ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന് കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. മകന് അപ്പംചോദിച്ചാല്‍ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ? അഥവാ, മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ? മക്കള്‍ക്കു നല്ല വസ്തുക്കള്‍ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള് നല്‍കും! മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്മാരും.മത്തായി 7 : 7-12
സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഔദാര്യത്തിലേക്ക് ഒരു തിരിച്ചുപോക്കാണ് ഇവിടെ ലക്ഷ്യം ഈ പിതാവിന്റെ ഔദാര്യത്തെ അനുകരിച്ചുകൊണ്ട് സുവർണ്ണ നിയമം എന്നറിയപ്പെടുന്ന നിയമത്തിൽ അനുശാസിക്കുന്ന ഔദാര്യം ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ ആഹ്വാനം ചെയ്യുകയാണ് യേശു.. മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ (7: 12. ഭാഗത്തിലെ വ്യാഖ്യാനത്തിന്റെ താക്കോൽ പതിനൊന്നും പന്ത്രണ്ടും വാക്യങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിനാണ് . പതിനൊന്നാം വാക്യത്തിലെ അവസാനം ദൈവത്തിന്റെ ഔദാര്യ ത്തെ എടുത്തുകാണിക്കുന്നു. നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകും. ഇതേ തുടർന്നു വരുന്ന പന്ത്രണ്ടാം വാക്യത്തിന്റെ ആരംഭത്തിൽ അതിനാൽ എന്നു ചേർത്തുവായിക്കണം. അത് മൂലഗ്രന്ഥത്തിൽ ഉള്ളതാണ്. ഇത് 7: 7 -12 വാക്യങ്ങളുടെ വ്യാഖ്യാനം എളുപ്പമാക്കുന്നു. പിതാവിന്റെ ഔദാര്യത്തിന് അനുഭവം ലഭിച്ചവർക്കേ സുവർണ്ണ നിയമത്തിന്റെ അർത്ഥം പൂർണമായും മനസ്സിലാവുകയുള്ളൂ. പ്രാർത്ഥനയ്ക്കുള്ള മറുപടിയിലാണ് ദൈവത്തിന്റെ ഔദാര്യം വ്യക്തമാവുക. ചോദിക്കുക അന്വേഷിക്കുക മുട്ടുക എല്ലാം പ്രാർത്ഥിക്കാനുള്ള ആഹ്വാനമാണ്. ദൈവം നമ്മുടെ പ്രാർത്ഥന കേട്ടു നമുക്ക് പ്രത്യുത്തരം നൽകും എന്ന തികഞ്ഞ ആത്മവിശ്വാസത്തോടെ നമുക്ക് പ്രാർത്ഥിക്കാം. നിങ്ങൾക്ക് തുറന്ന് കിട്ടും എന്നീ വാക്കുകൾ ആണ് നമുക്ക് ഉറപ്പു തരുന്നത് (7:7) സ്വർഗ്ഗസ്ഥനായ പിതാവ് ആണ് ഇതെല്ലാം ചെയ്തു തരിക.
എളുപ്പത്തിൽ മനസിലാക്കാവുന്ന അവതരണശൈലി യിലൂടെ ആണ് യേശു ഇക്കാര്യം വ്യക്തമാക്കുക. അപ്പം- കല്ല്,മീൻ -പാമ്പ് എന്നീ പ്രതികരണങ്ങളിലൂടെ പരിമിതമായ സ്നേഹം മാത്രമുള്ള മാതാപിതാക്കളും മക്കൾക്ക് നല്ല വസ്തുക്കളെ കൊടുക്കുന്നു എന്ന അനുദിന ജീവിതത്തിലെ യാഥാർത്ഥ്യത്തിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഈ മാതാപിതാക്കളുമായി ദൈവത്തിന്റെ സ്നേഹത്തെയും കരുതലിനെയും താരതമ്യം ചെയ്യുമ്പോൾ മനുഷ്യനും മനസ്സിലാകും കാരുണ്യവാനും സ്നേഹസമ്പന്നനായ പിതാവ് തന്നോട് പ്രാർത്ഥിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകുമെന്ന്. അതുകൊണ്ട് ആ സ്വർഗിയ പിതാവിന്റെ മക്കളെ പോലെ വർത്തി ക്കാനുള്ള ആഹ്വാനമാണ് ഇവിടെ നൽകുന്നത്. സുവർണ്ണ നിയമത്തിന് 7: 12 അർത്ഥം അതാണ്. ദൈവത്തിന്റെ കാരുണ്യം അനുഭവിക്കുന്ന മനുഷ്യരുടെ ഇടയിലെ നിയമമാണിത്. ദൈവത്തിന്റെ കാരുണ്യമാണ് നന്മയുടെ ഉറവിടം. ആ പിതാവിന്റെ മക്കൾ ആകുന്നതാണ് യഥാർത്ഥ ശിഷ്യത്വം. ഇതിനോട് സദൃശ്യമായ ആശയം പഴയനിയമത്തിൽ കാണുന്നുണ്ട്. നിനക്ക് അഹിതം ആയത് അപരനോടും ചെയ്യരുത് (തോബിത് 4 :15 ) എന്നാൽ യേശു നിഷേധാത്മകമായ ഈ കാഴ്ചപ്പാടിന് അപ്പുറത്ത് ക്രിയാത്മകമായി ചിന്തിക്കുന്നു. കരുണ കാണിക്കുക ക്ഷമിക്കുക ശത്രുക്കളെ സ്നേഹിക്കുക തുടങ്ങിയ മാനുഷിക ബന്ധങ്ങളെ കുറിച്ച് പഠിപ്പിച്ചതെല്ലാം ഈ സുവർണ്ണ നിയമത്തിൽ ഉൾക്കൊള്ളുന്നുണ്ട്. നിയമവും പ്രവാചകൻമാരും ഉൾക്കൊള്ളുന്ന പഴയനിയമത്തിലെ അന്തസത്ത ഈ നിയമത്തിലുണ്ട്