ഫെബ്രുവരി:21
റവെന്നാ നഗരത്തിൽ കുലീനമെങ്കിലും ഒരു വലിയ കുടുംബത്തിലെ ഇളയ പുത്രനായിട്ടാണ് പീറ്റർ ജനിച്ചത്. ഒരു കുട്ടിയേയുംകൂടി വളർത്താനുള്ള ഭാരമോർത്ത് അമർഷം പ്രദർശിപ്പിച്ച മൂത്തമകൻറെ ക്രൂരസംതൃപ്തിക്കുവേണ്ടി ‘അമ്മ ശിശുവിന് അമ്മിഞ്ഞ നൽകിയില്ല. പട്ടിണി കിടന്ന് മരിക്കാറായ ശിശുവിന് ഒരയൽവാസി ഭക്ഷണം കൊടുത്തു. ബാല്യകാലത്തുതന്നെ പീറ്ററിന്റെ മാതാപിതാക്കന്മാർ മരിച്ചു. ഒരു ജേഷ്ഠസഹോദരൻ അവനെ പന്നി നോട്ടക്കാരനായി നിയോഗിച്ചുവെങ്കിലും ശരിക്ക് ഭക്ഷണം കൊടുത്തില്ല .V. Peter Damien
കഷ്ടപ്പെടുന്ന കുഞ്ഞാടിന്റെ ഭക്തിയും സാമർത്ഥ്യവും മനസ്സിലാക്കിയ അവന്റെ വൈദിക സഹോദരൻ ഡാമിയനെ തന്റെ കൂടെ താമസിപ്പോൾ വിദ്യാഭ്യാസം നൽകി. പാർമ്മാ സർവ്വകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ അവിടെത്തന്നെ അധ്യാപകനായി ജോലി ആരംഭിച്ചു. സർവ്വകലാശാലയിലെ ലൗകായകത്വം യുവാവിന് ഇഷ്ട്ടപ്പെടാഞ്ഞതിനാൽ ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ഫൊന്തേ അവെല്ലാനാ ആശ്രമത്തിൽ ചേർന്ന് സന്ന്യാസം ആശ്ലേഷിച്ചു. നവസന്യാസിയായിരിക്കുമ്പോഴും അതിനുശേഷവും അതിരുകടന്ന പ്രായശ്ചിത്തം ചെയ്തു ക്ഷീണിച്ചു. അവിടെ അദ്ദേഹം വേദശാസ്ത്ര പണ്ഡിതനായി സഹോദര സന്യാസികൾ പഠിപ്പിക്കാൻ തുടങ്ങി. വി. റോമുവാൾഡിന്റെ ജീവചരിത്രം അദ്ദേഹം രചിച്ചു.
1043 -ൽ ഫൊന്തേ അവെല്ലാനാ ആശ്രമത്തിൽ പീറ്റർ പ്രയോരായി; മരണം വരെ ആ സ്ഥാനം അദ്ദേഹം അലങ്കരിച്ചു. അടി പ്രായശ്ചിത്തം ക്രമമായി ആശ്രമങ്ങളിൽ നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മോന്തേകസീനോയിലും അത് ആരംഭിച്ചു. ചില സന്യാസികൾക്ക് അത് ഇഷ്ടപ്പെട്ടില്ലായിരുന്നുവെങ്കിലും പെട്ടെന്ന് അതിനു പ്രചാരം സിദ്ധിച്ചു. ഊണുകഴിഞ്ഞു ചെറിയ നിദ്ര ആശ്രമങ്ങളിൽ ആരംഭിച്ചതും പ്രായശ്ചിത്ത പ്രിയനായ ഡാമിയൻ തന്നെയാണ്.
തിരുസഭയുടെ നവീകരണത്തിലും അദ്ദേഹം ശ്രദ്ധിച്ചു. ലാറ്ററൻ സൂനഹദോസിൽ സിമണിക്കെതിരായി നിയമം പാസാക്കുന്നതിൽ അദ്ദേഹവും കരുവായിരുന്നു. വൈദികരുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം എഴുതിയ “ഗോമോറോ ഗ്രന്ഥം” ഭയങ്കരമാണ്. 1057 ൽ പീറ്ററിനെ ഓസ്ത്രിയയിലെ മെത്രാനാക്കുകയും കർദ്ദിനാളായി ഉയർത്തുകയും ചെയ്തു. കർദ്ദിനാൾസ്ഥാനം അദ്ദേഹം വേണ്ടെന്നു ശഠിച്ചുവെങ്കിലും മാർപ്പാപ്പയുടെ നിർബന്ധത്തിന് അദ്ദേഹം അവസാനം വഴിപ്പെട്ട്. പല കേസുകളും തർക്കങ്ങളും മാധ്യസ്ഥം പറഞ്ഞുതീർക്കാൻ മാർപ്പാപ്പ കർദിനാൾ ഡാമിയൻ നിയോഗിച്ചിട്ടുണ്ട്. കരുണാമസൃണനായ അദ്ദേഹത്തിന്റെ നയം സദാ വിജയം വരിച്ചിരുന്നു. ആന്റിപോപ്പയായിരുന്ന മാഡലൂസിനെ അനുകൂലിച്ച റെവെന്നാ ശീശ്മക്കാരെ സ്ഥലം ആർച്ച്ബിഷപ്പ് മഹറോൻ ചൊല്ലി. കാർഡിനാൾ ഡാമിയൻ അത്യധികം അധ്വാനിച്ചു മഹാറാനിൽപ്പെട്ടവരെയെല്ലാം തിരുസ്സഭയുമായി രമ്യപ്പെടുത്തി. 1072 ഫെബ്രുവരി 21 നു പീറ്റർ ഡാമിയൻ നിര്യാതനായി. 1828 ൽ പന്ത്രണ്ടാം ലെയോൻ മാർപാപ്പ അദ്ദേഹത്തെ വേദപാരംഗതനെന്ന് നാമകരണം ചെയ്തു. കൈയിൽ ചമ്മട്ടിയോടുകൂടിയോ പേപ്പൽ ബൂളയോടുകൂടിയോ ആണ് അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കുന്നത്.
വിചിന്തനം: ക്രിസ്തുവും സഭാസേവനവും നമ്മുടെ ജീവിതത്തിന്റെ പ്രഥമ സ്നേഹമായിരിക്കട്ടെ