റോസൂസാ അവസാനമുള്ള പ്രഥമ പ്രാർത്ഥനയുടെ വിശകലനം കഴിഞ്ഞല്ലോ. വചന പീഠത്തിൽ നിന്നുകൊണ്ടു, കൈകൾ വിരിച്ച് പിടിച്ച് ഉയർന്ന സ്വരത്തിൽ ആണ് പ്രസ്തുത പ്രാർത്ഥന ചൊല്ലുന്നത്.
അനന്തരം ശുശ്രൂഷി കാർമ്മികന്റെ ആശിർവാദം യാചിക്കുന്നു. കാർമ്മികൻ ആശിർവാദം നൽകുന്നു. തുടർന്നു ജനങ്ങളോട് ” സഹോദരരേ നിങ്ങൾ കൈവെയ്പ്പിനായി തലകുനിക്കുകയും ആശിർവാദം സ്വീകരിക്കുകയും ചെയ്യുവിൻ എന്ന് നിർദ്ദേശിക്കുന്നു.
അനന്തരം കാർമികൻ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ചൊല്ലുന്ന പ്രാർത്ഥനയാണ് ആദ്യം നൽകിയിരിക്കുന്നത്. ദീർഘമായ ഈ പ്രാർത്ഥന താഴ്ന്ന സ്വരത്തിലാണ് ചൊല്ലുന്നത്. രക്ഷാകര ചരിത്രവും ക്രൈസ്തവ ദൈവശാസ്ത്രവും നിറഞ്ഞു തുളുമ്പുന്ന ഒരു പ്രാർത്ഥനയാണിത്.
കർത്താവേ,ശക്തനായ ദൈവമേ, അങ്ങയുടെ അഭിഷിക്തൻ കഠിനമായ പീഡകളനുഭവിച്ചു വീണ്ടെടുത്ത അജഗണമായ പരിശുദ്ധ കത്തോലിക്കാ സഭ അങ്ങയുടെ താകുന്നു. ദൈവ സ്വഭാവത്തിൽ അങ്ങുമായി ഒന്നായിരിക്കുന്ന പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ യഥാർത്ഥ പൗരോഹിത്യത്തിന്റെ പദവികൾ കൈവയ്പ്പു വഴി നൽകപ്പെടുന്നു. വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷ ചെയ്യുന്നതിന് പരിശുദ്ധമായ സഭ ശരീരത്തിലെ സവിശേഷ അംഗങ്ങളാകാൻ നിസ്സാരരും ബലഹീനരും ആയ ഞങ്ങളെ അങ്ങു കാരുണ്യാതിരേകത്താൽ യോഗ്യ രാക്കി. കർത്താവേ അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കുകയും അങ്ങയുടെ ദാനങ്ങൾ ഞങ്ങളുടെ കരങ്ങൾ വഴി വർഷിക്കുകയും ചെയ്യണമേ. അങ്ങയുടെ കാരുണ്യവും അനുഗ്രഹവും ഞങ്ങളുടെയും അങ്ങു തിരഞ്ഞെടുത്ത ഈ ജനത്തിന്റെയുംമേൽ ഉണ്ടാകുമാറാകട്ടെ
പുരോഹിതൻ പ്രാർത്ഥനയിൽ പ്രഥമത: ഏറ്റുപറയുന്നത് അങ്ങയുടെ അഭിഷിക്തൻ ( ഈശോ) കഠിനമായ പീഡകൾ അനുഭവിച്ചു വീണ്ടെടുത്ത പരിശുദ്ധ കത്തോലിക്കാസഭ അങ്ങയുടെതാകുന്നു.
പുരോഹിതൻ ആദ്യം തന്നെ ഏറ്റുപറയുന്നത് പരമപ്രധാന രക്ഷാകര സത്യമാണ്. പിതാവായ ദൈവത്തിന്റെ “അഭിഷിക്തൻ” ആണ് പുത്രനായ ദൈവം. ഈ അഭിഷേകം പൂർണതയിൽ നൽകിയാണ് പിതാവ് സ്വപുത്രനെ പിശാചിന്റെ അടിമത്തത്തിൽ നിന്ന് മാനവരാശിയെ മോചിക്കാൻ മഹിയിൽ അയച്ചത്. ഈ ദൗത്യ നിർവ്വഹണത്തിന് ദൈവം നൽകിയ സവിശേഷാഭിഷേ കത്തെക്കുറിച്ചാണ് ഈ പ്രാർത്ഥനയുടെ ആരംഭത്തിൽ പരാമർശിക്കുന്നത്. വിമോചനത്തിന്റെ സദ്വാർത്ത അറിയിക്കാനുള്ള അഭിഷേകം ആണിത് .
