“ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്ദേശം ഇതാണ്: നാം പരസ്പരം സ്നേഹിക്കണം.
തിന്മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെയാകരുത്. എന്തു കാരണത്താലാണ് അവന് സഹോദരനെ കൊന്നത്? തന്റെ പ്രവൃത്തികള്‍ ദുഷിച്ചതും തന്റെ സഹോദരന്റെ പ്രവൃത്തികള്‍ നീതിയുക്തവും ആയിരുന്നതുകൊണ്ടുതന്നെ.
സഹോദരരേ, ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ.
സഹോദരരെ സ്നേഹിക്കുന്നതുകൊണ്ടു നമ്മള് മരണത്തില്‍നിന്നും ജീവനിലേക്കു കടന്നിരിക്കുന്നു എന്നു നാമറിയുന്നു; സ്നേഹിക്കാത്തവനാകട്ടെ മരണത്തില്‍ത്തന്നെ നിലകൊള്ളുന്നു.
സഹോദരനെ വെറുക്കുന്നവന് കൊലപാതകിയാണ്. കൊലപാതകിയില്‍ നിത്യജീവന് വസിക്കുന്നില്ല എന്നു നിങ്ങള്‍ക്കറിയാമല്ലോ.
ക്രിസ്തു സ്വന്തം ജീവന് നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്നേഹം എന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന് പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന് തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും?
കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്.
ഇതുമൂലം നമ്മള് സത്യത്തില്‍നിന്നുള്ളവരാണെന്നു നാം അറിയുന്നു.
നമ്മുടെ ഹൃദയം നമ്മെകുറ്റപ്പെടുത്തുന്നെങ്കില്ത്തന്നെ, ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും.
പ്രിയപ്പെട്ടവരേ, ഹൃദയം നമ്മെകുറ്റപ്പെടുത്തുന്നില്ലെങ്കില്, ദൈവത്തിന്റെ മുമ്പില്‍ നമുക്ക് ആത്മധൈര്യമുണ്ട്.
നാം ആവശ്യപ്പെടുന്നതെന്തും അവിടുന്നു നമുക്കു നല്‍കുകയും ചെയ്യും. കാരണം, നമ്മള് അവിടുത്തെ കല്പനകള് അനുസരിക്കുകയും അവിടുത്തേക്കു പ്രീതിജനകമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
അവിടുത്തെ പുത്രനായ യേശുവിന്റെ നാമത്തില്‍ നാം വിശ്വസിക്കുകയും അവന് നമ്മോടു കല്പി ച്ചതുപോലെ നാം പരസ്പരം സ്നേഹിക്കുകയും ചെയ്യണം; ഇതാണ് അവന്റെ കല്പന.
അവന്റെ കല്പനകള് അനുസരിക്കുന്ന ഏവനും അവനില്‍ വസിക്കുന്നു; അവന് കല്പനകള് പാലിക്കുന്നവനിലും. അവന് നമുക്കു നല്‍കിയിരിക്കുന്ന ആത്മാവുമൂലം അവന് നമ്മില്‍ വസിക്കുന്നെന്നു നാമറിയുകയും ചെയ്യുന്നു.
1 യോഹന്നാന് 3 : 11-24
തിരുവചനത്തിൽ മുഴങ്ങികേൾക്കുന്ന ഒരു ആഹ്വാനമാണ് ‘നീതി പ്രവർത്തിക്കുക’ എന്നത്. പ്രായോഗികമായി ഇത് സഹോദരനെ സ്നേഹിക്കുകയാണെന്ന് ഈ വചനഭാഗം വ്യക്തമാക്കുന്നു.3:10ശ്രദ്ധിക്കുക. നീതി പ്രവർത്തിക്കാത്ത ഒരുവനും ദൈവത്തിൽനിന്നുള്ളവനല്ല തന്റെ സഹോദരനെ സ്നേഹിക്കാത്തവനും അങ്ങനെ തന്നെ”.3:11-12ൽ സഹോദര സ്നേഹം ദൈവൈക്യത്തിന്റെ മാനദണ്ഡമാണെന്ന് ശ്ലീഹ വ്യക്തമാക്കുകയാണ്.
