ദിവ്യരഹസ്യങ്ങൾ പരസ്പരം യോജിപ്പിക്കുന്നത് നമ്മുടെ കർത്താവിന്റെ പുനരുത്ഥാനത്തെ സൂചിപ്പിക്കുന്നു. അവിടുത്തെ പുനരുത്ഥാനം ആണ് നമ്മുടെ വിശ്വാസത്തിന്റെ ആണിക്കല്ല്. ഈശോമിശിഹാ ഉയർത്തിട്ടില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർത്ഥമാണെന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ തറപ്പിച്ചു പറയുന്നുണ്ടല്ലോ. നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. ” ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്തിന്? ” (ലൂക്ക 24:5). വീണ്ടും പുറപ്പാട് 3: 14 പറയുന്നു. ” ഞാൻ ആകുന്നവൻ ആകുന്നു “(I am who am ). താൻ നിത്യം ജീവിക്കുന്ന സജീവനായ ദൈവമാണെന്ന് അർത്ഥം.
ഈശോയുടെ പുനരുത്ഥാനത്തെ കുറിച്ച് നാല് സുവിശേഷകരും പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധ മത്തായി യുടെ വാക്കുകൾ ഇവിടെ ഉദ്ധരിക്കാം.”സാബത്തിന് ശേഷം ആഴ്ചയുടെ ഒന്നാം ദിവസം (ഞായർ) രാവിലെ മഗ്ദലന മറിയവും മറ്റേ മറിയവും ശവകുടീരം സന്ദർശിക്കാൻ വന്നു. അപ്പോൾ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന്, കല്ലുരുട്ടി മാറ്റി, അതിന്മേൽ ഇരുന്നു. അവന്റെ രൂപം മിന്നൽ പിണർ പോലെ ആയിരുന്നു”.വസ്ത്രം മഞ്ഞുപോലെ വെളുത്തതും. അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവൽക്കാർ വിറപൂണ്ട് മരിച്ചവരെപ്പോലെ ആയി. ദൂതൻ സ്ത്രീകളോടു പറഞ്ഞു :” ഭയപ്പെടേണ്ടാ ക്രൂശിക്കപ്പെട്ട ഈശോയെയാണ് നിങ്ങൾ അന്വേഷിക്കുന്നത് എന്ന് എനിക്കറിയാം. അവൻ ഇവിടെ ഇല്ല. താൻ അരുളി ചെയ്തതുപോലെ അവൻ ഉയർപ്പിക്കപെട്ടു. അവൻ കിടന്ന സ്ഥലം വന്നു കാണുവിൻ. വേഗം പോയി അവന്റെ ശിഷ്യന്മാരോട് , അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയർപ്പിക്കപ്പെട്ടെന്നും നിങ്ങൾക്കുമുമ്പേ ഗലീലയിലേക്ക് പോകുന്നെന്നും അവിടെ വച്ച് നിങ്ങൾ അവനെ കാണുമെന്നും പറയുവിൻ. ഇതാ ഈ കാര്യം ഞാൻ നിങ്ങളോട് പറഞ്ഞിരിക്കുന്നു”. അവർ കല്ലറ വിട്ടു ഭയത്തോടും വലിയ സന്തോഷത്തോടുംകൂടി ശിഷ്യന്മാരെ വിവരമറിയിക്കാൻ ഓടി.അപ്പോൾ ഈശോ എതിരെവന്ന അവരെ അഭിവാദനം ചെയ്തു. അവർ അവനെ സമീപിച്ചു പാദങ്ങളിൽ കെട്ടിപ്പിടിച്ച് ആരാധിച്ചു. ഈശോ അവരോട് പറഞ്ഞു :” ഭയപ്പെടേണ്ട, നിങ്ങൾ ചെന്ന് എന്റെ സഹോദരന്മാരോട് ഗലീലയിലേക്ക് പോകണമെന്നും അവിടെ അവർ എന്നെ കാണുമെന്നും പറയുക “( മത്താ. 28 :1 -10 )