” ദൈവമായ കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. പീഡിതരെ സദ്വാർത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകർന്ന വരെ ആശ്വസിപ്പിക്കാനും തടവുകാർക്ക് മോചനം ബന്ധിതർക്ക് സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കർത്താവിന്റെ കൃപാവത്സരവും….. വിലപിക്കുന്ന വർക്ക് സമാശ്വാസവും പ്രഖ്യാപിക്കാനും അവിടുന്ന് (പിതാവ്) എന്നെ അയച്ചിരിക്കുന്നു.”ഏശയ്യായിലൂടെ കർത്താവ് പറഞ്ഞ ഈ പരാമർശിക്കപ്പെട്ടിരിക്കുന്ന (വിമോചന ത്തിന്റെ സദ്വാർത്ത ) ഈ ദൗത്യങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതാണ്.
പീഡകൾ സഹിച്ചാണ് ഈശോ തന്റെ രക്ഷണീയവേല, വിമോചന ദൗത്യം പൂർത്തിയാക്കിയത്. ഇപ്രകാരം വീണ്ടെടുക്കപ്പെട്ട വരുടെ സ്നേഹ സമൂഹമാണ്, കൂട്ടായ്മയാണ് ശ്ലൈഹികവും സാർവ്വത്രി കവും വിശുദ്ധവും ഏകവുമായ കത്തോലിക്കാ സഭ. അവിടുന്ന് വീണ്ടെടുത്ത് അജഗണം ആണ് സഭാതനയർ. ഈ സഭ ഈശോയുടെ സ്വന്തമാണെന്ന് കാർമികൻ, സഭാതനയരുടെ പ്രതിനിധി എന്ന നിലയിൽ ഏറ്റുപറയുന്നു.
സഭയുടെ ഘടനയിൽ മർമ്മ പ്രധാന സ്ഥാനമുള്ള പദവിയാണ് പൗരോഹിത്യം സഭയുടെ നന്മയ്ക്കും വളർച്ചയ്ക്കും നിലനിൽപ്പിനും പൗരോഹിത്യം അത്യന്താപേക്ഷിതമാണ് . ദൈവ സ്വഭാവത്തിൽ പിതാവും പരിശുദ്ധാത്മാവും ആയി ഈശോ ഐക്യ പെട്ടിരിക്കുന്നു. ഇപ്രകാരം സത്തയിൽ സമനായ പരിശുദ്ധാത്മാവിന്റെ കൃപാ വരത്താലാ ണ് യഥാർത്ഥ പൗരോഹിത്യത്തിന്റെ പദവികൾ മെത്രാന്റെ കൈവെപ്പ് വഴി നൽകപ്പെടുക. വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷ ചെയ്യാനാണ് കൂദാശകൾ പരികർമ്മം ചെയ്യുക, ഇതര അജപാലന ശുശ്രൂഷകൾ അനുഷ്ഠിക്കുക. പരിശുദ്ധമായ സഭാഗാത്രത്തിലെ സവിശേഷ അംഗങ്ങളാകാൻ അഖിലേശൻ അവർക്ക് കൃപ നൽകുക. പൗരോഹിത്യത്തിലേക്ക് ഉള്ള വിളി അത്യുന്നതമാണ്. ഇതിൽ ലഭിക്കുന്നത് സ്വീകർത്താവിന്റെ യാതൊരു യോഗ്യതയും കൊണ്ടല്ല. ദൈവത്തിന്റെ അനന്ത കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ്. ഔന്നത്യവും നിസ്സാരതയും ബലവും ബലഹീനതയും തന്നിൽ സമഞ്ജസമായി സമ്മേളിപ്പിക്കുന്ന paradox – വിരോധാഭാസം ആണ് പുരോഹിതൻ.
തുടർന്നു പൗരോഹിത്യ ശ്രേണിയിൽ ഉള്ളവർക്കെല്ലാം കർത്താവിന്റെ കൃപാവരത്തിന്റെ നിറവും നൽകണമെന്ന് പുരോഹിതൻ വിനയ പുരസ്സരം പ്രാർത്ഥിക്കുന്നു. അവിടുത്തെ ദാനങ്ങൾ തങ്ങളുടെ കരങ്ങൾ (ശുശ്രൂഷ വഴി )വർഷിപ്പിക്കണമെന്നും കാർമികൻ പ്രാർത്ഥിക്കുന്നു. ” അങ്ങയുടെ കാരുണ്യം അനുഗ്രഹവും ഞങ്ങളുടെയും അങ്ങ് തെരഞ്ഞെടുത്ത ഈ ജനത്തിന്റെ മേലും ഉണ്ടാകുമാറാകട്ടെ ” എന്ന യാചിച്ചുകൊണ്ട് പരമപ്രധാനമായ ഈ പ്രാർത്ഥന പുരോഹിതൻ ഉപസംഹരിക്കുന്നു.