പരസ്പരം സ്നേഹിക്കുക എന്നതും സുവിശേഷം തന്നെയായിട്ടാണ് ശ്ലീഹ ഇവിടെ അവതരിപ്പിക്കുന്നത്. ആദ്യം മുതലേ നിങ്ങൾ കേട്ടിരിക്കുന്ന സന്ദേശം ഇതാണ്: “നാം പരസ്പരം സ്നേഹിക്കണം”(3:11).സഭാംഗങ്ങൾ സ്വീകരിച്ച സുവിശേഷം പരസ്പര സ്നേഹത്തിന്റെ കൽപ്പന ഉൾക്കൊള്ളുന്നതായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.സന്ദേശം എന്നതിന് അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം ‘ അഗെലിയ ‘ എന്നാണ്. സുവിശേഷ പ്രഘോഷണത്തെ സൂചിപ്പിക്കുന്ന പദമാണിത്. ഇതിനുമുൻപ് 1:5 ൽ ഈ പദം ഉപയോഗിച്ചിട്ടുണ്ട് അവിടെ സന്ദേശമായി അവതരിപ്പിക്കുന്നത് “ദൈവം പ്രകാശമാണ് “എന്നതാണ്. ഇത് സ്നേഹത്തിന്റെ ഭാഷയിലുള്ള ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലാണ്. തന്മൂലം പരസ്പര സ്നേഹം സുവിശേഷത്തിന്റെ അവശ്യ ഘടകമാണെന്ന് വ്യക്തമാക്കുന്നു.
3:12ൽ സ്നേഹത്തിന്റെ സുവിശേഷ സന്ദേശത്തോടൊപ്പം അതിന് കടകവിരുദ്ധമായ വിദ്വേഷവും അവതരിപ്പിച്ചിരിക്കുന്നു. കായേന്റെ ഉദാഹരണത്തിലൂടെ വ്യക്തമാക്കപ്പെടുന്നത് സഹോദര വിദ്വേഷത്തിന്റെ പൈശാചിക സ്വഭാവമാണ്.. “തിന്മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെ ആവരുത്”. സ്നേഹിക്കുന്ന ദൈവമക്കളും ദ്വേഷിക്കുന്ന പിശാചിന്റെ മക്കളും തമ്മിലുള്ള വൈരുദ്ധ്യം ആദ്യപാപത്തിൽ തന്നെ പ്രകടമായിരിക്കുന്നു. സ്നേഹം പരിശുദ്ധിയുടെയും വിദ്വേഷം കൊടുംതിന്മയുടെയും പ്രകാശനമാണ്.
1യോഹ 3:13-15 വ്യക്തമാക്കുന്നതു സഹോദര സ്നേഹം ജീവന്റെ അടയാളവും ആണെന്നാണ്. ‘ലോകം’ വിശ്വസിക്കാത്ത ലോകം. ഇതിന്റെ അന്തസത്ത കടുത്ത വിദ്വേഷമാണ്. എന്നാൽ വിശ്വസിക്കുന്ന സമൂഹത്തിന്റെ സവിശേഷത കറ തീർന്ന സ്നേഹമാണ്. സഹോദരസ്നേഹം ജീവന്റെ അടയാളമാണ്; വിദ്വേഷമോ മരണത്തിന്റെയും. വളർന്നുവരുന്ന മരണത്തിന്റെ സംസ്കാരത്തിലാണ് നാമിന്നു ജീവിക്കുക. ഇന്നു നല്ലൊരു ശതമാനത്തിനും The other is hell (അപരൻ ‘നരക’മാണ്).
മിശിഹായ്ക്കും ( ഒപ്പം പിതാവിലും പരിശുദ്ധാത്മാവിലും ) വിശ്വസിക്കുന്നവൻ മാമോദിസയിലൂടെ ജീവനി(ദൈവിക) ലേക്കും പ്രവേശിക്കുകയും അതിൽ നിലനിൽക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിലേക്ക് പ്രവേശിക്കാത്തവർ മരണാവസ്ഥയിൽ തന്നെ തുടരുന്നു.
സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ് എന്നുകൂടി ശ്ലീഹാ കൂട്ടി ചേർക്കുന്നു. സഹോദരനെ കൊന്ന കായേനെ മുന്നിൽ കണ്ടുകൊണ്ടാവണം ഈ പ്രസ്താവം. ഒപ്പം സഹോദര വിദ്വേഷം സഹോദരഹത്യയിലേക്കുപോലും നയിക്കാമെന്ന സൂചന നമുക്ക് ഒരിക്കലും അവഗണിക്കാനാവില്ല.