ഏതാണ്ട് 2021 വർഷങ്ങൾക്ക് മുമ്പ് ലോകചരിത്രത്തെ നെടുകെ രണ്ടായി കീറിമുറിച്ച് ഒരു പുരുഷയുഗത്തിന് നാന്ദി കുറിച്ച മഹാ സംഭവത്തിനന്റെ മഹനീയ അനുസ്മരണമാണ് ക്രിസ്മസ്. സാത്താന്റെ കരാളഹസ്തങ്ങളിൽ നിന്നും മാനവരാശിയെ മുഴുവൻ വിമോചിപ്പിക്കാൻ വേണ്ടി, എന്നേക്കുമായി അവന്റെ തല തകർക്കാൻ വേണ്ടി, ഇമ്മാനുവേൽ ആയി ( ‘ദൈവം നമ്മോടുകൂടെ’, മത്തായി 2 :23) ദൈവം മനുഷ്യനായി അവതരിച്ച സംഭവം. അന്നു ലോകത്തിന് പുതിയൊരു ചരിത്രം വിരചിക്കപ്പെട്ടു. മഹോന്നത ദൈവത്തിന്റെ മഹാ ദിവ്യ പദ്ധതിയുടെ സമുന്നതവും സർവോത്കൃഷ്ടവും സർവ്വ പ്രധാനവുമായ ഈ സംഭവം ലൂക്കാ സുവിശേഷകൻ ആലേഖനം ചെയ്യുന്നത് ഇങ്ങനെയാണ്. “ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാര് ഉണ്ടായിരുന്നു.
കര്‍ത്താവിന്റെ ദൂതന് അവരുടെ അടുത്തെത്തി. കര്‍ത്താവിന്റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. അവര്‍ വളരെ ഭയപ്പെട്ടു. ദൂതന് അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു.
ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്ത്തൊട്ടിയില് കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. പെട്ടെന്ന്, സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!” ലൂക്കാ 2 : 8-14.
സന്തോഷത്തിന്റെയും സംതൃപ്തിയുടെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും ദൂതുമായാണ് ക്രിസ്മസ് നമ്മെ സമീപിക്കുക. മാലാഖമാർ കൈമാറിയ സദ്വാർത്തയുടെ സ്വീകർത്താക്കളും പ്രചാരകരുമായി മാറിയ ജനകോടി ആളുകളുടെ പിൻതലമുറ ആണ് ഇന്നുള്ള ക്രൈസ്തവർ . ലോകജനത മുഴുവൻ വലിയ സന്തോഷത്തോടെ സ്വീകരിച്ച ഈ സദ്വാർത്ത വെല്ലുവിളികളെല്ലാം അതിജീവിച്ച് ഇന്നും അതിവിപുലമായ തോതിൽ ജനങ്ങൾ സ്വീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നുണ്ട് എന്നുള്ളത് ഏറ്റവും ഹൃദ്യമായ സത്യമാണ്.
എന്താണ് ക്രിസ്മസ് നൽകുന്ന സന്തോഷത്തിന്റെ സവിശേഷത? വേദനകളും, കഷ്ടപ്പാടുകളും, ദുരിതങ്ങളും, ആകുലതകളും, വെല്ലുവിളികളും, ഒന്നുമില്ലാത്ത, ഒട്ടുമില്ലാത്ത, ഒരു അവസ്ഥയാണ് ഈ സന്തോഷം എന്ന് കരുതിയാൽ അത് അബദ്ധ മായിരിക്കും. ദൈവപുത്രന്റെ മനുഷ്യാവതാരം യാഥാർത്ഥ്യമാക്കാൻ ഏറ്റം അടുത്തു സഹായിച്ച രണ്ട് വ്യക്തികൾ പരിശുദ്ധ കന്യകാമറിയവും യൗസേപ്പിതാവുമാണ്. അവരുടെ ജീവിതങ്ങളെ ധ്യാന വിഷയമാക്കുന്നത് തന്നെ ക്രിസ്മസിന്റെ സദ്ദേശവും ഈശോ നൽകുന്ന ആനന്ദത്തിന്റെ സവിശേഷതകളും വ്യക്തമാകും.
