നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല.
നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല.
വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല, പീഠത്തിന്മേലാണു വയ്ക്കുക. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്ക്കും പ്രകാശം നല്കുന്നു.
അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. മത്തായി 5 : 13-16
ഇവിടെ യേശു ശിഷ്യന്മാരെ നേരിട്ട് സംബോധന ചെയ്തുകൊണ്ടാണ് സംസാരിക്കുക. ലോകത്തിൽ അവർക്കുള്ള ദൗത്യം വ്യക്തമാക്കി കൊടുക്കുന്നത് ഉപ്പിന്റെയും പ്രകാശത്തിന്റെയും സാദൃശ്യങ്ങൾ ഉപയോഗിച്ചുകൊണ്ടാണ്. ഉപ്പ് ഭക്ഷ്യപദാർത്ഥങ്ങൾ അഴിഞ്ഞു പോകാതെ സൂക്ഷിക്കുന്നത് പോലെ തങ്ങളുടെ ചുറ്റുമുള്ള ലോകം ധാർമികമായ അധ:പതിക്കാതെ കാത്തുസൂക്ഷിക്കുക ശിഷ്യന്മാരുടെ കടമയാണെന്ന് അവിടുന്ന് ഓർമിപ്പിക്കുന്നു. ലേവ്യരുടെ പുസ്തകത്തിൽ ധ്യാന്യ ബലിയോടു കൂടി ഉപ്പ് ചേർക്കണമെന്ന് നിർദേശിക്കുന്നുണ്ട്. ഈ ഉപ്പിനെ ഉടമ്പടിയുടെ ഉപ്പ് എന്നാണ് പൗലോസ് വിശേഷിപ്പിക്കുന്നത് (റോമാ 2:12-13). ശിഷ്യന്മാർ തങ്ങളെ തന്നെ ദൈവത്തിനു സമർപ്പിക്കുമ്പോൾ തങ്ങളെത്തന്നെ വിശുദ്ധീകരിക്കണം എന്നാണ് ഈ പരാമർശം കൊണ്ടു ഉദ്ദേശിക്കുക. ഉപ്പിനെ കുറിച്ചുള്ള യഹൂദ റബ്ബിമാരുടെ കാഴ്ചപ്പാട് അവിടുത്തേക്ക് സ്വീകാര്യമായിരുന്നില്ല. യഹൂദ റബ്ബിമാർ ഉപ്പിനെ വിജ്ഞാന ത്തിന്റെ പ്രതീകമായി കണക്കാക്കിയിരുന്നു. ഉറ കെട്ടുപോയ ഉപ്പിനോടും പറയുടെ കീഴിൽ വച്ച് ദീപ ത്തോടും ആണ് അവരുടെ പ്രബോധനത്തെ യേശു ഉപമിക്കുക. സാധാരണയായ് ഉപ്പിന്റെ ഉറ കെട്ട് പോകാറില്ല. എന്നാൽ ചാവുകടലിൽ നിന്നുള്ള ഉപ്പിൽ കലർപ്പുള്ളതുകൊണ്ട് അതിന്റെ ഉറ കെട്ട് പോകാൻ സാധ്യതയുണ്ട്. അതുകൊണ്ടായിരിക്കും യേശു ഉപ്പ് ഒരു സാദൃശ്യം ആയി ഉപയോഗിച്ചിട്ടുള്ളത്. യേശുവിന്റെ ശിഷ്യന്മാർ അവിടുത്തെ പ്രബോധനങ്ങൾ അനുസരിച്ച് തങ്ങളുടെ ജീവിതം വിശുദ്ധീകരിക്കുമ്പോൾ അത് മറ്റുള്ളവരുടെ ജീവിതത്തിന് പ്രചോദനം നൽകും. വിശുദ്ധി നഷ്ടപ്പെടുത്തിയ ശിഷ്യൻ ലോകത്തിൽ ഉറ കെട്ടുപോയ ഉപ്പിനു സാദൃശ്യമാണ്.
യേശുവിന്റെ ശിഷ്യന്മാർ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണം പോലെ അവർ ലോകത്തിന്റെ മുൻപിൽ പ്രകാശിക്കണം. ഈ അർത്ഥത്തിൽ ഭാവി ജറുസലെമിനെ കുറിച്ച് പ്രവാചകൻ പറഞ്ഞിരുന്ന കാര്യങ്ങൾ പൂർത്തിയാകുന്നത് യേശുവിലും അവിടുത്തെ ശിഷ്യൻമാരിലും ആണ്. ജെറുസലേമിലെ ഭാവിയെക്കുറിച്ച് ഏശയ്യാ പ്രവചിച്ചിരിക്കുന്നു. അവസാന നാളുകളിൽ കർത്താവിന്റെ ആലയം സ്ഥിതിചെയ്യുന്ന പർവ്വതം എല്ലാ പർവ്വതങ്ങൾക്കു മുകളിൽ ഉയർന്നു നിൽക്കും. എല്ലാ ജനതകളും അതിലേക്ക് ഒഴുകും. അനേകം ജനതകൾ പറയും ; വരുവിൻ നമുക്ക് കർത്താവിന്റെ ഗിരി യിലേക്ക്, യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക് പോകാം. യേശു തന്റെ ദൗത്യം ആരംഭിക്കുക അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനങ്ങൾക്ക് പ്രകാശം ആയിട്ടാണ്. യേശുവിന്റെ പ്രബോധനങ്ങളും യേശുവിന്റെ പ്രവർത്തനശൈലിയും സ്വന്തമാക്കിക്കൊണ്ട് ലോകത്തിന്റെ മുമ്പിൽ തന്റെ സഭ മലമുകളിൽ പണിതുയർത്തിയ പട്ടണം പോലെ പ്രശോഭിക്കണം എന്നാണ് എന്നാണ് യേശു ആഗ്രഹിക്കുക. അതിന് ശിഷ്യന്മാരെ ശക്തിപ്പെടുത്തുന്ന അവിടുത്തെ പ്രബോധനങ്ങളാണ് തുടർന്നു വരുന്ന മലയിലെ പ്രസംഗത്തിൽ കാണുക