അതാ, എന്റെ പ്രിയന്റെ സ്വരം! അതാ മലമുകളിലൂടെ കുതിച്ചുചാടിയും കുന്നുകളിൽ തുള്ളിച്ചാടിയും അവൻ വരുന്നു. എന്റെ പ്രിയൻ ചെറുമാനിനെപ്പോലെയോ കലമാൻകുട്ടിയെപ്പോലെയോ ആണ്. കിളിവാതിലിലൂടെ നോക്കികൊണ്ട്, അഴികളിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ടു, അതാ, അവൻ ഭിത്തിക്ക് പിന്നിൽ നിൽക്കുന്നു (ഉത്തമ. 2 :8 -10 ). ദൈവാനുഭവം ഒരു തുറക്കലും പ്രവേശനവുമാണ്. ആരെങ്കിലും എന്റെ സ്വരം കേട്ട് വാതിൽ തുറന്നു തന്നാൽ ഞാൻ അവന്റെ അടുത്തേക്കു വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്യും (വെളി. 3 :20 ). അനുഭവം വ്യക്തിപരമാണ്. ഒരിക്കൽ ഒരു നിരീശ്വര സമ്മേളനം നടക്കുകയാണ്. പ്രഭാഷകർ ഒന്നൊന്നായി വന്നു ദൈവമില്ലെന്നു സ്ഥാപിക്കാൻ ശ്രമിക്കുകയും അവസാനം ഇങ്ങനെ പ്രസ്താവിക്കുകയും ചെയ്തിരുന്നു. വ്യത്യസ്താഭിപ്രായങ്ങൾ ഉള്ളവർക്കു സ്റ്റേജിൽ വന്നു സംസാരിക്കാവുന്നതാണ്. ഏകദേശം 20 പേർ ദൈവമില്ലെന്നു പറഞ്ഞു കടന്നുപോയി. അവസാനം വരെ ആരും ആരെയും ഖണ്ഡിക്കാനോ, ദൈവം ഉണ്ടെന്നു തെളിയിക്കാനോ എത്തിയില്ല. പ്രസംഗകരെല്ലാം സ്റ്റേജിൽ തന്നെയുണ്ട്. അപ്പോൾ അതാ, ഒരു പാവപ്പെട്ട കർഷകൻ സ്റ്റേജിലേക്ക് കയറുന്നു. അദ്ദേഹത്തിന്റെ കൈവശം ചെറിയൊരു പൊതിയുണ്ടായിരുന്നു. സാവകാശം അദ്ദേഹം സ്റ്റേജിൽ ശമ്പ്രം പടഞ്ഞിരുന്നു. കൈവശമുള്ള പൊതി അഴിക്കുകയായി. അതിനകത്ത് ഒരു ഓറഞ്ചായിരുന്നു. അതിന്റെ ഓരോ അല്ലിയും അടർത്തി അദ്ദേഹം ഭക്ഷിച്ചു. അതിനുശേഷം അദ്ദേഹം എല്ലാവരോടുമായി ചോദിച്ചു : ഞാൻ കഴിച്ച ഓറഞ്ചു മധുരമുള്ളതായിരുന്നോ അതോ പുളിയുള്ളതായിരുന്നോ? സ്റ്റേജിലുണ്ടായിരുന്ന ‘മഹാവാദികളെല്ലാം‘ ഒരേസ്വരത്തിൽ പറഞ്ഞു: “അത് ഞങ്ങൾക്കറിയാൻ കഴിയുമോ, ഓറഞ്ചു ഭുജിച്ച താങ്കൾക്കല്ലേ അത് അറിയാൻ കഴിയൂ?” അപ്പോൾ കർഷകൻ പറഞ്ഞു: “അറിയണമെങ്കിൽ അനുഭവിച്ചറിയണമെന്നല്ലേ നിങ്ങൾ പറഞ്ഞത്. നിങ്ങൾ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോൾ പറഞ്ഞത് മാത്രം ശരിയാണ്. ദൈവത്തെ അറിയണമെങ്കിൽ അവിടുത്തെ അനുഭവിക്കണം”.
