സുഭാഷിതങ്ങൾ 22:6 ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ശൈശവത്തിൽ തന്നെ നടക്കേണ്ട വഴി പഠിപ്പിക്കുക. പരിശീലിപ്പിക്കുക.വാർദ്ധക്യത്തിലും അതിൽനിന്നും വ്യതിചലിക്കുക ഇല്ല. കുഞ്ഞുങ്ങളെ കർത്താവിന്റെ നിയമങ്ങളും ധാർമിക മൂല്യങ്ങളും ബൈബിളും ക്രമാനുഗമം പഠിപ്പിക്കുക, വായിപ്പിക്കുക,ധ്യാനിക്കുക അവർ കെണിയിൽപെടാതിരിക്കും.
ദാനിയേലിന്റെ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന സൂസന്ന എന്ന കഥാപാത്രത്തിന്റെ കഥ സുവിദിതമാണ്. പ്രവാചകൻ വ്യക്തമാക്കുന്നു: ” അവളുടെ മാതാപിതാക്കൾ നീതിനിഷ്ഠരായിരുന്നു. മോശയുടെ നിയമമനുസരിച്ച് അവർ തങ്ങളുടെ മകളെ എല്ലാ കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടായിരുന്നു (ദാനി 13:3). വിവാഹിതയും പതിവ്രതമായിരുന്ന അവളിൽ രണ്ടു ശ്രേഷ്ഠന്മാർക്ക് അത്യാസക്തി ഉണ്ടായി. അവരുടെ ഇംഗിതത്തിന് അവൾ വഴങ്ങാതിരുന്ന കശ്മലന്മാർ അവൾക്കെതിരെ കള്ളകഥ മെനഞ്ഞു അവളെ കൊലയ്ക്ക് വിധിച്ചു. അവൾ നെടുവീർപ്പിട്ടു കൊണ്ട് പറയുകയാണ്:
” എല്ലാത്തരത്തിലും ഞാൻ അകപ്പെട്ടു. ഞാൻ (വ്യഭിചാരം ചെയ്യാൻ ) സമ്മതിച്ചാൽ അത് എന്റെ മരണമാണ്. സമ്മതിച്ചില്ലെങ്കിൽ നിങ്ങളുടെ കയ്യിൽ നിന്നും രക്ഷപ്പെടുകയില്ല”.
അടുത്ത വാക്യം ആണ് സവിശേഷശ്രദ്ധ അർഹിക്കുന്നത്. സൂസന്നയുടെ മാതാപിതാക്കളുടെ നീതി നിഷ്ഠയും അവർ അവളിൽ രൂപപ്പെടുത്തിയ ദൈവത്തിലുള്ള പതറാത്ത വിശ്വാസവും പാപബോധം പ്രകടമാക്കി കൊണ്ട് പാപത്തെക്കാൾ നല്ലത് മരണമെന്ന അത്യുദാത്ത ക്രൈസ്തവ, രക്തസാക്ഷി മനോഭാവം ഇങ്ങനെ പ്രഖ്യാപിക്കാൻ അവളെ പ്രേരിപ്പിക്കുന്നു :
” കർത്താവിന്റെ മുമ്പിൽ പാപം ചെയ്യുന്നതിനേക്കാൾ, നിങ്ങൾക്ക് വഴങ്ങാതെ, നിങ്ങളുടെ പിടിയിൽ പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്” ( ദാനി 13:23).
ഓരോ മാതാവിനും പിതാവിനും ചെയ്യാവുന്ന ഏറ്റവും നല്ല ഒരു കാര്യമായിരിക്കും ദാനിയേൽ 13 മുഴുവൻ വായിച്ച് മക്കൾക്കു വിശദീകരിച്ചു കൊടുക്കുക എന്നത്. അങ്ങേയറ്റം അനുഗ്രഹപ്രദമായ കാര്യവും ആയിരിക്കും അത്.