നിത്യകന്യകയായി ജീവിക്കാൻ വ്രതമെടുത്ത് ആളായിരുന്നു പരിശുദ്ധ കന്യകമറിയം. ” നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും ” എന്ന ഗബ്രിയേൽ ദൂതന്റെ അറിയിപ്പു തന്നെ പരിശുദ്ധ അമ്മയ്ക്ക് ഏറെ അസ്വസ്ഥതയ്ക്ക് കാരണമായി. അഭിവാദനത്തിന്റെയും അറിയിപ്പിന്റെ യും അർത്ഥമറിയാതെ അമ്മ ആകുലതയുടെ ആഴങ്ങളിലേക്ക് ആഴ്ന്നു. എങ്കിലും അവൾ അഖിലേശ സന്ദേശത്തെ ചോദ്യം ചെയ്യുകയോ, സംശയിക്കുകയോ, നിരാകരിക്കുകയോ, ചെയ്യുന്നില്ല. എന്നാൽ തന്റെ നിത്യ കന്യാവ്രതത്തിന്റെയും പുരുഷനെ അറിയാത്തതിന്റെയും പശ്ചാത്തലത്തിൽ ഇതെങ്ങനെ സംഭവിക്കും എന്ന് വളരെ ന്യായയുക്തമായ ചോദ്യം ഉന്നയിക്കുകയും ചെയ്തു. വിവാഹ വാഗ്ദാനത്തിൽ ശേഷം ഭർത്താവ് അറിയാതെ ഗർഭിണിയാവുന്നത് സ്ത്രീക്ക് അക്കാലത്ത് നൽകിയിരുന്ന ശിക്ഷാവിധികൾ കഠിനകഠിനമായിരുന്നു. അവളെ അവളുടെ പിതൃഭവനത്തിന്റെ വാതുക്കൽ കൊണ്ടുപോവുകയും അവളുടെ നഗരത്തിലെ പുരുഷന്മാർ അവളെ കല്ലെറിഞ്ഞു കൊല്ലുക വേണം (നിയമ 22: 21). യൗസേപ്പിതാവിനും ഏറെ മനസഘർഷത്തിനും, ദുഃഖത്തിനും, അഭിമാനക്ഷതത്തിനും, അനിശ്ചിതത്വത്തിനും,ഇടയാക്കിയ സംഭവം ആയിരുന്നു കന്യകാമറിയത്തിന്റെ ഗർഭധാരണം . അപമാനിക്കാൻ ഇഷ്ടപ്പെട്ടില്ലെങ്കിലും രഹസ്യമായി ഭാര്യയെ ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. തക്കസമയത്ത് സ്വർഗ്ഗം ഇടപെടുന്നു. ദൂതൻ അദ്ദേഹത്തിന് സ്വപ്നത്തിൽ വെളിപ്പെടുത്തുന്നു :” മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ട. അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ്( മത്തായി 1 :20 ). യൗസേപ്പിതാവ് ദൈവഹിതത്തിന് പൂർണമായും കീഴ്വഴങ്ങി.
രാജകൽപ്പനയുടെ നിർവ്വഹണത്തിനുള്ള യാത്ര ദുരിതത്തിന് പര്യായപദം ആയിരുന്നു. മാതാവ് പൂർണ്ണ ഗർഭിണിയായിരുന്നപ്പോഴുള്ള പരമ ദയനീയ യാത്ര. കുന്നും മലയും കയറിയുമിറങ്ങിയും തപ്പിത്തടഞ്ഞും അണച്ചും കിതച്ചും ആണ് ബത്ലഹേമിൽ എത്തിയത്. പ്രസവ സമയം ആയി. അവിടെയുള്ള സത്രത്തിൽ ഇത്തിരി സ്ഥലം ചോദിച്ചപ്പോൾ അവർക്ക് കിട്ടിയ മറുപടി ” സ്ഥലമില്ല “എന്നായിരുന്നു. അവസാനം കിട്ടിയത് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട പൊട്ടിപ്പൊളിഞ്ഞ ഒരു കാലി കൂട്. വിശ്വകർമ്മാവിന് പിറന്നു വീഴാൻ കിട്ടിയത് അതിന്റെ പുൽത്തൊട്ടി. ഈജിപ്തിലേക്കുള്ള പലായനം മറ്റൊരു ദുരന്ത നാടകമാണ്.
ദുരന്തങ്ങളുടെ ഘോഷയാത്ര ഇരുവരും സസന്തോഷം ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു. ഇരുവരുടെയും ആന്തരിക സമാധാനവും സന്തോഷവും സഹാനുഭൂതിയും അണുവിട നഷ്ടപ്പെട്ടില്ല. നമ്മിൽ പലരെയും പോലെ അവർ പരസ്പരം കുറ്റപ്പെടുത്തിയില്ല, പഴിചാരിയില്ല, ദൈവശിക്ഷ തെറ്റിദ്ധരിച്ചില്ല . സുഖത്തിലും, ദുഃഖത്തിലും, സന്തോഷത്തിലും, ദാരിദ്ര്യത്തിലും, ആരോഗ്യത്തിലും, അനാരോഗ്യത്തിലും, ഉള്ളിനുള്ളിൽ തെളിഞ്ഞുനിൽക്കുന്ന സന്തോഷമാണ് ക്രിസ്തുമസ് തരുന്ന സ്വർഗ്ഗീയ ആനന്ദം. മാതാവും യൗസേപ്പിതാവും ഇതിന് മകുടോദാഹരണങ്ങളാണ്.