ദിവ്യബലിയുടെ കാതൽ

Fr Joseph Vattakalam
1 Min Read

ദിവ്യബലിയുടെ കാതൽ നിത്യ നാഥന്റെ രക്തം ചിന്തലാണ്. സകല ബന്ധനങ്ങളിൽ നിന്നും ആ തിരുരക്തം നമുക്ക് വിടുതൽ നൽകുന്നു. യേശുവിന്റെ തിരുരക്തത്താലാണ് എല്ലാ അടിമ ചങ്ങലകളും തകരുന്നത്.ഈശോ വസിക്കുന്ന ഹൃദയങ്ങൾ സക്രാരി കളാണ്. അതുകൊണ്ട് തന്നെ ഓരോ അധരവും ദൈവസ്തുതിയുടെ സാഗരം ആവണം.

പരമദിവ്യകാരുണ്യം, മധുരസ്നേഹ പാരമ്യം, എന്റെ നാവിലലിഞ്ഞ് എന്റെ രക്തത്തിൽ കലരുന്നു, ഞാനായി രൂപാന്തരപ്പെടുന്നു. അത്ഭുതങ്ങളുടെ അത്ഭുതമാണിവിടെ സംഭവിക്കുക.

എനിക്കായ് മുറിഞ്ഞവനേ,
എനിക്കായ് തകർന്നവനേ,
എനിക്കായ് രക്തം ചിന്തിയവനേ,
എനിക്കായ് മരിച്ചവനേ,
എൻ കണ്ണുനീർ നീ ഒപ്പിയെടുത്തു;

എൻ ദുഃഖമേറ്റെടുത്തു
ഘോരമാമെൻ പാപങ്ങൾ നീ ക്ഷമിച്ചു;
എന്നെ മാറോടു ചേർത്തണച്ചു;
നിൻ തിരു മുറിവിനാൽ സൗഖ്യമേകി
എനിക്കായ് അടികൾ ഏറ്റു
നിൻ ചുടുരക്തത്താൽ രക്ഷയേകി
നിൻ സ്നേഹമെന്നിൽ ചൊരിഞ്ഞൂ

…………………………………………………………….

നന്ദി, നന്ദി,നല്ലവനേ
നന്മകളരുളും വല്ലഭനേ
നന്ദിയോടങ്ങയെ വാഴ്ത്തുന്നു
നിരതം വാഴ്ത്തിപ്പാടുന്നു
നിരതം വാഴ്ത്തിപ്പാടുന്നു!

കുർബാന സ്ഥാപന സമയത്ത് ഈശോ ചെയ്തതും അനുഷ്ഠിക്കാൻ നമ്മോട് പറഞ്ഞതുമായ കാര്യങ്ങൾ ഒരർത്ഥത്തിൽ മിശിഹായെ സംബന്ധിച്ച രഹസ്യങ്ങളെല്ലാം ഉൾക്കൊള്ളുന്നവയാണ്. അവിടുത്തെ മനുഷ്യാവതാരം, മർത്യജീവിതം, ഐഹികജീവിതത്തിൽ പിതാവുമായുള്ള ബന്ധം, പീഡാനുഭവം, മരണം, ഉയിർപ്പ്, പരിശുദ്ധാത്മ ദാനം, നിത്യജീവൻ തുടങ്ങിയുള്ള രക്ഷാകരമായ ദിവ്യരഹസ്യങ്ങളെല്ലാം ഈ കർമ്മങ്ങളിലും പ്രാർഥനകളിലുമായി ഉള്ളടങ്ങിയിട്ടുണ്ട് .

ഈ കർമ്മങ്ങളും പ്രാർത്ഥനകളും തുടർന്ന് അനുഷ്ഠിക്കണമെന്ന് മാത്രമല്ല, ഇവയിൽ ഉൾക്കൊള്ളുന്നതും ഇതുവഴി അവിടുന്ന് കൈമാറുന്നതുമായ ഉദാത്ത ദർശനങ്ങൾ സ്വന്തമാക്കി ജീവിക്കണമെന്നും കൂടിയാണ് അവിടുന്ന് അഭിലക്ഷിക്കുന്നത്. ഈ ദർശനങ്ങളാകട്ടെ സ്നേഹം, കാരുണ്യം, ഐക്യം, പങ്കുവെയ്ക്കൽ, സേവനം, വിനയം, വിശ്വാസം, സമർപ്പണം, വിശുദ്ധി, സത്യം, നീതി തുടങ്ങിയ ദൈവിക സുകൃതങ്ങൾ.

Share This Article
error: Content is protected !!