വി. പൗലോസ്

Fr Joseph Vattakalam
1 Min Read

 ക്രൈസ്തവ സന്യാസികൾ  ആദ്യം പ്രത്യക്ഷപ്പെട്ടത് ഈജിപ്തിലാണ്. അവരിൽ പ്രഥമനാണെന്നു പറയുന്നു പൗലോസ്. അദ്ദേഹം ഈജിപ്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കന്മാർ മരിച്ചുപോയി. എങ്കിലും വിദ്യാഭ്യാസത്തിനു കുറവൊന്നും വന്നില്ല. സേസിയൂസ് ചക്രവർത്തിയുടെ മതപീഡനത്തെ ഭയന്ന് പൗലോസ് മരുഭൂമിയിലേക്ക് ഒളിച്ചുപോയി. ഒരു ഗുഹയിൽ താമസമാക്കി. ഇലകൾകൊണ്ട് വസ്ത്രമുണ്ടാക്കി. മരുഭൂമിയിൽ ലഭിക്കുന്ന പഴങ്ങൾ ഭക്ഷിച്ച് അദ്ദേഹം ജീവിച്ചു.

22 –ാമത്തെ  വയസ്സിലാണ് പൗലോസ് മരുഭൂമിയിലേക്ക് പോയത്. മതപീഡനം സമാപിച്ചിട്ടും മരുഭൂമിയിലെ ഏകാന്തം ഉപേക്ഷിക്കണമെന്ന് അദ്ദേഹത്തിന് തോന്നിയില്ല. ദിവ്യ പ്രണിധാനത്തിന്റെ മാധുര്യം മരുഭൂമിയിൽ തുടരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 21  കൊല്ലം ഇങ്ങനെ കടന്നുപോയി. അപ്പോളിതാ ഏലിയാവിനെന്നപോലെ  പൗലോസിന് ഒരു കാക്ക ദിനംപ്രതി ഓരോ അപ്പം കൊണ്ട് വന്നു കൊടുക്കാൻ തുടങ്ങി. ഈ ജീവിതം 70  കൊല്ലത്തോളം തുടർന്നു.

അങ്ങനെയിരിക്കെ തൊണ്ണൂറുകാരനായ ആന്റണി സന്യാസി പൗലോസ് സന്യാസിയെ സന്ദർശിച്ചു. അന്ന് കാക്ക രണ്ടപ്പം കൊണ്ടുവന്നിരുന്നു. രണ്ടു സന്യാസികളും ചേർന്ന് ദൈവത്തിനു നന്ദി പറഞ്ഞു. ഭക്ഷണം കഴിഞ്ഞു ഇരുവരും തീക്ഷ്‌ണമായി പ്രാർത്ഥിച്ചു. പ്രാർത്ഥനാനന്തരം പൗലോസ് പറഞ്ഞു: “ഞാൻ താമസിയാതെ മരിക്കും. എന്റെ ശവസംസ്ക്കാരത്തിനായി ദൈവം താങ്കളെ അയച്ചതാണ്. അത്തനേഷ്യസ് താങ്കളെ ഏല്പിച്ചിട്ടുള്ള വസ്ത്രത്തിൽ എന്നെ പൊതിയണം.” ഈ വസ്ത്രത്തിന്റെ കാര്യം മനുഷ്യർ പറഞ്ഞു പൗലോസ് മനസ്സിലാക്കിയതല്ല. ദൈവം തന്നെ വെളിപ്പെടുത്തിയതാണ്.

ആന്റണി വസ്ത്രമെടുക്കാൻ പോയപ്പോൾ പൗലോസ് മഹത്വത്തോടെ സ്വർഗ്ഗത്തിലേക്ക് പോകുന്നത് അദ്ദേഹം കണ്ടു. ആന്റണി തിരിച്ചുവന്നപ്പോൾ പൗലോസ് മുട്ടുകുത്തി നിൽക്കുന്ന നിലയിൽ മരിച്ചതായിട്ടാണ് ദർശിച്ചത്. ഒരു ചെറുപുഞ്ചിരിയോടുകൂടി പ്രാർത്ഥിക്കുകയാണെന്നേ തോന്നുകയുള്ളൂ. ഒരുമിച്ചു ഒരു പ്രാർത്ഥന ചൊല്ലാൻ അദ്ദേഹം വിഫലശ്രമം നടത്തി. എന്നാൽ മറുപടി ഉണ്ടായില്ല. രണ്ടു സിംഹങ്ങൾ വന്നു ഒരു ശവക്കുഴി മാന്തിയിട്ടു  കൊടുത്തുവെന്നും ഒരു ഐതീഹ്യമുണ്ട്. പൗലോസുസന്യാസി 112 –ാമത്തെ വയസ്സിലാണ് മരിച്ചത്. തപോജീവിതം ദീർഘായുസ്സ് കുറയ്ക്കുന്നില്ലല്ലോ.

 

വിചിന്തനം: ദൈവത്തിൽ ശരണം വയ്ക്കുന്നവർ ലജ്ജിക്കയില്ല. അവിടുത്തെ ആലംബമുണ്ടായാൽ യാതൊന്നിനെയും ഭയപ്പെടേണ്ടിവരികയില്ല.

Share This Article
error: Content is protected !!