായിരുന്നു. ഇളയ ആളായ എനിക്ക് ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നിരുന്നതും മാതൃക കാണിച്ചിരുന്നതും എന്റെ ജേഷ്ഠനും പെങ്ങളുമാണ്.
ബ്രദറെ, പരിചയപ്പെടുത്താൻ വേണ്ടി ഞാൻ ഇത്രയും പറഞ്ഞെന്നേയുള്ളൂ. എനിക്ക് പങ്കു വെക്കാനുള്ളത് എന്റെ സ്നേഹനിധിയായ,കരുണാ സമ്പന്നനായ, ശാന്തനായ, ക്ഷമാശീലനായ,സഹനശക്തിയുടെ പര്യായവും പാരമ്യവുമായ എന്റെ അച്ചായനെ കുറിച്ചാണ്. മാതാപിതാക്കൾ നിർദ്ദേശിച്ച എന്റെ അമ്മയെ അച്ചായൻ സസന്തോഷം വിവാഹം കഴിച്ചു. 55 വർഷമായ ആ വിവാഹ ജീവിതം ഇന്നും അഭംഗുരം തുടർന്നു പോരുന്നു. പക്ഷേ ഇപ്പോൾ എന്റെ അമ്മ വീണ് കൈയും കാലും ഒടിഞ്ഞ് ദിവസങ്ങളായി കിടക്കയിലാണ്. ഇളയ മകൻ എന്ന നിലയിൽ മാതാപിതാക്കളെ കരുതി ശുശ്രൂഷിക്കേണ്ടത് ഞാനാണ്. കുറച്ചു ദിവസങ്ങൾ അവധിക്ക് വരുമ്പോൾ മാത്രമേ എനിക്ക് അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാനാവുന്നുള്ളൂ.
ബ്രദറെ രാപകലില്ലാതെ എന്റെ അമ്മയെ സസ്നേഹം യാതൊരു പരാതിയോ പരിഭവമോ ഇല്ലാതെ ശുശ്രൂഷിക്കുന്നത് എന്റെ വിശുദ്ധനായ അച്ചായൻ ആണ്, ഇപ്പോൾ മാത്രമല്ല കഴിഞ്ഞ 55 വർഷവും അച്ചായൻ ആണ് അമ്മയെ ഒരു കുഞ്ഞിനെപ്പോലെ കരുതി ശുശ്രൂഷിച്ചിരുന്നത്. കാരണം ബ്രദറെ, എന്റെ പ്രിയപ്പെട്ട അമ്മ തികഞ്ഞ ഒരു മാനസിക രോഗിയാണ്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ അച്ചായന് ഈ സത്യം മനസ്സിലായതാണ്. ചില നിർദ്ദേശങ്ങളൊക്കെവച്ചവരുണ്ട്. അവരോടൊക്കെ അച്ചായൻ പറഞ്ഞിരുന്നു: “എനിക്ക് ദൈവം തന്ന സമ്മാനമാണ് എന്റെ ഭാര്യ. കൂദാശയിൽ അവിടുന്ന് ഞങ്ങളെ യോജിപ്പിച്ചതാണ്.ദൈവം അനുവദിക്കുന്നിടത്തോളം ഞാനീ മകളെ പൊന്നുപോലെ നോക്കും”. ഈ വാക്ക് ഇന്നും അച്ചായൻ കൃത്യമായി പാലിച്ചു കൊണ്ടിരിക്കുന്നു.നീതിമാനായ എന്റെ അച്ചായൻ ഒരിക്കലും മറിച്ച് എന്തെങ്കിലും ചിന്തിച്ചു പോലും കാണുകയില്ല.
സുസ്മേരവദനനായി തുടങ്ങിയെങ്കിലും തുടർന്ന് കണ്ണുനീർ ധാരധാരയായി ഒഴുകുകയും ഇടയ്ക്കൊക്കെ ഏങ്ങലടിക്കുകയും ചെയ്തിരുന്നുവെന്നും പ്രഘോഷകൻ വെളിപ്പെടുത്തി. ആ പിതാവ് ദൈവത്തെ തന്നെയല്ലേ അനുകരിക്കുന്നത്? കരുണാനിധിയും, നീതിമാനും, ദൈവഹിതം അനുനിമിഷവും നിറവേറ്റുന്ന ജീവിക്കുന്ന ക്രിസ്തു!