വി. ഫ്രാൻസിസ് അസ്സീസ്സി, ദൈവത്തെ അനുഭവിച്ചു കഴിഞ്ഞപ്പോൾ എളിമയുടെ അഗാധങ്ങളിലേക്കു വന്നു. ദാരിദ്ര്യത്തെ പ്രാണപ്രേയസ്സിയായി സ്വീകരിച്ചു. ദൈവത്തെ പിതാവായി സ്വീകരിച്ചു, തുറവിയുള്ള ലോകത്തിനു ദൈവാനുഭവം പകർന്നു കൊടുത്തു. ദൈവവും മനുഷ്യരും പ്രകൃതിയും അദ്ദേഹത്തിന്റെ സ്നേഹവിഷയമായി. അനുനിമിഷം ദൈവാനുഭവത്തിൽ ജീവിച്ചു അനേകായിരങ്ങളെ ദൈവാനുഭവത്തിലേക്കു നയിച്ചു. ഇന്നും നയിച്ചു കൊണ്ടിരിക്കുന്നു.
ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ അനുപമരാജാവു ദാവീദ് പറയുന്നു: കർത്താവിനെ നോക്കിയവർ പ്രകാശിതരായി (സങ്കീ. 34 :5 ); കർത്താവു എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ; അവിടുത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. കർത്താവിന്റെ വിശുദ്ധരെ, അവിടുത്തെ ഭയപ്പെടുന്നവർക്കു ഒന്നിനും കുറവുണ്ടാകുകയില്ല. സിംഹക്കുട്ടികൾ ഇരകിട്ടാതെ വിശന്നുവലഞ്ഞേക്കാം; കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ല (സങ്കീ.34 :8 -10 ).
ദൈവത്തെ അറിഞ്ഞ് അനുഭവിച്ചവനു സ്നേഹം, സമാധാനം, സന്തോഷം, സംതൃപ്തി, സത്യം, നീതി ഇവയൊക്കെ കൈമുതലായിരിക്കും. ഏറ്റം നല്ല ഉദാഹരണം പരിശുദ്ധ കന്യകാമറിയാമാണ് (ലൂക്കാ. 1 :46 -53 ) (cfr. സ്തോത്ര ഗീതം). ദൈവാനുഭവമുള്ളവർ ദൈവത്തിന്റെ പ്രമാണങ്ങൾ അനുസരിക്കും. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വാതന്ത്രരാക്കുകയും ചെയ്യും (യോഹ.8 : 32 )
അനുസരണത്തിന്റെ കാരണം വ്യക്തം. അവൻ സത്യം അറിഞ്ഞു [ദൈവം സത്യമാണ്]. സത്യം അവരെ സ്വതന്ത്രരാക്കി. ദൈവാനുഭവമുള്ളവൻ ‘പുതിയ സൃഷ്ടിയാകും‘. ക്രിസ്തുവിൽ [ദൈവത്തിൽ] ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ് (2 കൊറീ. 5 :17 ). അതുകൊണ്ടു, “ജീവിക്കുന്നവർ ഇനിയും തങ്ങൾക്കു വേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയർക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവർക്കുംവേണ്ടി മരിച്ചത്. അതിനാൽ, ഇപ്പോൾ മുതൽ ഞങ്ങൾ ആരെയും മാനുഷികമായ കാഴ്‌ചപ്പാടിൽ വീക്ഷിക്കുന്നില്ല. ഒരിക്കൽ ഞങ്ങൾ മാനുഷികമായ കാഴ്‌ചപ്പാടിൽ ക്രിസ്തുവിനെ വീക്ഷിച്ചിരുന്നെങ്കിലും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയില്ല. ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ പുതിയത് വന്നുകഴിഞ്ഞു. ഞങ്ങളെ ക്രിസ്തുവഴി തന്നോടു രമ്യതപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങൾക്ക് നൽകുകയും ചെയ്ത ദൈവത്തിൽനിന്നാണ് ഇവയെല്ലാം. അതായതു, ദൈവം മനുഷ്യരുടെ തെറ്റുകൾ അവർക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേൽപിച്ചുകൊണ്ട് ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു. ഞങ്ങൾ ക്രിസ്തുവിന്റെ സ്ഥാനപതികളാണ്. ഞങ്ങൾവഴി ദൈവം നിങ്ങളോടു അഭ്യർത്ഥിക്കുന്നു; നിങ്ങൾ ദൈവത്തോടുരമ്യതപ്പെടുവിൻ. ഇതാണ് ക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നത്. എന്തെന്നാൽ, അവനിൽ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിനു, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി (2 കോറി. 5 15 :21 ). “ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമ്മുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല” (അപ്പ.4 :12 )