നാഥനെ നിരന്തരം പ്രകീർത്തിക്കുക
കർത്താവ് കാണിച്ച കാരുണ്യം വലുതാണെന്നും മർത്യരായ തങ്ങളിൽ അവിടുത്തെ സ്നേഹം ഉദയം ചെയ്തതെന്നും ജനം നന്ദിയോടെ അനുസ്മരിക്കുന്നു . തുടർന്നു കർത്താവിന്റെ ദാനങ്ങളെ പ്രതി അവിടുത്തേക്ക് സ്തുതി അർപ്പിക്കുന്നു.” കനിവോടെ കടങ്ങൾ പൊറുക്കുന്നവനേ” എന്ന് അഭിസംബോധന ചെയ്ത് ഉന്നതങ്ങളിൽ നിന്നുള്ള ദാനം വാഴ്ത്തപ്പെട്ടതാകട്ടെ എന്നും ജനം ആശംസിക്കുന്നു. ദൈവമായ കർത്താവിന് കൃതജ്ഞതയും ആരാധനയും സമർപ്പിക്കാൻ, അവിടുത്തെ കരുണയാൽ തങ്ങൾ എല്ലാവരും യോഗ്യരാകട്ടെ എന്നും അവർ ആശംസ രൂപത്തിൽ പ്രാർത്ഥിക്കുന്നു. നാഥനായ അവിടുത്തെ എല്ലാ സമയം പ്രകീർത്തിക്കാൻ ഉള്ള കൃപയാചിച്ചുകൊണ്ട് ഈ സുദീർഘമായ പ്രാർത്ഥന അവസാനിപ്പിക്കുന്നു.
മനോവിശ്വാസത്തോടെ അവിടുത്തെ എതിരേൽക്കാൻ
ഇവിടെ സാധാരണ ദിവസങ്ങളിൽ ചൊല്ലുന്ന പ്രാർത്ഥന കൂടുതൽ സംക്ഷിപ്തമാണ്. തങ്ങൾ വിശ്വാസപൂർവ്വം സ്വീകരിച്ച ദിവ്യരഹസ്യങ്ങൾ തങ്ങളുടെ കടങ്ങളുടെ പൊറുതിക്കു കാരണമാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഈശോമിശിഹായിൽ വിശ്വസിച്ച് സകലരുടെയും കറകളും കടങ്ങളും അവിടുത്തെ തിരുശരീര രക്തങ്ങളാൽ നിർമാർജനം ചെയ്യുകയും ക്ഷമിക്കുകയും ചെയ്തു നന്ദിപൂർവ്വം ഏറ്റുപറയുകയും കർത്താവ് മഹത്വം പൂർണനായി പ്രത്യക്ഷപ്പെടുമ്പോൾ മനോ വിശ്വാസത്തോടെ അവിടുത്തെ എതിരേൽക്കുവാനും സ്വർഗ്ഗീയഗണങ്ങളോടുകൂടി അവിടുത്തെ സ്തുതിക്കുവാൻ യോഗ്യരാക്കണമെ എന്നും പ്രാർത്ഥിക്കുന്നു